ഇത് നമ്മ കൊച്ചി; ബ്രിട്ടീഷ് യുവതിയും കൊല്‍ക്കത്തക്കാരന്‍ ഭര്‍ത്താവും മകളുമൊത്ത് താമസിക്കാന്‍ ഇഷ്ടപ്പെടുന്ന ഇടം

ഇത് നമ്മ കൊച്ചി; ബ്രിട്ടീഷ് യുവതിയും കൊല്‍ക്കത്തക്കാരന്‍ ഭര്‍ത്താവും മകളുമൊത്ത് താമസിക്കാന്‍ ഇഷ്ടപ്പെടുന്ന ഇടം

Photo Caption


ലണ്ടന്‍: ബ്രിട്ടീഷ് യുവതിയെ വിവാഹം കഴിച്ച കൊല്‍ക്കത്തക്കാരന്‍ തന്റെ ഭാര്യയും മൂന്നുമാസം പ്രായമുള്ള കുഞ്ഞുമായി ഇന്ത്യയില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്നത് കൊച്ചിയില്‍. അടുത്ത വര്‍ഷം ഇന്ത്യയിലേക്ക് താമസം മാറുമ്പോള്‍ ഏത് നഗരമാണ് തെരഞ്ഞെടുക്കേണ്ടതെന്നറിയാല്‍ റെഡ്ഡിറ്റില്‍ നടത്തിയ അന്വേഷണമാണ് കൊച്ചിയിലെത്തി നിന്നത്. 

2025 ഫെബ്രുവരിയില്‍ കുടുംബം ഇന്ത്യയിലേക്ക് മാറുമെന്നും കേരളത്തിലെ കൊച്ചിയില്‍ താമസിക്കാനാണ് തങ്ങളുടെ പരിഗണനയെന്നുമാണ് ബംഗാളി യുവാവ് ജെ പാല്‍ പറഞ്ഞത്. തന്റെ പ്രധാന ആശങ്കകളെല്ലാം പരിഹരിച്ചതിന് ശേഷമാണ് ജെ പാലും കുടുംബവും താമസത്തിന് കൊച്ചി തെരഞ്ഞെടുക്കാമെന്ന തീരുമാനത്തിലെത്തിയത്. 

ബെംഗളൂരു പോലെ ഭാഷാടിസ്ഥാനത്തിലുള്ള പ്രാദേശികവാദം കൊച്ചിയിലുണ്ടോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംശയം. കേരളത്തിന്റെ വാണിജ്യ തലസ്ഥാനം സ്ത്രീകള്‍ക്ക് സുരക്ഷിതമാണോ, യാഥാസ്ഥിതിക നഗരമാണോ എന്നറിയാനും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അതോടൊപ്പം മകളുടെ വിദ്യാഭ്യാസത്തിന് കൊച്ചിയില്‍ നല്ല ഐ ജി സി എസ് ഇ സ്‌കൂളുകള്‍ ഉണ്ടോ എന്നറിയുന്നതും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. ടയര്‍-2 നഗരമായ കൊച്ചി പൂനെ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളെക്കാള്‍ പിന്നിലാണോയെന്ന് അറിയേണ്ടിയിരുന്ന അദ്ദേഹം താനും ഭാര്യയും ഒരു ചെറിയ നഗരത്തിന്റെ വേഗത കുറഞ്ഞതും നിശബ്ദതയുമാണ് ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കിയിരുന്നു. 

ജെ പാല്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറ്റ് ഉപയോക്താക്കള്‍ ആശ്വാസകരമായ പ്രതികരണങ്ങളാണ് നല്‍കിയത്. വളരെ കുറച്ച് ഭാഷാ പരിമിതികളോ പ്രാദേശികതയോ മാത്രമേ കൊച്ചിയിലുള്ളുവെന്നും വലിയ തോതില്‍ കോസ്‌മോപൊളിറ്റന്‍ സംസ്‌കാരമുള്ള വളരെ ജീവിക്കാന്‍ കഴിയുന്ന നഗരമാണെന്നും അദ്ദേഹത്തിന് വിവരം കിട്ടി. മലയാളം അറിയാത്തവര്‍ക്ക് ഇംഗ്ലീഷിലോ ഹിന്ദിയിലോ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യാമെന്ന് കൊച്ചി ഫോറത്തിലെ റെഡ്ഡിറ്റര്‍മാര്‍ പറഞ്ഞു. നഗരം സ്ത്രീകള്‍ക്ക് താരതമ്യേന സുരക്ഷിതമാണ്, കൊച്ചിയില്‍ ധാരാളം വെള്ളക്കാര്‍ താമസിക്കുന്നുണ്ടെന്ന് നിരവധി ഉപയോക്താക്കള്‍ പറഞ്ഞു.

കൊച്ചിയില്‍ നല്ല ആശുപത്രികളും മെട്രോയും വാട്ടര്‍ മെട്രോയും ഉള്‍പ്പെടെ നല്ല ബന്ധമുള്ള പൊതുഗതാഗത സംവിധാനവും ഉണ്ടെന്നും ഉപയോക്താക്കള്‍ ഊന്നിപ്പറയുന്നു.

ബെംഗളൂരുവില്‍ സാധാരണമായ ഭാഷാടിസ്ഥാനത്തിലുള്ള പ്രാദേശികവാദം കൊച്ചിയിലില്ലെന്ന് നിരവധി ഉപയോക്താക്കള്‍ പറയുമ്പോഴും കര്‍ണാടകയുടെ തലസ്ഥാനത്തെപ്പോലെ വളര്‍ത്തുമൃഗങ്ങളുടെ സൗഹൃദ നഗരമല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. 

മറ്റൊരു ഉപയോക്താവ് കൊച്ചിയിലെ ഉഷ്ണമേഖലാ കാലാവസ്ഥയേക്കാള്‍ ബെംഗളൂരുവിലെ മിതമായ കാലാവസ്ഥയാണ് ഇഷ്ടപ്പെടുന്നതും പറഞ്ഞു.