ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ പുരുഷ, വനിതാ ടി20 ലോകകപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക തുല്യമാക്കി ഐ സി സി. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുക വനിതാ ചാംപ്യന്‍മാര്‍ക്ക് നല്‍കുന്നത്. അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പ് മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും.
2.34 ലക്ഷം യു എസ് ഡോളറാണ് (ഏകദേശം 19.5 കോടി ഇന്ത്യന്‍ രൂപ) കിരീടം നേടുന്ന ടീമിനു സമ്മാനത്തുകയായി ലഭിക്കുക. 2023ല്‍ ഇത് 8 കോടി രൂപയായിരുന്നു.
റണ്ണര്‍ അപ്പ് ടീമിന് 14 കോടിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 6 കോടി രൂപയുമാണ് ലഭിക്കുക. കൂടാതെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുന്ന ടീമുകള്‍ക്കും ഗ്രൂപ്പ് സ്റ്റേജില്‍ പുറത്താകുന്ന ടീമുകള്‍ക്കും തുക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 78 ശതമാനമാണ് വര്‍ധന.
എല്ലാ സമ്മാന തുകയും കൂടി ചേര്‍ത്താല്‍ അറുപത്താറര കോടിയോളം രൂപ ഐ സി സി ചെലവഴിക്കും. ഇത്തവണ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളാണ് വനിതാ ടി20 ലോകകപ്പിനു വേദിയാകുന്നത്. ഒക്ടോബര്‍ 3 മുതല്‍ 20 വരെയാണ് മത്സരങ്ങള്‍. 20നാണ് ഫൈനല്‍.