ഇറാന്റെ ദുര്‍ബലാവസ്ഥ ഉപയോഗപ്പെടുത്തി കൂടുതല്‍ കര്‍ശന ആണവകരാര്‍ ഉറപ്പാക്കണം: നിക്കി ഹേലി

ഇറാന്റെ ദുര്‍ബലാവസ്ഥ ഉപയോഗപ്പെടുത്തി കൂടുതല്‍ കര്‍ശന ആണവകരാര്‍ ഉറപ്പാക്കണം: നിക്കി ഹേലി


വാഷിംഗ്ടണ്‍: ഇറാന്റെ നിലവിലെ സാമ്പത്തികവും സൈനികവുമായ ദുര്‍ബലാവസ്ഥ അമേരിക്ക മുതലെടുത്ത് തെഹ്‌റാന്റെ ആണവപരിപാടി പൂര്‍ണമായും അവസാനിപ്പിക്കുന്ന തരത്തിലുള്ള കൂടുതല്‍ കര്‍ശനമായ കരാര്‍ ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ മുന്‍ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹേലി ആവശ്യപ്പെട്ടു. നിലവിലെ അമേരിക്ക- ഇറാന്‍ ധാരണാപത്രം തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സി എന്‍ ബി സിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹേലിയുടെ പ്രതികരണം. നിലവിലെ ധാരണാപത്രത്തില്‍ അമേരിക്ക ഇതുവരെ അന്തിമമായി ഒപ്പുവെച്ചിട്ടില്ലെന്നും കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ പുതിയ കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഇപ്പോഴും അവസരമുണ്ടെന്നും അവര്‍ പറഞ്ഞു. ഇറാന്റെ ആണവ പരിപാടി പൂര്‍ണമായും ഇല്ലാതാക്കുന്ന കരാറിനാണ് ശ്രമിക്കേണ്ടതെന്നും ഹേലി വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാനിയന്‍ കേന്ദ്രങ്ങള്‍ക്കെതിരെ അമേരിക്ക നടത്തിയ സൈനികാക്രമണങ്ങളും അതിനെത്തുടര്‍ന്ന് വാഷിംഗ്ടണും തെഹ്‌റാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഹേലിയുടെ പ്രതികരണം.

അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍, തീരനിരീക്ഷണ കേന്ദ്രങ്ങള്‍, കപ്പല്‍വിരുദ്ധ ക്രൂയിസ് മിസൈല്‍ താവളങ്ങള്‍, ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, തുറമുഖ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്.

വാഷിംഗ്ടണും തെഹ്‌റാനും തമ്മില്‍ ഒരാഴ്ചത്തെ ആക്രമണവിരാമം അവസാനിച്ചതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യക്കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വീണ്ടും ആക്രമണം ആരംഭിച്ചതോടെയാണ് അമേരിക്കയുടെ സൈനിക നടപടി ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര സമുദ്രപാതയിലൂടെ സഞ്ചരിക്കുന്ന വാണിജ്യക്കപ്പലുകള്‍ ആക്രമിച്ചതിന് 'കനത്ത വില നല്‍കിക്കൊടുക്കുക' എന്ന ലക്ഷ്യത്തോടെയാണ് നടപടി സ്വീകരിച്ചതെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, ഇറാനിയന്‍ എണ്ണ വില്‍പ്പനയ്ക്ക് അനുവദിച്ചിരുന്ന ഇളവ് അമേരിക്ക പിന്‍വലിച്ചത് അമേരിക്ക- ഇറാന്‍- ഇസ്ലാമാബാദ് ധാരണാപത്രത്തിലെ പത്താം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഇറാന്‍ ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി ആരോപിച്ചു. ലെബനനുമായി ബന്ധപ്പെട്ട ഇസ്രായേലിന്റെ നടപടികളിലും ഇറാനെതിരായ ഭീഷണിപരമായ പ്രസ്താവനകളിലൂടെയും അമേരിക്ക ധാരണാപത്രത്തിലെ ഒന്നും രണ്ടും അനുച്ഛേദങ്ങളും ആവര്‍ത്തിച്ച് ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്കയുടെ കരാര്‍ ലംഘനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഗരീബാബാദി, ദേശീയ താത്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കാന്‍ ഇറാന്‍ നിര്‍ണായക നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.