അഴിമതിക്കേസില്‍ ഖലീദ സിയയെ ബംഗ്ലാദേശ് സുപ്രീം കോടതി കുറ്റവിമുക്തയാക്കി

അഴിമതിക്കേസില്‍ ഖലീദ സിയയെ ബംഗ്ലാദേശ് സുപ്രീം കോടതി കുറ്റവിമുക്തയാക്കി


ധാക്ക: അഴിമതിക്കേസില്‍ വിചാരണ നേരിട്ട മുന്‍ പ്രധാനമന്ത്രിയും ബിഎന്‍പി അധ്യക്ഷയുമായ ഖലീദ സിയയെ ബംഗ്ലാദേശ് സുപ്രീം കോടതി കുറ്റവിമുക്തയാക്കി. പത്ത് വര്‍ഷത്തെ തടവിന് ശിക്ഷിച്ച ഹൈക്കോടതിയുടെ നടപടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

ചീഫ് ജസ്റ്റിസ് സയീദ് റെഫാത് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് 79കാരിയായ ഖാലിദ സിയ ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചതെന്ന് ധാക്ക ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖാലിദ സിയയെയും പാര്‍ട്ടിയുടെ ആക്ടിങ് ചെയര്‍മാന്‍ താരിഖ് റഹ്മാനെയും അനാഥാലയ ട്രസ്റ്റ് അഴിമതിയുമായി ബന്ധപ്പെട്ട് സംശയിക്കുന്ന മറ്റ് എല്ലാവരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. പ്രതികാര നടപടിയായാണ് ഇത്തരമൊരു കേസ് ഉണ്ടായയെന്നും കോടതി നിരീക്ഷിച്ചു.

2018 ഫെബ്രുവരി എട്ടിനാണ് സിയയെ ധാക്കയിലെ പ്രത്യേക കോടതി ജഡ്ജി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. സിയ അനാഥാലയ ട്രസ്റ്റിന്റെ പേരില്‍ സര്‍ക്കാര്‍ പണം തട്ടിച്ചതിനാണ് ശിക്ഷിച്ചത്. ഇതേ വിധിയില്‍ തന്നെ ഖാലിദ സിയയുടെ മകന്‍ താരിഖ്, മുന്‍ ചീഫ് സെക്രട്ടറി കമല്‍ ഉദ്ദിന്‍ സിദ്ദിഖി അടക്കം മറ്റ് അഞ്ച് പേര്‍ക്ക് പത്ത് വര്‍ഷം കഠിന തടവും കോടതി വിധിച്ചു. ഓരോ കുറ്റവാളികള്‍ക്കും 2.1 കോടി ധാക്ക രൂപ പിഴയും ശിക്ഷിച്ചിരുന്നു. പ്രതികളില്‍ താരിഖ്, സിദ്ദിഖി, സിയാവുര്‍ റഹ്മാന്റെ അനന്തരവന്‍ മോമിനുര്‍ റഹ്മാന്‍ എന്നിവര്‍ ഒളിവിലായിരുന്നു.

വിചാരണക്കോടതിയുടെ ശിക്ഷയില്‍ ഇളവ് തേടി ഹൈക്കോടതിയെ ഖാലിദ സമര്‍പ്പിച്ചപ്പോള്‍ ശിക്ഷാ കാലവധി പത്ത് വര്‍ഷമാക്കി ഉയര്‍ത്തുകയാണ് കോടതി ചെയ്തത്. ജസ്റ്റിസുമാരായ എനയത്തൂര്‍ റഹീം, മുഹമ്മദ് മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷാകാലാവധി 2018 ഒക്ടോബര്‍ മുപ്പതിന് പത്ത് വര്‍ഷമാക്കി ഉയര്‍ത്തിയത്. ഇതിനെതിരെ പിന്നീട് ഖാലിദ സിയ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും നിയമനടപടികള്‍ക്കും ഒടുവില്‍ 2024 നവംബര്‍ പതിനൊന്നിനാണ് സിയയുടെ ഹര്‍ജി സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. തുടര്‍ന്ന് നേരത്തെ നടന്ന വിചാരണയില്‍ ഹൈക്കോടതിയുടെ പത്ത് വര്‍ഷത്തെ തടവ് കോടതി സ്റ്റേ ചെയ്തു.

ഇന്ന് നടന്ന അന്തിമ വാദത്തില്‍ സിയയെ കുറ്റവിമുക്ത ആക്കുകയായിരുന്നു. അസുഖ ബാധിതയായി സിയ ഈ മാസം ആദ്യം ചികിത്സകള്‍ക്കായി ലണ്ടനിലേക്ക് പോയിരുന്നു. 1991 മാര്‍ച്ച് മുതല്‍ 1996 മാര്‍ച്ച് വരെയാണ് ഇവര്‍ രാജ്യത്തെ പ്രധാനമന്ത്രിപദത്തിലുണ്ടായിരുന്നത്. പിന്നീട് 2001 ജൂണ്‍ മുതല്‍ 2006 ഒക്ടോബര്‍ വരെയും ഇവര്‍ പ്രധാനമന്ത്രിയായി.