കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വാട്‌സാപ്പ് എന്നും മുന്‍പന്തിയിലാണ്. ഇടയ്ക്കിടെ ഉപയോക്തൃ സൗഹൃദമായ ഫീച്ചേഴ്‌സ് കമ്പനി അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ലോഗൗട്ട് സൗകര്യം വാട്‌സാപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡേറ്റ ഡിലീറ്റ് ചെയ്യാതെ തന്നെ ഇത് പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കും. ഇത് കമ്പനിയുടെ ബിസിനസിനെ സംബന്ധിച്ചും നേട്ടമായി മാറും.
നിലവില്‍ വാട്‌സാപ്പില്‍ അക്കൗണ്ട് ആരംഭിച്ചാല്‍ ലോഗൗട്ട് ചെയ്യാനുള്ള സൗകര്യം ലഭ്യമല്ല. ഒരു ഉപയോക്താവ് തല്‍ക്കാലത്തേക്ക് വാട്‌സാപ്പ് ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചാല്‍ ആപ്ലിക്കേഷന്‍ മുഴുവനായി ഡിലീറ്റ് ചെയ്തു കളയുകയേ മാര്‍ഗമുള്ളൂ. ഈ ന്യൂനതയ്ക്കാണ് പരിഹാരമാകുന്നത്. ഏറ്റവും പുതിയ വാട്‌സാപ്പ് ബീറ്റ പതിപ്പിലാണ് പുതിയ സൗകര്യം അവതരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡേറ്റ ഡിലീറ്റ് ചെയ്തു കളയേണ്ടവര്‍ക്ക് അതും സാധ്യമാണ്.
വാട്‌സാപ്പ് പോലെയുള്ള ആപ്ലിക്കേഷനുകളില്‍ ഒരു ലോഗൗട്ട് ബട്ടണ്‍ നിര്‍ണായകമാണെന്ന് വിലയിരുത്തലുകളുണ്ട്. അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ഏതാനും നാളത്തേക്ക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യാന്‍ പുതിയ ഫീച്ചര്‍ സഹായകമാകും. ഇതിലൂടെ ഉപയോക്താക്കളുടെ കൊഴിഞ്ഞു പോക്കിന് തടയിടാനും, ബിസിനസ് നേട്ടമുണ്ടാക്കാനും കമ്പനിക്ക് സാധിക്കും. ആക്ടീവ് യൂസര്‍ ബേസില്‍ വലിയ ഇടിവുണ്ടാകാതെ തടയാന്‍ പുതിയ ഫീച്ചറിന് സാധിക്കും
വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ തന്നെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കില്‍ വര്‍ഷങ്ങളായി അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും, ഡീ ആക്ടിവേറ്റ് ചെയ്യാനുമുള്ള രണ്ട് ഓപ്ഷനുകള്‍ ലഭ്യമാണ്. നിലവില്‍ ലോഗൗട്ട് ഓപ്ഷന്‍ ഇന്റേണല്‍ ആയി വാട്‌സാപ്പ് ടെസ്റ്റ് ചെയ്യുന്നതായിട്ടാണ് വിവരം. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പബ്ലിക് ബീറ്റ പതിപ്പ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വാട്‌സാപ്പില്‍ നിന്ന് ലോഗൗട്ട് ചെയ്യാന്‍ പുതിയ രണ്ട് ഓപ്ഷനുകളായിരിക്കും ഇത്തരത്തില്‍ ലഭ്യമാക്കുന്നത്. എല്ലാ ഡേറ്റയും, പ്രിഫറന്‍സുകളും ഡിലീറ്റ് ചെയ്തു കൊണ്ട് ലോഗൗട്ട് ചെയ്യാം. ഇത് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് സമമാണ്. അതേ സമയം അക്കൗണ്ട് ഡിലീറ്റ് ആവുകയുമില്ല എന്നതാണ് നേട്ടം.
രണ്ടാമതായി എല്ലാ ഡേറ്റയും, പ്രിഫറന്‍സുകളും സൂക്ഷിച്ചു കൊണ്ടു തന്നെ ലോഗൗട്ട് ചെയ്യാന്‍ സാധിക്കും. ഇവിടെ ഏത് സമയത്തും നിങ്ങള്‍ക്ക് തിരികെ വരാം. മൊബൈല്‍ നമ്പര്‍ കൊടുത്ത് സൈന്‍ ഇന്‍ ചെയ്താല്‍ പഴയതു പോലെ ചാറ്റിങ്ങുകള്‍ തുടരാം. അതായത് ചാറ്റുകള്‍, ഗ്രൂപ്പ് തുടങ്ങിയവയൊന്നും നഷ്ടപ്പെടില്ല.
വെബ് ഉപയോക്താക്കള്‍ക്ക് വേണ്ടി വാട്‌സാപ്പ് പുതിയ മീഡിയ ഹബ്ബ് വികസിപ്പിക്കുന്നുമുണ്ട്. മറ്റുള്ളവരുമായി പങ്കു വെച്ച എല്ലാ ഫയലുകളും, ഫോട്ടോകളും, ലിങ്കുകളും ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണിത്. ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് ഈ സംവിധാനം അവതരിപ്പിച്ചത്. വൈകാതെ ഇതിന്റെയും അപ്‌ഡേറ്റുകള്‍ ലഭ്യമാകും.
വാട്‌സാപ്പില്‍ വിപ്ലവം വരുന്നു; ഡേറ്റ ഡിലീറ്റ് ചെയ്തും, ചെയ്യാതെയും ലോഗൗട്ട് ചെയ്യാം
