വാഷിംഗ്ടണ്‍: ഡാര്‍ക്ക് വെബ് ചോര്‍ച്ചയിലൂടെ മൂന്നു കോടിയോളം ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സൈബര്‍ സുരക്ഷാ വീഴ്ചയായാണ് ഇതിനെ കണക്കാക്കുന്നത്. സൈബര്‍ ലോകത്തെ ആശങ്കയിലാഴ്ത്തിയ സുരക്ഷാ വീഴചയെ സംബന്ധിച്ച് യു.എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 8 ന് സൈബര്‍ ക്രൈം ഗ്രൂപ്പായ USDoD ഡാര്‍ക്ക് വെബില്‍ നാഷണല്‍ പബ്ലിക് ഡേറ്റ എന്ന ഡേറ്റാബേസ് പോസ്റ്റ് ചെയ്തതിന് ശേഷമാണ് ലംഘനം നടന്നതെന്ന് പറയപ്പെടുന്നു. ഏകദേശം മൂന്ന് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ഇതിലൂടെ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ 35 ലക്ഷം ഡോളറിന് വില്‍ക്കാനാണ് പദ്ധതിയിട്ടത്. ഇത് യഥാര്‍ത്ഥത്തില്‍ ഏപ്രിലില്‍ പോസ്റ്റ് ചെയ്തതാണെങ്കിലും, ഫ്ളോറിഡയിലെ സതേണ്‍ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ഓഗസ്റ്റ് 1 ന് മാത്രമാണ് ഇതു സംബന്ധിച്ച ഒരു പരാതി ഫയല്‍ ചെയ്തത്.
ബാക്ഗ്രൗണ്ട് പരിശോധനയും വഞ്ചനയും തടയല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്ന 'നാഷണല്‍ പബ്ലിക് ഡേറ്റ'യില്‍ നിന്നാണ് ഇത്രയധികം ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയത്. വിവിധ പബ്ലിക് റെക്കോര്‍ഡ് ഡേറ്റാബേസുകള്‍, കോടതി റെക്കോര്‍ഡുകള്‍, സംസ്ഥാന, ദേശീയ ഡാറ്റാബേസുകള്‍, രാജ്യത്തുടനീളമായി ശേഖരിക്കുന്ന മറ്റ് ഡേറ്റകള്‍ എന്നിവയില്‍ നിന്നുള്ള ഡേറ്റയുള്‍പ്പെടുന്നതാണ് തങ്ങളുടെ ഡേറ്റയെന്ന് സ്ഥാപനം പറയുന്നു. വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കാട്ടിയാണ് കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
ഡാര്‍ക്ക് വെബിലൂടെ ചോര്‍ന്നത് മൂന്നു കോടിയോളം ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍