വാഷിങ്ടണ്‍: മേരിലാന്‍ഡില്‍ 2024ല്‍ ചരക്കുകപ്പല്‍ ഇടിച്ച് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്ന ദുരന്തവുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലെ ഒരു ഷിപ്പിംഗ് കമ്പനിക്കും അതിന്റെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനത്തിനുമെതിരെ അമേരിക്ക ക്രിമിനല്‍ കുറ്റം ചുമത്തി. അപകടത്തില്‍ ആറു തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.
സിംഗപ്പൂര്‍ ആസ്ഥാനമായ സിനര്‍ജി മറൈന്‍, ചെന്നൈ ആസ്ഥാനമായ സിനര്‍ജി മാരിടൈം എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അമേരിക്കന്‍ അന്വേഷണ ഏജന്‍സികളെ വഞ്ചിക്കാന്‍ ഗൂഢാലോചന നടത്തിയതും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന് തെറ്റായ വിവരങ്ങള്‍ നല്‍കിയതും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഇന്ത്യന്‍ പൗരന്‍ രാധാകൃഷ്ണന്‍ കാര്‍ത്തിക് നായരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 47കാരനായ അദ്ദേഹം ഇരു കമ്പനികളുടെയും ടെക്നിക്കല്‍ സൂപ്രണ്ടായി പ്രവര്‍ത്തിച്ചിരുന്നതും അപകടത്തില്‍പ്പെട്ട എം/വി ഡാലി എന്ന ചരക്കുകപ്പലിന്റെ പ്രവര്‍ത്തന മേല്‍നോട്ട ചുമതല വഹിച്ചിരുന്നതുമാണ്.
അമേരിക്കന്‍ അറ്റോര്‍ണി കെല്ലി ഹെയ്‌സ് നല്‍കിയ വിവരമനുസരിച്ച് കാര്‍ത്തിക് നായര്‍ നിലവില്‍ ഇന്ത്യയിലാണുള്ളത്. ഇയാളെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.
2024 മാര്‍ച്ച് 26ന് പുലര്‍ച്ചെയായിരുന്നു അപകടം. ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിലേക്ക് അടുക്കുന്നതിനിടെ എം/വി ഡാലി കപ്പലില്‍ തുടരെ സംഭവിച്ച വൈദ്യുതി തകരാറാണ് അപകടത്തിന് വഴിവെച്ചത്.
കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പ്രൊപ്പല്‍ഷന്‍ സംവിധാനം നിലക്കുകയും ചെയ്തതോടെ കപ്പല്‍ പാലത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഏതാനും നിമിഷങ്ങള്‍ക്കകം പാലം പാറ്റാപ്‌സ്‌കോ നദിയിലേക്ക് തകര്‍ന്നു വീണു. ബാള്‍ട്ടിമോര്‍ തുറമുഖത്തിലേക്കുള്ള ഏറ്റവും തിരക്കേറിയ കപ്പല്‍ഗതാഗത പാതകളിലൊന്നാണ് ഇതോടെ തടസ്സപ്പെട്ടത്.
അപകടസമയത്ത് പാലത്തില്‍ ജോലി ചെയ്തിരുന്ന ആറു നിര്‍മാണ തൊഴിലാളികളാണ് നദിയിലേക്ക് വീണ് മരിച്ചത്. കൊല്ലപ്പെട്ടവര്‍ എല്ലാവരും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഉയര്‍ന്ന വോള്‍ട്ടേജുള്ള സ്വിച്ച്ബോര്‍ഡിലെ ഒരു വയര്‍ കണക്ഷന്‍ അഴിഞ്ഞുപോയതാണ് കപ്പലിലെ പൂര്‍ണ വൈദ്യുതി തകരാറിന് കാരണമായതെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് കണ്ടെത്തിയിരുന്നു.
അപകടാനന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ബാള്‍ട്ടിമോര്‍ കപ്പല്‍ച്ചാലില്‍ നിന്ന് പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുമായി വന്ന ചെലവുകള്‍ക്ക് സിനര്‍ജി മറൈനുമായും ഗ്രേസ് ഓഷ്യന്‍ എന്ന മറ്റൊരു കമ്പനിയുമായും 100 മില്യണ്‍ ഡോളറിന്റെ ധാരണയിലെത്തിയതായി അമേരിക്കന്‍ നീതിന്യായ വകുപ്പ് 2024 ഒക്ടോബറില്‍ അറിയിച്ചിരുന്നു.
തകര്‍ന്ന പാലം പുനര്‍നിര്‍മിക്കാന്‍ 5.2 ബില്യണ്‍ ഡോളറിലധികം ചെലവാകുമെന്നാണ് മേരിലാന്‍ഡ് അധികൃതരുടെ കണക്ക്. പുതിയ പാലത്തിന്റെ നിര്‍മാണം 2030ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
