തെക്കന്‍ ന്യൂജേഴ്‌സിയില്‍ സ്‌കൈ ഡൈവിങ് വിമാനം തകര്‍ന്നു വീണ് 15 പേര്‍ക്ക് പരിക്കേറ്റു

തെക്കന്‍ ന്യൂജേഴ്‌സിയില്‍ സ്‌കൈ ഡൈവിങ് വിമാനം തകര്‍ന്നു വീണ് 15 പേര്‍ക്ക് പരിക്കേറ്റു


ന്യൂജേഴ്‌സി: തെക്കന്‍ ന്യൂജേഴ്‌സിയില്‍ സ്‌കൈഡൈവിങ് വിമാനം തകര്‍ന്നു വീണ് 15 പേര്‍ക്ക് പരിക്കേറ്റു. ഫിലാഡല്‍ഫിയക്ക് 34 കി.മി അകലെയുളള ക്രോസ് ക്രീസ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട സെസ്‌ന 208 ബി എന്ന സിംഗിള്‍ എഞ്ചിന്‍ വിമാനമാണ് അപകടത്തില്‍പെട്ട് തകര്‍ന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വക്താവ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. എഞ്ചിന്‍ തകരാറുണ്ടായിരുന്നതായി ശബ്ദ സന്ദേശം ലഭിച്ചിരുന്നെന്നതായി അധികൃതര്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ക്രോസ് കീസ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ റണ്‍വേയില്‍ നിന്ന് തെന്നിമാറി സമീപത്തുളള വനത്തിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നെന്ന് അന്വേഷണ അധികൃതര്‍ പറഞ്ഞു. വിമാനം വട്ടമിട്ട് പിന്നിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചിരുന്നുവെന്നും ശ്രമം പരാജയപ്പെട്ടുവെന്നും അടിയന്തര സഹായ സന്നദ്ധ ഉദ്യോഗസ്ഥന്‍ ആന്‍ഡ്രൂ ഹാല്‍ട്ടര്‍ പറഞ്ഞു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആകാശ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി കാണാം. അഗ്‌നി രക്ഷാ സേനകളും മറ്റ് അടിയന്തര സഹായ സന്നദ്ധ സംഘടനകളും രക്ഷാപ്രവര്‍ത്തനത്തിനായി സംഭവ സ്ഥലത്തെത്തിയിരുന്നു. 

സെസ്‌ന 208 ബി വിമാനം വിര്‍ജീനിയയില്‍ നിന്നുള്ള അഞചഋ ഏവിയേഷന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രോസ് കീസ് വിമാനത്താവളത്തിന് പാട്ടത്തിന് നല്‍കിയതാണെന്നും ഹാല്‍ട്ടര്‍ പറഞ്ഞു. ന്യൂജേഴ്‌സിയിലെ കാംഡന്‍ കൂപ്പര്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നു പേര്‍ നിരീക്ഷണത്തിലാണെന്നും പരിക്കേറ്റവര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആശുപത്രി വക്താവ് വെന്‍ഡി എ. മാരാനോ പറഞ്ഞു.

സംഭവത്തില്‍ വിമാനത്താവള അധികൃതരെ ചോദ്യം ചെയ്തു. ക്രോസ് കീസ് വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ സ്‌കൈഡൈവിങ് കമ്പനിയായ സ്‌കൈഡൈവ് ക്രോസ് കീസിലേക്ക് അന്വേഷണങ്ങള്‍ പുരോഗമിക്കുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് എക്‌സില്‍ കുറിച്ചു.

കമ്പനിയുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവ സ്ഥലത്തേക്ക് എത്താനുളള ആംബുലന്‍സ് അടക്കമുളള വാഹനങ്ങള്‍ പോകാന്‍ വഴിയൊരുക്കണമെന്ന് അടിയന്തര സഹായ സംഘം പൊതു ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കി.