സൂര്യനെ കൂടുതല്‍ അറിയാന്‍ ഐഎസ്ആര്‍ഒയുടെ പ്രോബ-3 സോളാര്‍ ദൗത്യം; വിക്ഷേപണം വിജയകരം

സൂര്യനെ കൂടുതല്‍ അറിയാന്‍ ഐഎസ്ആര്‍ഒയുടെ പ്രോബ-3 സോളാര്‍ ദൗത്യം; വിക്ഷേപണം വിജയകരം


ശ്രീഹരിക്കോട്ട: സൂര്യന്റെ കൊറോണയെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള ഐഎസ്ആര്‍ഒയുടെ പ്രോബ-3 സോളാര്‍ ദൗത്യത്തിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നുമാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി59 റോക്കറ്റില് വിക്ഷേപിച്ചത്. ഡിസംബര്‍ 5 വ്യാഴാഴ്ച വൈകിട്ട് 4.04ന് ആയിരുന്നു വിക്ഷേപണം.

യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെയും ഐഎസ്ആര്‍ഒ കൊമേഴ്ഷ്യല്‍ വിഭാഗം ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്റെയും നേതൃത്വത്തിലാണ് ദൗത്യം. ഓക്യുല്‍റ്റര്‍, കൊറോണഗ്രാഫ് എന്നീ ഉപഗ്രഹങ്ങളെയാണ് പ്രോബ-3 ദൗത്യത്തില്‍ പഠനത്തിനായി അയച്ചത്. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ട്ടിക്കാനും തുടര്‍ന്ന് സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കാനുമാണ് പ്രോബ-3 ദൗത്യം ലക്ഷ്യമിടുന്നത്. ഇതിനായാണ് രണ്ട് ഉപഗ്രഹങ്ങളെ അയച്ചത്.

സൗരയൂഥത്തിലെ കൊറോണയെക്കുറിച്ച് പഠിക്കാന്‍ ഉചിതം സൂര്യഗ്രഹണ സമയമായതിനാല്‍ രണ്ട് പേടകങ്ങള്‍ കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കും. ഇതിനായി ഒരു പേടകത്തിന് മുന്നില്‍ അടുത്ത പേടകം സ്ഥാപിക്കും. ഒരു ഉപഗ്രഹം മറ്റൊരു ഉപഗ്രഹത്തില്‍ നിഴല്‍ വീഴ്ത്തുമ്പോള്‍ സൂര്യഗ്രഹണം ദൃശ്യമാകും. തുടര്‍ന്ന് നടത്തുന്ന പഠനം സൂര്യനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതില്‍ നിര്‍ണായകമായിരിക്കും.

ഭൂമിയിലെ ഉപഗ്രഹ ആശയവിനിമയം വരെ തടസ്സപ്പെടുത്തുന്ന സൗര കൊടുങ്കാറ്റുകള്‍ ഉത്ഭവിക്കുന്നത് കൊറോണയില്‍ നിന്നാണ്. പ്രോബ-3 ദൗത്യം കൊറോണയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിന് സഹായകമാവും. ഇന്നലെ (ഡിസംബര്‍ 4) ആയിരുന്നു പ്രോബ-3 വിക്ഷേപിക്കാനിരുന്നത്. എന്നാല്‍ പേടകത്തിലെ സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടി ദൗത്യം ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു.