ഷി- ട്രംപ് കൂടിക്കാഴ്ചയില്‍ ഇറാന്‍ വിഷയം നിര്‍ണായകം

ഷി- ട്രംപ് കൂടിക്കാഴ്ചയില്‍ ഇറാന്‍ വിഷയം നിര്‍ണായകം


ബീജിംഗ്: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈനാ സന്ദര്‍ശനത്തില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും ഇറാന്‍ വിഷയവും ചര്‍ച്ചകളില്‍ പ്രധാന അജന്‍ഡയാകുമെന്ന് റിപ്പോര്‍ട്ട്. ട്രംപ്- ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി, ഇറാനിലേക്കുള്ള ചൈനയുടെ എണ്ണ വ്യാപാരം, സൈനിക- സിവിലിയന്‍ ഇരട്ട ഉപയോഗ സാധ്യതയുള്ള ഉപകരണങ്ങളുടെ കൈമാറ്റം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

ട്രംപ് ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് അനൗദ്യോഗികമായി പ്രതികരിക്കവെ ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചൈനയ്ക്കെതിരെ ട്രംപ് സമ്മര്‍ദം ചെലുത്താന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു.

കഴിഞ്ഞ ആഴ്ച അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ചൈന ഇറാന് ധനസഹായം ചെയ്യുകയാണെന്ന് ആരോപിച്ചിരുന്നു.

ഇറാന്‍ ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ അനുകൂല രാജ്യമാണെന്നും അവരുടെ ഊര്‍ജ ആവശ്യങ്ങളുടെ 90 ശതമാനവും ചൈന വാങ്ങുകയാണെന്നും അതുവഴി ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ പിന്തുണക്കാരനെ ചൈന സാമ്പത്തികമായി സഹായിക്കുകയാണെന്നും ഫോക്‌സ് ന്യൂസിനോട് ബെസന്റ് പറഞ്ഞു.

ഇറാന്‍ യുദ്ധവും ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ഗതാഗത പ്രതിസന്ധിയും ട്രംപിന്റെ ചൈന സന്ദര്‍ശനത്തെയും ബാധിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം നിശ്ചയിച്ചിരുന്ന സന്ദര്‍ശനം ഫെബ്രുവരി 28ന് ആരംഭിച്ച അമേരിക്ക- ഇസ്രയേല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. പിന്നീട് വെടിനിര്‍ത്തലും സമാധാന ചര്‍ച്ചകളും ആരംഭിച്ചതോടെയാണ് സന്ദര്‍ശനം പുനഃക്രമീകരിച്ചത്.

സമാധാന കരാര്‍ അംഗീകരിക്കാന്‍ സമ്മര്‍ദത്തിലാക്കുന്നതിന് അമേരിക്ക ഇറാനെതിരെ നാവിക ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.

ഹോര്‍മുസ് കടലിടുക്കിലൂടെ ചൈനയുടെ ഏകദേശം 20 ശതമാനം ഊര്‍ജ ഇറക്കുമതിയും നടക്കുന്നതിനാല്‍ കടലിടുക്ക് അടച്ചതിന്റെ ഏറ്റവും വലിയ ആഘാതം നേരിടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന.

സമുദ്ര ഗതാഗതം സുരക്ഷിതവും തുറന്നതുമായിരിക്കണമെന്ന് ബീജിംഗ് പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അമേരിക്കയുടെ നാവിക ഉപരോധത്തെ ഏകപക്ഷീയ നടപടികളുടെ അപകടകരമായ വര്‍ധന എന്നാണു ചൈന വിശേഷിപ്പിച്ചത്.

ഏപ്രില്‍ 15ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാക്കുന്‍ പ്രതികരിക്കവെ അന്താരാഷ്ട്ര ജലപാതകളിലെ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ആഗോള വിതരണ ശൃംഖലയ്ക്കുള്ള നേരിട്ടുള്ള ഭീഷണിയുമാണെന്ന് പറയുകയും പ്രകോപനപരമായ നടപടികള്‍ അമേരിക്ക അവസാനിപ്പിച്ച് നയതന്ത്ര ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

ഇറാന്റെ പ്രധാന എണ്ണ ഉപഭോക്താക്കളില്‍ ഒരാളായ ചൈന തങ്ങളുടെ സമാധാന നിബന്ധനകള്‍ അംഗീകരിക്കാന്‍ തെഹ്‌റാനെ പ്രേരിപ്പിക്കുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. ഇറാനെ ചൈന സൈനികമായി സഹായിക്കുന്നുവെന്ന സൂചനകളും വിവിധ റിപ്പോര്‍ട്ടുകളില്‍ ഉയര്‍ന്നിട്ടുണ്ട്.

മെയ് ഒന്നിന് ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

ചൈന ഇറാനെ സഹായിക്കുന്നുണ്ടാകാമെന്നും സാമ്പത്തിക സഹായത്തിനപ്പുറം ഡ്രോണ്‍ നിര്‍മ്മാണത്തിനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടെയുള്ള പിന്തുണയും അവര്‍ നല്‍കുന്നുണ്ടാകാമെന്നും ട്രംപ് ആരോപിച്ചു.

യു എസ്- ചൈന ഉച്ചകോടിയില്‍ ഡ്യുവല്‍- യൂസ് ടെക്‌നോളജി കൈമാറ്റവുമായി ബന്ധപ്പെട്ട തെളിവുകള്‍ അമേരിക്ക ചൈനയ്ക്ക് മുന്നില്‍ അവതരിപ്പിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്ലാമാബാദ് ചര്‍ച്ചകള്‍ എന്നറിയപ്പെടുന്ന സമാധാന നീക്കങ്ങളില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന ചൈന ഇറാനെ അന്തിമ കരാറിലേക്ക് എത്തിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നതും അമേരിക്കയുടെ ആവശ്യങ്ങളില്‍ ഉള്‍പ്പെടും.

ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യം ചൈന ഇറാനോടുള്ള സാമ്പത്തികവും പരോക്ഷ സൈനികവുമായ പിന്തുണ പിന്‍വലിക്കാനും അതുവഴി അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തെഹ്‌റാനെ നിര്‍ബന്ധിതമാക്കാനുമാണെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ വിലയിരുത്തുന്നത്.