വാഷിംഗടണ്‍/ തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം ഒമാന്‍ തീരത്തുള്ള അന്താരാഷ്ട്ര സമുദ്രപാതയില്‍ മൂന്ന് ചരക്കുകപ്പലുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇറാനിലെ ലക്ഷ്യങ്ങള്‍ക്കു നേരെ അമേരിക്ക ബുധനാഴ്ച പുലര്‍ച്ചെ വീണ്ടും വ്യോമാക്രമണം നടത്തി. നിരപരാധികളായ സാധാരണക്കാരുള്ള വാണിജ്യക്കപ്പലുകളെ ആക്രമിച്ചതിന് കനത്ത വില നല്‍കിക്കൊടുക്കാനാണ് നടപടിയെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഒമാന്‍ തീരത്തിനടുത്ത് സര്‍വീസ് നടത്തിയിരുന്ന മൂന്ന് വാണിജ്യക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സൈനിക നടപടി സ്വീകരിച്ചതെന്നും ആക്രമണത്തില്‍ ലക്ഷ്യമിട്ട ഇറാനിയന്‍ കേന്ദ്രങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിട്ടിട്ടില്ലെന്നും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
ഇറാന്റെ ആക്രമണനടപടി യാതൊരു പ്രകോപനവുമില്ലാത്തതും അത്യന്തം അപകടകരവും വെടിനിര്‍ത്തല്‍ കരാറിന്റെ വ്യക്തമായ ലംഘനവുമാണെന്ന് അമേരിക്ക പ്രസ്താവനയില്‍ ആരോപിച്ചു. അതേസമയം, അമേരിക്കന്‍ ആക്രമണത്തോട് ഇറാന്‍ പ്രതികരിച്ചിട്ടില്ല. ആക്രമണത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെയും ആളപായത്തിന്റെയും കൃത്യമായ വിവരങ്ങളും പുറത്തുവന്നിട്ടില്ല.
അമേരിക്കന്‍ മുന്നറിയിപ്പിന് മണിക്കൂറുകള്‍ക്കുശേഷം തെക്കന്‍ ഇറാനിലെ സിറിക് കൗണ്ടിയില്‍ നിരവധി സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാനിലെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെഹര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സ്‌ഫോടനങ്ങളുടെ കാരണം സംബന്ധിച്ച് സൈന്യമോ മറ്റ് ഔദ്യോഗിക ഏജന്‍സികളോ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്ക- ഇറാന്‍ ഇസ്ലാമാബാദ് ധാരണാപത്രം അമേരിക്ക ലംഘിച്ചതായി ഇറാന്‍ ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി ആരോപിച്ചു. ഇറാനിയന്‍ എണ്ണ വില്‍പ്പനയ്ക്ക് അനുവദിച്ചിരുന്ന ഇളവ് അമേരിക്ക പിന്‍വലിച്ചത് ധാരണാപത്രത്തിലെ പത്താം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനമാണ് എന്ന് അദ്ദേഹം എക്സിലെ കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ ധാരണാപത്രത്തിലെ ഒന്നും രണ്ടും അനുച്ഛേദങ്ങളും അമേരിക്ക ആവര്‍ത്തിച്ച് ലംഘിച്ചതായും ലെബനനില്‍ ഇസ്രായേല്‍ നടത്തിയ നടപടികളും ഇറാനെതിരായ ഭീഷണിപരമായ പ്രസ്താവനകളും അതിന് ഉദാഹരണമാണെന്നും ഗരീബാബാദി ആരോപിച്ചു.
അമേരിക്ക കരാര്‍ ലംഘിച്ചതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാജ്യത്തിന്റെ ദേശീയ താത്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കാന്‍ ഇറാന്‍ നിര്‍ണായക നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
