ബിൽ പാസായത് 214നെതിരെ 218 വോട്ടുകൾക്ക്; രണ്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു
ആഴ്ച്ചകൾ നീണ്ട സങ്കീർണമായ ചർച്ചകൾക്കും വിലപേശലുകൾക്കുമൊടുവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിന് യുഎസ് കോൺഗ്രസിന്റെ സമ്പൂർണ അംഗീകാരം.
214നെതിരെ 218 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് വിപുലമായ സാമ്പത്തിക പരിഷ്‌കാരങ്ങളും നികുതി ഇളവുകളും വിഭാവനം ചെയ്യുകയും ക്ഷേമചിലവുകളിൽ ആഴത്തിലുള്ള വെട്ടിക്കുറവുകൾ നിർദ്ദേശിക്കുകയും ചെയ്യുന്ന ല്ലിന് അംഗീകാരം നൽകിയത്.
സെനറ്റിൽ 50-50 എന്ന നിലയ്ക്ക് റിപ്പബ്ളിക്കൻ-ഡെമോക്രാറ്റിക് വിഭാഗങ്ങൾ ബില്ലിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്‌തതോടെ ബില്ലിന്റെ മുന്നോട്ടുള്ള ഗതി പ്രതിസന്ധിയിലായെങ്കിലും വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് തന്റെ ടൈ-ബ്രേക്കിംഗ് വോട്ടിലൂടെ അതിനെ സെനറ്റ് കടത്തിവിട്ടിരുന്നു.
ഹൗസിൽ ഡെമോക്രാറ്റുകൾക്കൊപ്പം റെപ്. തോമസ് മാസീ (കെന്റക്കി), റെപ്. ബ്രയാൻ ഫിറ്റ്‌സ്പാട്രിക്ക് (പെൻസിൽവേനിയ) എന്നിവരാണ് ഡെമോക്രാറ്റുകളോടൊപ്പം ചേർന്ന് ബില്ലിനെ എതിർത്ത റിപ്പബ്ലിക്കൻ ഹൗസ് അംഗങ്ങൾ.
ബിൽ ഹൗസ് അംഗീകരിച്ചതോടെ പ്രസിഡന്റ് ട്രംപ് തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നത് പോലെ സ്വാതന്ത്ര്യദിനമായ ജൂലൈ 4ന് ഒപ്പുവയ്ക്കാനാവും. സ്പീക്കർ മൈക്ക് ജോൺസൺ നടത്തിയ തീവ്രപരിശ്രമങ്ങളാണ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ എതിർപ്പുകളുടെ മുനയൊടിച്ചതും ബിൽ ഒടുവിൽ പാസാക്കുന്നതിന് വഴിയൊരുക്കിയതും.
2017-ൽ തന്റെ ഒന്നാമൂഴത്തിൽ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച നികുതി ഇളവുകൾ ഇതോടെ പ്രാബല്യത്തിൽ തുടരും. അവയ്ക്കൊപ്പം ട്രംപ് വാഗ്ദാനം ചെയ്ത ചില ടിപ്പുകൾക്കും ഓവർടൈം ശമ്പളത്തിനുമുള്ള ഇളവുകൾ കൂടെ ബില്ലിന്റെ ഭാഗമാക്കിയിട്ടുണ്ട്. ബിൽ മൂലം ഉണ്ടാകാവുന്ന മൊത്തം ചെലവ് $4.5 ട്രില്യൺ ആയിരിക്കുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
പ്രതിരോധം, അതിർത്തി സുരക്ഷ എന്നിവയ്ക്കുള്ള ഫണ്ടിംഗ് വർദ്ധിപ്പിക്കുകയും, മെഡിക്കെയിഡിൽ നിന്ന് ഏകദേശം $1 ട്രില്യൺ കുറയ്ക്കുകയും, ദരിദ്രർക്കുള്ള ഭക്ഷ്യസഹായം ഉൾപ്പെടെ മറ്റ് സർക്കാർ സഹായങ്ങൾ കുറയ്ക്കുകയും ചെയ്യും. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് പാസാക്കിയ ക്ലീൻ എനർജി നികുതി ഇളവുകൾ ഈ ബില്ലിലെ വ്യവസ്ഥകൾ പ്രകാരം ഘട്ടം ഘട്ടമായി അവസാനിക്കും.

ബില്ലിലെ മറ്റൊരു സുപ്രധാന ഘടകം കടപരിധി $5 ട്രില്യൺ കൂടെ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശമാണ്. റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങളിൽ നിന്നു തന്നെ ഏറെ വിമർശനം ഏറ്റ ഈ വ്യവസ്ഥ ഈ വർഷം ഫെഡറൽ കടം തിരിച്ചടവിൽ വീഴ്ചയുണ്ടാവാതിരിക്കാൻ അനിവാര്യമാണെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം.
ബിൽ പാസാകുന്നത് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങൾക്കും ട്രംപിനും വലിയ വിജയം ആണ്. ഈ ബില്ലിനെ തന്റെ “വലിയ, മനോഹരമായ ബിൽ” എന്ന് പലപ്പോഴും ട്രംപ് വിശേഷിപ്പിച്ചിട്ടുണ്ട്. നിയമനിർമ്മാണത്തെ സംബന്ധിച്ച് കടുത്ത അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗം റിപ്പബ്ലിക്കൻമാരും ഒടുവിൽ ഒന്നിച്ചു നിന്നു -- അല്ല, നികുതി വർദ്ധനവും പ്രസിഡന്റിന്റെ സമ്മർദ്ദവും അവരെ ഒന്നിപ്പിച്ചു.
“നിങ്ങൾക്ക് സുരക്ഷിതമായ അതിർത്തി, സുരക്ഷിതമായ സമൂഹങ്ങൾ, ശക്തമായ സൈന്യം എന്നിവ വേണമെങ്കിൽ, ഈ ബിൽ നിങ്ങളുടെതാണ്. ധന ഉത്തരവാദിത്വവും ചെലവ് കുറയ്ക്കലും നിങ്ങൾക്ക് ആവശ്യമെങ്കിൽ, ഈ ബിൽ നിങ്ങളുടെതാണ്. കൂടുതൽ നീതിയുള്ള, കുറഞ്ഞ നികുതികളും വലിയ ശമ്പളങ്ങളുമുള്ള, വിലക്കുറഞ്ഞ ഇന്ധനവും ഭക്ഷ്യവസ്തുക്കളും കഠിനാധ്വാനത്തിന് ഗൗരവപൂർണമായ പരിഗണനയും നിങ്ങൾക്ക് ആവശ്യമെങ്കിൽ, ഈ ബിൽ നിങ്ങളുടെതാണ്,” വോട്ടെടുപ്പിലേക്ക് നീങ്ങും മുൻപ് ജോൺസൺ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങളെ ഓർമ്മിപ്പിച്ചു.
എന്നാൽ, ഈ ബിൽ നിയമമായി നടപ്പാക്കപ്പെടുന്നതോടെ അടുത്ത വർഷത്തെ മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുമ്പ് പല റിപ്പബ്ലിക്കൻ അംഗങ്ങളും ജനങ്ങളിൽ നിന്ന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വരുമെന്നത് ഈ ബിൽ പാസാക്കലിന്റെ രാഷ്ട്രീയ അപകടം കൂടിയാണ്.
സർവേകൾ പ്രകാരം ഈ ബിൽ ജനപ്രിയമല്ല. ഡെമോക്രാറ്റുകൾ ഇത് സമ്പന്നർക്കുള്ള നികുതി ഇളവുകൾക്ക് വേണ്ടി പ്രധാന സർക്കാർ പദ്ധതികൾ കുറയ്ക്കുന്ന നടപടിയാണെന്ന് വിമർശനമാണ് ഉന്നയിച്ചിട്ടുള്ളത്. റിപ്പബ്ലിക്കൻമാർ ട്രംപിന്റെ സ്വാധീനത്തിൽ പെട്ട് തങ്ങളെ തെരഞ്ഞെടുത്തയച്ച ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു.
ഹൗസ് ഫ്ലോറിൽ ന്യൂയോർക്കിൽ നിന്നുള്ള ഡെമോക്രാറ്റിക് ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രീസ് എട്ട് മണിക്കൂറിലധികം നീണ്ട സമാപന പ്രസംഗത്തിൽ ഈ ബിൽ 'വെറുപ്പുളവാക്കുന്നതും അപമാനകാരവു'മാണെന്ന് വാദിച്ചു. ബിൽ മെഡിക്കെയിഡ്, SNAP പോഷകസഹായം, മറ്റ് സർക്കാർ സഹായങ്ങൾ എന്നിവയെ ആശ്രയിച്ച് ജീവിക്കുന്ന അമേരിക്കക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുകയാവും ബിൽ ചെയ്യുന്നതെന്ന് അദ്ദേഹം റിപ്പബ്ലിക്കൻ അംഗങ്ങളെ ഓർമ്മിപ്പിച്ചു.
“ഈ ബിൽ അമേരിക്കൻ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും കഠിനാധ്വാനികളായ നികുതിദായകർക്കും നേരെയുള്ള ആക്രമണമാണ്. നാം ഉയർത്തിപ്പിടിക്കേണ്ടവരാണ് ഇവർ. പക്ഷേ, ഈ നിയമനിർമ്മാണം അവരെ ഇരകളാക്കുന്നു,” തന്റെ റെക്കോർഡ് ദൈർഘ്യമുള്ള പ്രസംഗത്തിൽ ജെഫ്‌റീസ് പറഞ്ഞു.