വാഷിംഗ്ടണ്‍: അമേരിക്കയുടെ ദേശീയ കടം 37 ട്രില്യന്‍ ഡോളര്‍ കവിഞ്ഞപ്പോള്‍ പലിശച്ചെലവ് പ്രതിവര്‍ഷം 1 ട്രില്യന്‍ ഡോളറായി. ഇത് സാമ്പത്തിക, നയ വൃത്തങ്ങളില്‍ ആശങ്ക ഉണര്‍ത്തുന്നുണ്ട്. പലിശ നിരക്ക് ഉടന്‍ ഫെഡറല്‍ ബജറ്റിനെയും സര്‍ക്കാറിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെയും ബാധിക്കും.
ജൂണ്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം യു എസ് ഗവണ്‍മെന്റിന്റെ മുഴുവന്‍ സമ്പദ്വ്യവസ്ഥയും ഒരു വര്‍ഷത്തില്‍ ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ കൂടുതലാണ് കടബാധ്യത. വലിയ പരിഷ്‌കാരങ്ങള്‍ വരുത്തിയില്ലെങ്കില്‍ 2055 ആകുമ്പോഴേക്കും കടം ജി ഡി പിയുടെ 156 ശതമാനമായി ഉയരുമെന്ന് കോണ്‍ഗ്രസ് ബജറ്റ് ഓഫീസ് പ്രവചിക്കുന്നു.
നിലവിലെ നിലവാരത്തില്‍ വര്‍ധിച്ചുവരുന്ന ചെലവുകളും വരുമാന വളര്‍ച്ചയും മൂലം 2 ട്രില്യന്‍ ഡോളര്‍ വാര്‍ഷിക കമ്മി കടം കുതിച്ചുയരുകയാണ്.
പലിശ ബില്ലാണ് ഏറ്റവും അടിയന്തരമായ ഭീഷണി. എല്ലാ ഫെഡറല്‍ നികുതി വരുമാനത്തിന്റെയും ഏകദേശം നാലിലൊന്ന് ഇപ്പോള്‍ കടം തീര്‍ക്കുന്നതിനാണ് ചെലവഴിക്കുന്നത്. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ആശ്രയിക്കുന്ന പ്രോഗ്രാമുകളായ സോഷ്യല്‍ സെക്യൂരിറ്റി, മെഡികെയര്‍, ദേശീയ പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള ഫണ്ടിംഗ് കുറയുകയാണ്.
പലിശ വര്‍ധിക്കുന്നതോടെ ബജറ്റ് വെട്ടിക്കുറവുകള്‍ വരുത്തുന്നു എന്നതിനോടൊപ്പം സ്വകാര്യ നിക്ഷേപത്തെ പിന്നോട്ടടിപ്പിക്കുകയും കടം വാങ്ങല്‍ ചെലവുകള്‍ വര്‍ധിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യുമെന്നതാണ് അപകടകരമായ കാര്യമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കടബാധ്യത നിയന്ത്രിച്ചില്ലെങ്കില്‍ അടുത്ത ദശകത്തില്‍ ജി ഡി പി 340 ബില്യണ്‍ ഡോളര്‍ ചുരുങ്ങുമെന്ന് സി ബി ഒ കണക്കാക്കുന്നു. ഇത് 1.2 ദശലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും വേതന വളര്‍ച്ച മന്ദഗതിയിലാക്കുകയും ചെയ്യും.
ആഗോള വായ്പാദാതാക്കള്‍ യു എസ് കമ്മി നികത്തുന്നതിന് ഉയര്‍ന്ന വരുമാനം ആവശ്യപ്പെടുമ്പോള്‍ ബിസിനസുകള്‍, വീട്ടുടമസ്ഥര്‍, ഫെഡറല്‍ ഗവണ്‍മെന്റ് എന്നിവയ്ക്ക് വായ്പയെടുക്കുന്നതിനുള്ള ചെലവ് വര്‍ധിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ ഭീഷണി കൂടുതല്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ധനകാര്യം കൈകാര്യം ചെയ്യാനുള്ള കഴിവില്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ പലിശ നിരക്കുകളില്‍ കുത്തനെയുള്ള വര്‍ധനവോ ഡോളര്‍ തകര്‍ച്ചയോ ഉണ്ടാകാം. ഇത് സാമ്പത്തിക സ്ഥിരതയെ ദുര്‍ബലപ്പെടുത്തുകയും ആഗോള തലത്തില്‍ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
യു എസ് സമ്പദ്വ്യവസ്ഥ വളര്‍ന്നു കൊണ്ടിരിക്കുന്നുണ്ടെങ്കില്‍ വേഗതയില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. ഈ വര്‍ഷം ജി ഡി പി വളര്‍ച്ച 1.4 മുതല്‍ 1.6 ശതമാനം മാത്രമായിരിക്കുമെന്നാണ് പ്രവചനം. തൊഴിലില്ലായ്മ വര്‍ധിക്കുകയും പണപ്പെരുപ്പം ലക്ഷ്യത്തിന് മുകളിലാവുകയും ചെയ്യുന്നു.
സാമ്പത്തിക വിദഗ്ധരും ബിസിനസ് രംഗത്തെ പ്രമുഖരും എലോണ്‍ മസ്‌കിനെ പോലുള്ള വ്യക്തികളുടെ മുന്‍ അഭിപ്രായങ്ങളും ദീര്‍ഘവീക്ഷണത്തോടെ ഉള്ളതായിരുന്നുവെന്നാണ് അനുഭവപ്പെടുന്നത്.
