വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ച 'ഗോള്‍ഡന്‍ ഡോം' മിസൈല്‍ പ്രതിരോധ സംവിധാനം നടപ്പിലാക്കുന്നതിന് അടുത്ത രണ്ട് ദശകങ്ങളില്‍ ഏകദേശം 1.2 ട്രില്യണ്‍ ഡോളര്‍ വരെ ചെലവാകാമെന്ന് കോണ്‍ഗ്രസ് ബജറ്റ് ഓഫീസ് (സി ബി ഒ) പുറത്തുവിട്ട പുതിയ വിലയിരുത്തല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പദ്ധതിയുടെ മൊത്തം ചെലവില്‍ 1 ട്രില്യണ്‍ ഡോളറിലധികം ഭാഗം ഉപകരണങ്ങള്‍ വാങ്ങുന്നതിനും നിര്‍മ്മിക്കുന്നതിനുമാകും ചെലവാകുമെന്ന് സി ബി ഒ അറിയിച്ചു. ഇതില്‍ ഇന്റര്‍സെപ്റ്റര്‍ സംവിധാനങ്ങളും ബഹിരാകാശ അടിസ്ഥാനത്തിലുള്ള മിസൈല്‍ മുന്നറിയിപ്പ്- ട്രാക്കിംഗ് സംവിധാനവും ഉള്‍പ്പെടുന്നു.
ഏറ്റവും ചെലവേറിയ ഘടകം ബഹിരാകാശ അടിസ്ഥാനത്തിലുള്ള ഇന്റര്‍സെപ്റ്റര്‍ ലെയറാണ്. ഇത് മൊത്തം നിര്‍മ്മാണ ചെലവിന്റെ ഏകദേശം 70 ശതമാനവും ആകെ ചെലവിന്റെ 60 ശതമാനവും ഉള്‍ക്കൊള്ളുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതിയുടെ വാര്‍ഷിക പ്രവര്‍ത്തന- പരിപാലന ചെലവ് ശരാശരി 8.3 ബില്യണ്‍ ഡോളര്‍ വരെ എത്താമെന്നും സി ബി ഒ വിലയിരുത്തുന്നു.
2025 ജനുവരിയില്‍ ട്രംപ് പെന്റഗണിന് അയേണ്‍ ഡോം ഫോര്‍ അമേരിക്ക എന്ന പേരില്‍ ആരംഭിച്ച ഈ സംവിധാനം രൂപകല്‍പ്പന ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിവേഗ മിസൈലുകളും ആധുനിക വ്യോമാക്രമണ ഭീഷണികളും തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മെയ് 2025ല്‍ ട്രംപ് ഈ പദ്ധതിക്ക് 25 ബില്യണ്‍ ഡോളര്‍ തുടക്ക നിധിയായി അനുവദിച്ചതായി വ്യക്തമാക്കിയിരുന്നു. മൊത്തം പദ്ധതിക്ക് ഏകദേശം 175 ബില്യണ്‍ ഡോളര്‍ ചെലവാകുമെന്നാണ് അന്ന് അദ്ദേഹം കണക്കാക്കിയത്.
പരിമിതമായ ശേഷിയുള്ള ബഹിരാകാശ ഇന്റര്‍സെപ്റ്റര്‍ സംവിധാനം പോലും 20 വര്‍ഷത്തിനിടെ 161 ബില്യണ്‍ മുതല്‍ 542 ബില്യണ്‍ ഡോളര്‍ വരെ ചെലവാകാമെന്ന് സി ബി ഒ മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു:
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 'ഗോള്‍ഡന്‍ ഡോം' പദ്ധതി അതിനേക്കാള്‍ വ്യാപകമായ പ്രതിരോധ സംവിധാനമായി വികസിക്കുകയാണ്. 2026ലെ നാഷണല്‍ ഡിഫന്‍സ് സ്ട്രാറ്റജിയില്‍, വലിയ തോതിലുള്ള മിസൈല്‍ ആക്രമണങ്ങളും ആധുനിക വ്യോമാക്രമണങ്ങളും ചെലവുകുറഞ്ഞ രീതിയില്‍ തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കുന്നു.
