ആപ്പിളിൽ നേതൃമാറ്റം: ടിം കുക്ക് പിന്മാറുന്നു, ജോൺ ടെർണസ് പുതിയ സിഇഒ

ആപ്പിളിൽ നേതൃമാറ്റം: ടിം കുക്ക് പിന്മാറുന്നു, ജോൺ ടെർണസ് പുതിയ സിഇഒ


ലോകത്തിലെ പ്രമുഖ ടെക് കമ്പനിയായ ആപ്പിളിൽ വലിയ നേതൃമാറ്റം പ്രഖ്യാപിച്ചു. കമ്പനിയുടെ സിഇഒയായ ടിം കുക്ക് സെപ്തംബർ 1 ന് സ്ഥാനമൊഴിയുമെന്ന് അറിയിച്ചു. അദ്ദേഹത്തിന് പകരം ഹാർഡ്‌വെയർ എൻജിനീയറിംഗ് വിഭാഗത്തിന്റെ സീനിയർ വൈസ് പ്രസിഡന്റ്  ജോൺ ടെർണസ്  സിഇഒയായി ചുമതലയേൽക്കും.

ഏപ്രിൽ 20ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ തീരുമാനം അറിയിച്ചത്. ദീർഘകാല പദ്ധതിയുടെ ഭാഗമായി ആലോചിച്ചെടുത്ത ഉത്തരവാദിത്വ കൈമാറ്റമാണിതെന്ന് കമ്പനി വ്യക്തമാക്കി. സ്ഥാനമൊഴിഞ്ഞതിന് ശേഷം കുക്ക് കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായി തുടരും.

2011ൽ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സിൽ നിന്ന് സിഇഒ പദവി ഏറ്റെടുത്ത കുക്ക്, ആപ്പിളിനെ മൾട്ടിബില്ല്യൺ ഡോളർ കമ്പനിയായും ആഗോള ശക്തിയായും ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. വെയറബിൾ ടെക്‌നോളജി, കസ്റ്റം ചിപ് വികസനം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റങ്ങൾ അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ഉണ്ടായത്.

2001ൽ ആപ്പിളിൽ ചേർന്ന ടെർണസ്, അടുത്തകാലത്ത് മാക് കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. 'എൻജിനീയറുടെ ചിന്തയും നവോത്ഥാനത്തിന്റെ ആത്മാവുമുള്ള വ്യക്തിയാണ് ടെർണസ്,' എന്ന് കുക്ക് അഭിപ്രായപ്പെട്ടു.

എന്നാൽ ഈ പ്രഖ്യാപനം വിപണിയെ അമ്പരപ്പിച്ചു. അടുത്തിടെ വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങൾ കുക്ക് തള്ളിയിരുന്നു. അതിനാൽ തന്നെ ഈ സമയം തെരഞ്ഞെടുപ്പ് അപ്രതീക്ഷിതമാണെന്നാണ് വിശകലന വിദഗ്ദ്ധർ പറയുന്നത്. കമ്പനിയുടെ വരാനിരിക്കുന്ന സാമ്പത്തിക ഫലപ്രഖ്യാപനത്തിന് മുൻപായാണ് ഈ മാറ്റം എന്നതും ശ്രദ്ധേയമാണ്.

ഇതിനിടെ, കൃത്രിമ ബുദ്ധി (AI) രംഗത്ത് ആപ്പിൾ പിന്നിലായെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. ആൽഫബെറ്റ് ,മൈക്രോസോഫ്റ്റ്  പോലുള്ള എതിരാളികൾ വലിയ നിക്ഷേപങ്ങളുമായി മുന്നേറുമ്പോൾ, ആപ്പിൾ ഗൂഗിളിന്റെ ജെമിനി സാങ്കേതികവിദ്യയിലേക്കാണ് അടുത്തിടെ ആശ്രയം വർധിപ്പിച്ചത്.

കുക്കിന്റെ 15 വർഷത്തെ നേതൃത്വത്തിൽ ആപ്പിളിന്റെ വിപണി മൂല്യം 1000 ശതമാനത്തിലധികം ഉയർന്ന് ഏകദേശം 4 ട്രില്യൺ ഡോളറായി. വരുമാനവും നാലിരട്ടിയിലധികം വർധിച്ചു. 200ലധികം രാജ്യങ്ങളിൽ സാന്നിധ്യം ഉറപ്പിച്ച ആപ്പിൾ, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള കമ്പനികളിൽ ഒന്നായി മാറി.

ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാനുള്ള വലിയ വെല്ലുവിളിയാണ് പുതിയ സിഇഒയായ ടെർണസിന് മുന്നിലുള്ളത്.