പാകിസ്ഥാനെ വിശ്വസിക്കില്ലെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഗ്രഹാം

പാകിസ്ഥാനെ വിശ്വസിക്കില്ലെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഗ്രഹാം


വാഷിങ്ടണ്‍: യു എസ്- ഇറാന്‍ ചര്‍ച്ചകളില്‍ പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെതിരെ വിമര്‍ശനവുമായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സി ഗ്രഹാം. ഇറാന്റെ സൈനിക വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ രഹസ്യമായി താവളം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഗ്രഹാമിന്റെ പ്രതികരണം.

സെനറ്റ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റിക്കിടെയാണ് ഗ്രഹാം പാകിസ്ഥാന്റെ വിശ്വാസ്യത ചോദ്യം ചെയ്തത്.

തനിക്ക് പാകിസ്ഥാനെ തീരെ വിശ്വാസമില്ലെന്നും ഇറാന്റെ സൈനിക വിമാനങ്ങള്‍ പാകിസ്ഥാന്‍ വ്യോമതാവളങ്ങളില്‍ പാര്‍ക്ക് ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മധ്യസ്ഥനായി മറ്റൊരാളെ തേടേണ്ട സമയമായെന്നാണ് വ്യക്തമാകുന്നതെന്നും അതുകൊണ്ടാണ് ചര്‍ച്ചകള്‍ മുന്നോട്ട് പോകാത്തതെന്നും ഗ്രഹാം പറഞ്ഞു.

ഏപ്രിലിലെ താത്ക്കാലിക വെടിനിര്‍ത്തലിന് പിന്നാലെ ഇറാന്‍ തങ്ങളുടെ ചില സൈനിക വിമാനങ്ങളും ഉപകരണങ്ങളും പാകിസ്ഥാനിലെ നൂര്‍ ഖാന്‍ എയര്‍ബേസിലേക്ക് മാറ്റിയെന്നായിരുന്നു സി ബി എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. യു എസ്- ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാനാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

ഇറാന്റെ ആര്‍സി-130 നിരീക്ഷണ വിമാനം ഉള്‍പ്പെടെയുള്ള ചില സൈനിക വിമാനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായ സമയത്ത് ഇറാന്റെ സൈനിക ശേഷിക്ക് പാകിസ്ഥാന്‍ സുരക്ഷിത അഭയം നല്‍കിയെന്നാണ് അമേരിക്കന്‍ വൃത്തങ്ങള്‍ ആരോപിക്കുന്നത്.

ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലാണ് സമീപകാലത്ത് പാകിസ്ഥാന്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ പരാമര്‍ശങ്ങള്‍ ഉണ്ടായതെന്ന് ഗ്രഹാം കരുതുന്നു.

സോഷ്യല്‍ മീഡിയയിലൂടെയും ഗ്രഹാം ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ യു എസ്- ഇറാന്‍ നയതന്ത്ര ചര്‍ച്ചകളില്‍ പാകിസ്ഥാന്റെ പങ്ക് പൂര്‍ണമായും പുനഃപരിശോധിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്തിനോടും ഗ്രഹാം വിശദീകരണം തേടി. പാകിസ്ഥാനിലെ ഇറാനിയന്‍ വിമാനങ്ങളെക്കുറിച്ച് പെന്റഗണിന് വിവരം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഹെഗ്‌സത്ത് നേരിട്ട് മറുപടി നല്‍കിയില്ല. നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ അതിനെ  ബാധിക്കാതിരിക്കാനാണ് പ്രതികരണം ഒഴിവാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

സി ബി എസ് റിപ്പോര്‍ട്ടിനെ കുറിച്ച് പാകിസ്ഥാന്‍ ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും അനുമാനത്തില്‍ അധിഷ്ഠിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ്  ഒരു മുതിര്‍ന്ന പാകിസ്ഥാന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. നൂര്‍ ഖാന്‍ എയര്‍ബേസ് ജനസാന്ദ്രത കൂടിയ നഗരമേഖലയിലാണുള്ളതെന്നും വിദേശ സൈനിക വിമാനങ്ങളുടെ വലിയ സാന്നിധ്യം അവിടെ മറച്ചുവെക്കുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഇറാനിയന്‍ വിമാനങ്ങളുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ നിഷേധിച്ചില്ലെങ്കിലും അവയ്ക്ക് സൈനിക പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലെന്നാണ് വിശദീകരണം.