വാഷിംഗ്ടണ്‍: താരിഫ് യുദ്ധം മുറുക്കിക്കൊണ്ട് ആഗോളതലത്തില്‍ പുതിയ തീരുവകള്‍ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയെക്കുറിച്ച് സംസാരിച്ചപ്പോള്‍ ന്യൂഡല്‍ഹിയുടെ തീരുവകളെ 'വളരെ കഠിനമായ'ത് എന്നാണ് വിശേഷിപ്പിച്ചത്. 'അവരുടെ പ്രധാനമന്ത്രി (നരേന്ദ്ര മോഡി) അടുത്തിടെ യുഎസില്‍ വന്നു പോയി. അദ്ദേഹം എന്റെ ഒരു നല്ല സുഹൃത്താണ്, പക്ഷേ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു 'നിങ്ങള്‍ എന്റെ ഒരു സുഹൃത്താണ്, പക്ഷേ നിങ്ങള്‍ ഞങ്ങളോട് മര്യാദയ്ക്ക് പെരുമാറുന്നില്ല എന്ന് . ഇന്ത്യ നമ്മില്‍ നിന്ന് 52 ശതമാനം ഈടാക്കുന്നു, അതിനാല്‍ ഞങ്ങള്‍ അതിന്റെ പകുതി 26 ശതമാനം ഈടാക്കും' ട്രംപ് തുടര്‍ന്നു പറഞ്ഞു.
വര്‍ഷങ്ങളോളം മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ കൊള്ളയടിച്ചു. ഇനി അതുണ്ടാകില്ല. അമേരിക്ക അതിന്റെ വ്യാപാരം തിരിച്ചുപിടിച്ച ദിവസമായ ഏപ്രില്‍ രണ്ട് 'വിമോചനദിന'മായി അറിയപ്പെടുമെന്ന് ട്രംപ് പറഞ്ഞു.
നമുക്ക് മേല്‍ തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ നിന്ന് നാം പകരച്ചുങ്കം ചുമത്തുകയാണ്. അവര്‍ നമ്മളോട് ചെയ്തത് നാം തിരിച്ച് ചെയ്യുന്നു അത്രമാത്രം, വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ വെച്ച് സംസാരിക്കവെ ട്രംപ് പറഞ്ഞു. 10 ശതമാനമുള്ള തീരുവ ഏപ്രില്‍ അഞ്ച് മുതലും രാജ്യങ്ങള്‍ക്കുള്ള കൂടിയ തീരുവ ഏപ്രില്‍ ഒന്‍പതിനുമാണ് പ്രാബല്യത്തില്‍ വരിക. പകരച്ചുങ്കം യുഎസിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപിന്റെ അവകാശവാദം.
നുവരി 20 ന് പ്രസിഡന്റ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. കാനഡ, മെക്‌സിക്കോ, ചൈന എന്നി രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തി ട്രംപ് വ്യാപാരയുദ്ധത്തിന് തുടക്കമിട്ടിരുന്നു. പകരച്ചുങ്കം പ്രാബല്യത്തിലായാല്‍ യുഎസില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നത് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
കേരളത്തിലും ആശങ്ക
സമുദ്രോല്‍പ്പന്ന വസ്ത്ര കയറ്റുമതി രംഗങ്ങളില്‍ കേരളത്തിലും ആശങ്കയുണ്ട്. യുഎസിന് തീരുവ ചുമത്തുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെം പട്ടിക വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു. യുഎസ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നത്. സമാനമായ നിലയില്‍ ഇറക്കുമതിക്ക് തീരുവ ചുമത്തിയാല്‍ ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ബാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
ഇന്ത്യയുടെ തീരുവ കഠിനമെന്ന് ആവര്‍ത്തിച്ച് ട്രംപ്; 26 ശതമാനം പ്രതികാരനികുതി ചുമത്തി
