മെക്‌സിക്കോ അതിര്‍ത്തിയില്‍ ട്രംപ് ഏര്‍പ്പെടുത്തിയ അഭയാര്‍ത്ഥി വിലക്ക് റദ്ദാക്കി യുഎസ് ജഡ്ജി

മെക്‌സിക്കോ അതിര്‍ത്തിയില്‍ ട്രംപ് ഏര്‍പ്പെടുത്തിയ അഭയാര്‍ത്ഥി വിലക്ക് റദ്ദാക്കി യുഎസ് ജഡ്ജി


വാഷിംഗ്ടണ്‍:  യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്‌മെക്‌സിക്കോ അതിര്‍ത്തിയില്‍ എത്തുന്ന കുടിയേറ്റക്കാര്‍ക്ക് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ അഭയ വിലക്ക് ഒരു ഫെഡറല്‍ ജഡ്ജി തടഞ്ഞു. അനധികൃത കുടിയേറ്റം അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് തന്റെ അധികാരം ലംഘിച്ചുവെന്നും നിലവിലുള്ള നിയമ നടപടിക്രമങ്ങള്‍ മറികടന്നുവെന്നും ജഡ്ജി വിധിന്യായത്തില്‍ പ്രഖ്യാപിച്ചു.

128 പേജുള്ള ഒരു അഭിപ്രായത്തില്‍, 'തെക്കന്‍ അതിര്‍ത്തിയിലൂടെയുള്ള അധിനിവേശത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന' എല്ലാ കുടിയേറ്റക്കാരെയും അഭയം തേടുന്നതില്‍ നിന്നോ മറ്റ് മാനുഷിക സംരക്ഷണങ്ങള്‍ തേടുന്നതില്‍ നിന്നോ തടഞ്ഞ ട്രംപിന്റെ ജനുവരി 20 ലെ പ്രഖ്യാപനം എക്‌സിക്യൂട്ടീവ് അധികാരത്തിന്റെ പരിധിക്കപ്പുറമാണെന്ന് യുഎസ് ജില്ലാ ജഡ്ജി റാന്‍ഡോള്‍ഫ് മോസ് എഴുതി.

വ്യാപകമായ കുടിയേറ്റ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്ത റിപ്പബ്ലിക്കന്‍ പ്രസിഡന്റായ ട്രംപിന് ഈ തീരുമാനം ഒരു തിരിച്ചടിയാണ്. അദ്ദേഹം അധികാരമേറ്റതിനുശേഷം, നിയമവിരുദ്ധമായി അതിര്‍ത്തി കടക്കുന്നതായി പിടികൂടുന്ന കുടിയേറ്റക്കാരുടെ എണ്ണം റെക്കോര്‍ഡ് താഴ്ന്ന നിലയിലേക്ക് കുറഞ്ഞിരുന്നു.

ഫെബ്രുവരിയില്‍ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (ACLU) അഭയ നിരോധനത്തെ വെല്ലുവിളിച്ച് കോടതിയെ സമീപിച്ചിരുന്നു. വിലക്ക്് യുഎസ് നിയമത്തെയും അന്താരാഷ്ട്ര ഉടമ്പടികളെയും ലംഘിച്ചുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

2024ല്‍ ഡെമോക്രാറ്റായ മുന്‍ യുഎസ് പ്രസിഡന്റ്  ജോ ബൈഡന്‍ ഏര്‍പ്പെടുത്തിയ സമാനമായ വിലക്കിനേക്കാള്‍ വിശാലമായിരുന്നു ട്രംപിന്റെ നിയന്ത്രണങ്ങള്‍. ACLU നയിച്ച മറ്റൊരു കേസില്‍ മെയ് മാസത്തില്‍ മറ്റൊരു ഫെഡറല്‍ ജഡ്ജി ബൈഡന്റെ നയത്തിന്റെ പ്രധാന ഭാഗങ്ങള്‍ തടഞ്ഞിരുന്നു.

ട്രംപ് ഭരണകൂടത്തിന് അപ്പീല്‍ സമര്‍പ്പിക്കാന്‍ സമയം നല്‍കുന്നതിനായി തന്റെ ഉത്തരവ് പ്രാബല്യത്തില്‍ വരുന്ന തീയതി 14 ദിവസത്തേക്ക് സ്‌റ്റേ ചെയ്യുമെന്ന് ജഡ്ജി റാന്‍ഡോള്‍ഫ്  മോസ് പറഞ്ഞു.