ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ധനസഹായം നിര്‍ത്തി

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ധനസഹായം നിര്‍ത്തി


ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനു നല്‍കുന്ന ധനസഹായം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിര്‍ത്തി. കായിക വികസന പദ്ധതികള്‍ക്കായുള്ള ഒളിമ്പിക് സോളിഡാരിറ്റി ഗ്രാന്റുകളാണ് തടഞ്ഞു വച്ചത്. 

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗമാണ് തീരുമാനമെടുത്തത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയെ ഇക്കാര്യം കത്തിലൂടെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അഭിമുഖീകരിക്കുന്ന ആഭ്യന്തര തര്‍ക്കങ്ങളും ഭരണപ്രശ്‌നങ്ങളും പ്രകടമാണെന്നും ഈ സാഹചര്യം കൂടുതല്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നതിനാല്‍ വ്യക്തത ആവശ്യമാണെന്നും പരാമര്‍ശിച്ചു കൊണ്ടാണ് ഫണ്ട് തടയുന്നതിനെക്കുറിച്ച് എ ഒ സി അറിയിച്ചിരിക്കുന്നത്. കൂടുതല്‍ അറിയിപ്പ് ലഭിക്കുന്നതു വരെ ഒളിമ്പിക് അസോസിയേഷനുകള്‍ വഴി നേരിട്ടുള്ള പണം മാത്രമേ നല്‍കുകയുള്ളൂ.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റായ പി ടി ഉഷയ്‌ക്കെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം സജീവമാണ്. അടുത്ത പ്രത്യേക ജനറല്‍ ബോഡിയില്‍ അവിശ്വാസം അവതരിപ്പിക്കും. അതിനിടെയാണ് ഐഒസിയുടെ അപ്രതീക്ഷിത തിരിച്ചടി.