'ബിഗ് ബ്യൂട്ടിഫുള്‍' ബജറ്റ് ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും

'ബിഗ് ബ്യൂട്ടിഫുള്‍' ബജറ്റ് ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും


വാഷിംഗ്ടണ്‍:  യു എസ് ജനപ്രതിനിധി സഭ പാസാക്കിയ 'ബിഗ് ബ്യൂട്ടിഫുള്‍' ബജറ്റ് ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും. ബില്‍ നേരത്തെ യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭിന്നത മറികടന്നാണ് 214നെതിരെ 218 വോട്ട് നേടി ട്രംപ് തന്റെ സ്വപ്ന ബില്‍ പാസാക്കിയെടുത്തത്. കുടിയേറ്റവിരുദ്ധ നടപടികള്‍ക്ക് വന്‍തുക ചെലവിടാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. സാമൂഹിക ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തില്‍ 3 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനും ബില്ലില്‍ നിര്‍ദേശിക്കുന്നു.

സൈനിക ചെലവ് വര്‍ദ്ധിപ്പിക്കുക, കൂട്ട നാടുകടത്തലിനും അതിര്‍ത്തി സുരക്ഷയ്ക്കും ധനസഹായം നല്‍കുക എന്നിവയാണ് ബില്ലിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. യുഎസ് കോണ്‍?ഗ്രസും ബില്‍ പാസ്സാക്കിയതിനെ വൈറ്റ് ഹൗസ് സ്വാ?ഗതം ചെയ്തു. വിജയം, വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ യുഎസ് കോണ്‍ഗ്രസില്‍ പാസായി, ഇനി പ്രസിഡന്റ് ട്രംപിന്റെ മേശയിലേക്ക്' എന്ന് വൈറ്റ് ഹൗസ് എക്‌സില്‍ കുറിച്ചു.

യു എസ് സെനറ്റില്‍ ബില്ലിനെതിരെ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മൂന്ന് അംഗങ്ങള്‍ കൂറുമാറി വോട്ടു ചെയ്തിരുന്നു. ഇതോടെ വോട്ടെടുപ്പില്‍ 50-50 എന്ന കണക്കിന് സമനിലയായി. തുടര്‍ന്ന് സെനറ്റ് അധ്യക്ഷനായ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അനുകൂലിച്ച് വോട്ടുചെയ്തതോടെയാണ് സെനറ്റില്‍ ബില്‍ പാസ്സായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളായ ടോം ടില്ലിസ്, റാന്‍ഡ് പോള്‍, സൂസന്‍ കോളിന്‍സ് എന്നിവരാണ് ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തത്.

ബില്ലിലെ നിര്‍ദേശങ്ങള്‍ക്കെതിരെ സ്‌പേസ്എക്‌സ് ഉടമയും ട്രംപിന്റെ സുഹൃത്തുമായ ഇലോണ്‍ മസ്‌ക് പരസ്യമായി രംഗത്തെത്തിയിരുന്നു. അതേസമയം, ക്രൂരമായ ബജറ്റ് ബില്‍ എന്ന് മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിമര്‍ശിച്ചു. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ എടുത്തുകളയുന്നതാണ് ബില്ലെന്നും ശതകോടീശ്വരന്മാര്‍ക്ക് വന്‍തോതില്‍ നികുതി ഇളവ് നല്‍കുന്നതിനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.