ഇറാന്‍ വിഷയത്തില്‍ സഹായം വേണ്ടെന്ന് ചൈനയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ട്രംപ്

ഇറാന്‍ വിഷയത്തില്‍ സഹായം വേണ്ടെന്ന് ചൈനയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ട്രംപ്


വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന് വാഷിങ്ടണില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഇറാന്‍ വിഷയത്തില്‍ ശക്തമായ പ്രസ്താവനകള്‍ നടത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടക്കുന്ന നിര്‍ണായക ഉച്ചകോടിയില്‍ ഇറാന്‍ സംഘര്‍ഷം, വ്യാപാരബന്ധങ്ങള്‍, തായ്വാന്‍ വിഷയങ്ങള്‍ എന്നിവ ചര്‍ച്ചയാകുന്നതിന് മുമ്പാണ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്. 

ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ നിന്ന് എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ കയറിയ ട്രംപ് മാധ്യമങ്ങളോട് പ്രതികരിക്കവെ ഇറാന്‍ വിഷയത്തില്‍ ചൈനയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കി.

തങ്ങള്‍ക്ക് സഹായം ആവശ്യമില്ലെന്നും എങ്ങനെയായാലും ജയിക്കുമെന്നും പറഞ്ഞ ട്രംപ് സമാധാനത്തിലൂടെയോ മറ്റുവഴികളിലൂടെയോ വിജയിക്കുമെന്നും വ്യക്തമാക്കി. ഇറാന്റെ നാവികസേനയും വ്യോമസേനയും തകര്‍ന്നുവെന്നും യുദ്ധശേഷിയുടെ എല്ലാ ഘടകങ്ങളും ഇല്ലാതായെന്നും ട്രംപ് പറഞ്ഞു.

ഇറാന് ഒരിക്കലും ആണവായുധം ഉണ്ടാകരുതെന്നും അത് ലഭിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഇറാന്‍ വിഷയത്തില്‍ ഷി ജിന്‍പിങുമായി വിശദമായ ചര്‍ച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. 

അതേസമയം, ഇറാനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രധാന അജണ്ടയാകില്ലെന്നും ട്രംപ് പിന്നീട് സൂചന നല്‍കി. തങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ പല കാര്യങ്ങളുണ്ടെന്നും ഇറാന്‍ അതില്‍ ഒന്നാണെന്ന് പോലും പറയില്ലെന്നും  ഇറാന്‍ വിഷയത്തില്‍ തങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യാപാര പ്രശ്‌നങ്ങള്‍, ഇറാന്‍ യുദ്ധം, തായ്വാന്‍ വിഷയങ്ങള്‍ എന്നിവയും ഉള്‍പ്പെടുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 2017ന് ശേഷം ട്രംപിന്റെ ആദ്യ ചൈന സന്ദര്‍ശനമാണിത്.

ഇറാനുമായുള്ള സംഘര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയെയും അമേരിക്കയിലെ വിലക്കയറ്റത്തെയും ബാധിച്ച സാഹചര്യത്തില്‍, ട്രംപിന്റെ ഈ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അമേരിക്കയിലെ പണപ്പെരുപ്പം 3.8 ശതമാനമായി ഉയര്‍ന്നിരുന്നു.

ഇറാനെ സമാധാന നിബന്ധനകള്‍ അംഗീകരിക്കാന്‍ ചൈനയുടെ സ്വാധീനം ഉപയോഗിക്കണമെന്ന് ട്രംപ് ഭരണകൂടം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിലും ഈ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ട്രംപിനൊപ്പം ഭാര്യ മെലാനിയ ചൈന സന്ദര്‍ശനത്തില്‍ പങ്കെടുക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.