കറാച്ചിക്ക് സമീപം അഞ്ച് ജീവനക്കാരുമായി ബോയിങ് 737 ചരക്കുവിമാനം കാണാതായി

കറാച്ചിക്ക് സമീപം അഞ്ച് ജീവനക്കാരുമായി ബോയിങ് 737 ചരക്കുവിമാനം കാണാതായി


കറാച്ചി: അഞ്ച് ജീവനക്കാരുമായി യു എ ഇയിലെ ഷാര്‍ജയില്‍ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട ബോയിങ് 737 ചരക്കുവിമാനത്തിന് ചൊവ്വാഴ്ച രാത്രി എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി പാകിസ്ഥാന്‍ വ്യോമയാന അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. തുടര്‍ന്ന് അറബിക്കടലില്‍ വ്യാപകമായ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു.

പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിവരമനുസരിച്ച് വിമാനത്തിന്റെ റഡാര്‍ വിവരങ്ങള്‍ അതിവേഗത്തില്‍ ഉയരം കുറയുന്നതാണ് കാണിച്ചത്. ഇതിന് പിന്നാലെ വിമാനവുമായുള്ള ആശയവിനിമയം പൂര്‍ണമായും നഷ്ടമായി.

ആഗോള വിമാന നിരീക്ഷണ സേവനമായ ഫ്‌ളൈറ്റ്‌റഡാര്‍24 പുറത്തുവിട്ട പ്രാഥമിക വിവരങ്ങള്‍ പ്രകാരം ആദ്യം വിമാനം ഉയരം കുറച്ചശേഷം വീണ്ടും ഉയരത്തിലേക്ക് കയറിയതായും തുടര്‍ന്ന് അസാധാരണമായ വേഗത്തില്‍ വീണ്ടും താഴേക്ക് പതിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.

വിമാനത്തില്‍ നിന്ന് അവസാനമായി ലഭിച്ച വിവരമനുസരിച്ച് സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1,100 അടി (335 മീറ്റര്‍) ഉയരത്തിലായിരുന്ന വിമാനം മിനിറ്റില്‍ 22,400 അടി എന്ന അത്യന്തം അസാധാരണമായ വേഗത്തില്‍ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രാദേശിക മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ബലൂചിസ്ഥാനിലെ ഓര്‍മാറയ്ക്ക് സമീപം അറബിക്കടലിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം കാണാതായത്.

കാണാതായ വിമാനത്തെ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തന ഏകോപന കേന്ദ്രം സജ്ജമാക്കിയതായും കടലില്‍ തിരച്ചില്‍ ശക്തമാക്കിയതായും പാകിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

സ്വകാര്യ ചരക്കുവിമാന കമ്പനിയായ കെ2 എയര്‍വേയ്‌സ് ആണ് വിമാനം സര്‍വീസ് നടത്തിയത്. ആഭ്യന്തര, അന്തര്‍ദേശീയ ചരക്ക് സര്‍വീസുകളും ചാര്‍ട്ടര്‍ സര്‍വീസുകളും നടത്തുന്ന കമ്പനിയാണ് കെ2 എയര്‍വേയ്‌സ്.

1999ല്‍ നിര്‍മ്മിച്ച ഈ ബോയിങ് 737 ആദ്യം യാത്രാ വിമാനമായാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് 2012ല്‍ ചരക്കുവിമാനമായി രൂപമാറ്റം വരുത്തുകയായിരുന്നു. മുമ്പ് റഷ്യന്‍ വിമാനക്കമ്പനിയായ എയറോഫ്‌ളോട്ടും ഇന്‍ഡോനേഷ്യന്‍ വിമാനക്കമ്പനിയായ ഗരുഡ ഇന്‍ഡോനേഷ്യയും ഈ വിമാനം സര്‍വീസ് നടത്തിയിരുന്നു.

2020 മെയ് മാസത്തിലാണ് കറാച്ചിയില്‍ അവസാനമായി വലിയ ജെറ്റ് വിമാനാപകടം ഉണ്ടായത്. 98 പേരുമായി എത്തിയ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം ലാന്‍ഡിങ്ങിനിടെ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് വിമാനത്താവളത്തിന് സമീപത്തെ ജനവാസ മേഖലയിലേക്ക് തകര്‍ന്നുവീണിരുന്നു. ആ അപകടത്തില്‍ ഒരാള്‍ ഒഴികെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരുന്നു. പൈലറ്റ്, സഹപൈലറ്റ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ എന്നിവരുടെ പിഴവുകളാണ് അപകടത്തിന് കാരണമായതെന്ന് പിന്നീട് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.