ന്യൂയോര്‍ക്ക്: ചൈനീസ് എഐ ചാറ്റ്‌ബോട്ട് ഡീപ്‌സീക് പെട്ടെന്ന് ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് പ്രധാന യു എസ് ടെക്‌നോളജി സ്ഥാപനങ്ങളിലെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു.
കഴിഞ്ഞയാഴ്ച ആരംഭിച്ച ഡീപ്‌സീക് എതിരാളികളായ ചാറ്റ്ജിപിടി ഉള്‍പ്പെടെയുള്ളവയെ മറികടന്ന് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത സൗജന്യ ആപ്പായി മാറി.
തിങ്കളാഴ്ച യു എസ് വിപണികള്‍ തുറക്കുന്നതിന് മുമ്പ് യു എസ് ആസ്ഥാനമായുള്ള എഐയുമായി ബന്ധപ്പെട്ട സാങ്കേതിക സ്ഥാപനങ്ങളായ എന്‍വിഡിയ, മൈക്രോസോഫ്റ്റ്, മെറ്റ എന്നിവയുടെയെല്ലാം ഓഹരികളില്‍ ഇടിവുണ്ടായി.
അമേരിക്കന്‍ എഐ എതിരാളികളേക്കാള്‍ വളരെ കുറഞ്ഞ ചെലവിലാണ് ഡീപ്‌സീക് വികസിപ്പിച്ചെടുത്തത് എന്നതിനാല്‍ അമേരിക്കന്‍ എഐ ആധിപത്യത്തിന്റെ ഭാവിയെക്കുറിച്ചും യു എസ് സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യുന്ന നിക്ഷേപങ്ങളുടെ വ്യാപ്തിയെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നു.
ഓപ്പണ്‍ സോഴ്സ് ഡീപ്‌സീക്-വി3 മോഡല്‍ നല്‍കുന്ന ആപ് ആറ് മില്യണ്‍ ഡോളറില്‍ താഴെ ചെലവിലാണ് വകസിപ്പിച്ചതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഡീപ്‌സീകിന്റെ എതിരാളികളാവട്ടെ 10 മില്യണ്‍ മുതല്‍ ഒരു ബില്യണ്‍ വരെ ഡോളറാണ് ചെലവഴിച്ചിരിക്കുന്നത്. എന്നാല്‍ എഐ രംഗത്തെ പലരും ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.
എഐ ശക്തമാക്കുന്ന നൂതന ചിപ്പ് സാങ്കേതികവിദ്യ ചൈനയ്ക്ക് വില്‍പ്പന നടത്തുന്നത് യു എസ് നിയന്ത്രിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡീപ്‌സീക്ക് ഉദയം ചെയ്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ഇറക്കുമതി ചെയ്ത നൂതന ചിപ്പുകളില്ലാതെ പ്രവര്‍ത്തിക്കാന്‍ ചൈനീസ് എഐ ഡെവലപ്പര്‍മാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പരസ്പരം പങ്കിടുകയും സാങ്കേതികവിദ്യയില്‍ പുതിയ സമീപനങ്ങള്‍ പരീക്ഷിക്കുകയും ചെയ്തു. അതോടെ നേരത്തെ ആവശ്യമുള്ളതിനേക്കാള്‍ വളരെ കുറഞ്ഞ കമ്പ്യൂട്ടിംഗ് പവര്‍ ആവശ്യമുള്ള എഐ മോഡലുകള്‍ രംഗത്തെത്താന്‍ ഇത് കാരണമായി. മുമ്പ് കരുതിയതിനേക്കാള്‍ കുറഞ്ഞ് ചെലവ് മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്.
ഈ മാസം ആദ്യം ഡീപ്‌സീക്-ആര്‍1 അവതരിപ്പിച്ചതിന് ശേഷം ചാറ്റ്ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐയുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നിന് സമാനമായ പ്രകടനം നടത്തുന്നതായി കമ്പനി വ്യക്തമാക്കി. ഗണിതം, കോഡിംഗ് തുടങ്ങിയവയ്‌ക്കെല്ലാം ഉപയോഗിക്കാനാവും.
1957ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച സ്പുട്‌നിക് നേട്ടത്തിലൂടെ അമേരിക്ക അമ്പരന്നതിനെ ഓര്‍ത്ത്
സിലിക്കണ്‍ വാലി വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റും ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവുമായ മാര്‍ക്ക് ആന്‍ഡ്രീസെന്‍ ഡീപ്‌സീക്- ആര്‍1നെ 'എഐയുടെ സ്പുട്‌നിക് നിമിഷം' എന്നാണ് വിശേഷിപ്പിച്ചത്.
ഡീപ്സീക്കിന്റെ ജനപ്രീതിയാണ് വിപണികളെ ഞെട്ടിച്ചത്. ഡച്ച് ചിപ്പ് ഉപകരണ നിര്‍മ്മാതാക്കളായ എഎസ്എംഎല്ലിന്റെ ഓഹരി വില 10 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. എന്നാല്‍ എഐയുമായി ബന്ധപ്പെട്ട ഹാര്‍ഡ്വെയര്‍ നിര്‍മ്മിക്കുന്ന സീമെന്‍സ് എനര്‍ജിയുടെ ഓഹരികള്‍ക്ക് 21 ശതമാനം ഇടിവാണ് സംഭവിച്ചത്.
'കുറഞ്ഞ വിലയുള്ള ചൈനീസ് പതിപ്പിന്റെ ആശയം മുന്‍നിരയില്‍ എത്തിയിട്ടില്ലാത്തതിനാല്‍ വിപണിയെ അത്ഭുതപ്പെടുത്തിയെന്നാണ് സിറ്റി ഇന്‍ഡക്സിലെ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് ഫിയോണ സിന്‍കോട്ട പറഞ്ഞത്. അതുകൊണ്ടുതന്നെ എഐ അടിസ്ഥാനസൗകര്യങ്ങളില്‍ തുക നിക്ഷേപിച്ചത് കണക്കിലെടുക്കുമ്പോള്‍ എതിരാളികളുടെ ലാഭത്തെക്കുറിച്ച് ആശങ്കകള്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
എഐ വിതരണ ശൃംഖലയുടെയും നിക്ഷേപത്തെ കുറിച്ചുള്ള പ്രതീക്ഷകളെ തെറ്റിക്കാന്‍ സാധ്യതയുണ്ടെന്നാണ് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ടെക്നോളജി ഇക്വിറ്റി ഉപദേഷ്ടാവായ വെയ്-സെര്‍ണ്‍ ലിംഗ് ബിബിസിയോട് പറഞ്ഞത്.
ഓപ്പണ്‍എഐ പോലുള്ള അമേരിക്കന്‍ കമ്പനികളുടെ ആധിപത്യ നിലപാടുകളെ ഡീപ്സീക്ക് വെല്ലുവിളിച്ചേക്കാമെന്നും ചൈനീസ് സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവരുടെ വികസനത്തെ തടസ്സപ്പെടുത്തിയേക്കുമെന്നും വാള്‍ സ്ട്രീറ്റ് ബാങ്കിംഗ് ഭീമനായ സിറ്റി മുന്നറിയിപ്പ് നല്‍കി.
യു എസ് ടെക് സ്ഥാപനങ്ങളുടെയും വിദേശ നിക്ഷേപകരുടെയും കണ്‍സോര്‍ഷ്യം ടെക്‌സസിലെ എഐ ഇന്‍ഫ്രാസ്ട്രക്ചറില്‍ 500 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്ന കമ്പനിയായ ദി സ്റ്റാര്‍ഗേറ്റ് പ്രോജക്ട് കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്.