നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍; ഹൈക്കോടതി കേസ് തീര്‍പ്പാക്കി

നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍; ഹൈക്കോടതി കേസ് തീര്‍പ്പാക്കി


കൊച്ചി : ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് അറിയിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മാധ്യമങ്ങള്‍ വന്നുചോദിച്ചപ്പോഴുണ്ടായ പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് മാപ്പ് സ്വീകരിച്ച് കോടതി കേസ് തീര്‍പ്പാക്കി. ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാത്ത ബോബി ചെമ്മണ്ണൂരിന്റെ നടപടിയിലും തുടര്‍ന്നുണ്ടായ പ്രവര്‍ത്തിയിലും കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

അയാള്‍ ഇന്നിറങ്ങിയാലും നാളെ ഇറങ്ങിയാലും കുഴപ്പമില്ല. കോടതിയെ വെല്ലുവിളിക്കുകയാണ്. അത് അംഗീകരിക്കാന്‍ സാധിക്കില്ല. പ്രഥമദൃഷ്ട്യാ ബോബി ചെമ്മണ്ണൂര്‍ തെറ്റുകാരനാണ് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. തുടര്‍ന്ന് ഇനി മേലാല്‍ വായ തുറക്കില്ലെന്ന് ബോബിയുടെ അഭിഭാഷകന്‍ അറിയിച്ചു. ബാക്കിയുള്ള അന്തേവാസികളുടെ വക്കാലത്ത് ഏറ്റെടുക്കുന്നത് കോടതിയെ വെല്ലുവിളിക്കുന്നതാണ് കോടതി നിരീക്ഷിച്ചു.

നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നാടകീയ സംഭവങ്ങളായിരുന്നു ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം ഉണ്ടായത്. ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരാന്‍ തീരുമാനിച്ചത്.