കാലപ്പഴക്കം ചെന്ന കാറുകള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന തീരുമാനത്തില്‍ നിന്ന് ദല്‍ഹി സര്‍ക്കാര്‍ പിന്നോട്ട്

കാലപ്പഴക്കം ചെന്ന കാറുകള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന തീരുമാനത്തില്‍ നിന്ന് ദല്‍ഹി സര്‍ക്കാര്‍ പിന്നോട്ട്


ന്യൂഡല്‍ഹി: : പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ കാലപ്പഴക്കം ചെന്ന കാറുകള്‍ക്ക് ഇന്ധനം നല്‍കാതിരിക്കുക എന്ന തീരുമാനം നടപ്പാക്കുന്നതില്‍ നിന്നും ഡല്‍ഹി സര്‍ക്കാര്‍ പിന്നോട്ട്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നത്. കമ്മീഷന്‍ ഓഫ് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിനെ ഡല്‍ഹി സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങളും സങ്കീര്‍ണമായ നടപടികളും തീരുമാനം നടപ്പാക്കുന്നതിനെ ബാധിക്കുമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ വിശദീകരണം.
വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കേണ്ടതില്ലെന്ന തീരുമാനം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സയും വ്യക്തമാക്കി. നീക്കത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്നും സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു എന്നും വ്യക്തമാക്കിയാണ് മന്ത്രി നിലപാട് അറിയിച്ചത്.

പഴകിയ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്ധന നിയന്ത്രണം ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കാത്തവിധമാണ് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് നടപടി.

എന്‍ഡ്ഓഫ്‌ലൈഫ് വാഹനങ്ങള്‍ക്ക് ഇന്ധനം വില്‍ക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തിവെച്ച് കൊണ്ടാണ് പരിഷ്‌കാരം നടപ്പാക്കിയത്. ഡല്‍ഹിയില്‍ ഉള്ള വാഹനം രാജ്യത്ത് എവിടെ രജിസ്റ്റര്‍ ചെയ്തതാണ് എന്ന് പരിഗണിക്കാതെയാണ് പദ്ധതി നടപ്പിലാക്കിയത്. ഡല്‍ഹിയില്‍ നടപ്പാക്കിയ നിയന്ത്രണം അടുത്ത ഘട്ടമായി നവംബര്‍ 1 മുതല്‍ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, സോനെപത് എന്നീ മേഖലകളിലേക്കും 2026 ഏപ്രില്‍ 1 മുതല്‍ എന്‍സിആറിന്റെ ബാക്കി ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനായിരുന്നു നീക്കം.