ന്യൂയോര്‍ക്ക്: നോര്‍വേയുടെ സൂപ്പര്‍താരം എര്‍ളിംഗ് ഹാലാന്റിന്റെ ഇരട്ടഗോളുകളുടെ മികവില്‍ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നോര്‍വേ 2026 ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഇതോടെ അഞ്ചുതവണ ലോകചാമ്പ്യന്‍മാരായ ബ്രസീല്‍ 1990ന് ശേഷം ലോകകപ്പില്‍ നിന്നും ഏറ്റവും നേരത്തേ പുറത്തായി.
ഒര്‍ജാന്‍ നൈലന്റ് നടത്തിയ അതുല്യ ഗോള്‍കീപ്പിംഗ് പ്രകടനമാണ് നോര്‍വേയുടെ വിജയത്തിന് അടിത്തറയിട്ടത്. ആദ്യ പകുതിയില്‍ ബ്രൂണോ ഗ്വിമാറസ് എടുത്ത പെനാല്‍റ്റി നൈലന്റ് തടഞ്ഞു. തുടര്‍ന്ന് മത്സരത്തിന്റെ അവസാന 11 മിനിറ്റിനിടെ ഹാലന്‍ഡ് നേടിയ രണ്ട് ഗോളുകള്‍ ബ്രസീലിനെ ഞെട്ടിച്ചു. ഇന്‍ജുറി ടൈമിന്റെ അവസാനഘട്ടത്തില്‍ ലഭിച്ച രണ്ടാമത്തെ പെനാല്‍റ്റി നെയ്മര്‍ ഗോളാക്കി മാറ്റിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.
ടൂര്‍ണമെന്റില്‍ ഹാലന്‍ഡിന്റെ ഗോള്‍നേട്ടം ഏഴായി. ഇതോടെ ലയണല്‍ മെസ്സിയുടെ ഗോള്‍നേട്ടത്തിനൊപ്പമെത്തിയ ഹാലന്‍ഡ് ജൂലൈ 11ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മെക്‌സിക്കോ-ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ നേരിടും.
ലോകകപ്പ് കിരീടത്തിനായുള്ള 24 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാന്‍ പരിശീലകനായി കാര്‍ലോ അന്‍സിലോട്ടിയെ നിയമിച്ച ബ്രസീലിന് തുടര്‍ച്ചയായ ആറാം ലോകകപ്പിലും യൂറോപ്യന്‍ ടീമിനോടാണ് തോല്‍വി വഴങ്ങേണ്ടിവന്നത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ നോര്‍വേ ലീഡ് നേടിയെന്ന് കരുതിയെങ്കിലും പാട്രിക്ക് ബെര്‍ഗിന്റെ ഗോള്‍ ഓഫ്‌സൈഡിനെ തുടര്‍ന്ന് അനുവദിച്ചില്ല. പിന്നീട് ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി വി എ ആര്‍ പരിശോധനയ്ക്ക് ശേഷമാണ് അനുവദിച്ചത്. എന്നാല്‍ ബ്രൂണോ ഗിമറയേസിന്റെ ഷോട്ട് നൈലന്‍ഡ് മനോഹരമായി രക്ഷപ്പെടുത്തി.
ബ്രസീലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടെ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, വിനിഷ്യസ് ജൂനിയര്‍ എന്നിവരുടെ ശ്രമങ്ങളും നൈലന്‍ഡ് തകര്‍പ്പന്‍ സേവുകളിലൂടെ തടഞ്ഞു. മറുവശത്ത് ഹാലന്‍ഡും മാര്‍ട്ടിന്‍ ഒഡെഗാര്‍ഡും ചേര്‍ന്ന് നോര്‍വേയ്ക്ക് അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയില്‍ നോര്‍വേ പരിശീലകന്‍ സ്‌റ്റെയ്ല്‍ സോല്‍ബക്കന്‍ നടത്തിയ മാറ്റങ്ങള്‍ ടീമിന് ഉണര്‍വേകി. എന്നാല്‍ ബ്രസീലിന്റെ പകരക്കാരനായി ഇറങ്ങിയ എന്‍ഡ്രിക്ക് ലഭിച്ച മികച്ച അവസരം ലക്ഷ്യത്തിലെത്തിക്കാനായില്ല.
67-ാം മിനിറ്റില്‍ നെയ്മര്‍ കളത്തിലിറങ്ങിയതോടെ ബ്രസീലിന്റെ ആക്രമണം ശക്തമായെങ്കിലും ആദ്യം ഗോള്‍ നേടിയത് നോര്‍വേയാണ്. ഇടതുവിങ്ങില്‍ നിന്ന് ആന്‍ഡ്രിയസ് സ്‌കെല്‍ഡിറപ് നല്‍കിയ ക്രോസില്‍ ഹാലന്‍ഡ് ഉയര്‍ന്ന് ചാടി ഹെഡറിലൂടെ വലകുലുക്കി.
90-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് ഹാലന്‍ഡ് നേടിയ ശക്തമായ ഷോട്ട് ബ്രസീലിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. ഇന്‍ജുറി ടൈമിന്റെ പത്താം മിനിറ്റില്‍ കാസ്മിറോയ്‌ക്കെതിരായ ഫൗളിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി നെയ്മര്‍ ഗോളാക്കിയെങ്കിലും മത്സരം നോര്‍വേ 2-1ന് സ്വന്തമാക്കി.
