ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷം; എണ്ണവില 2.6 ശതമാനത്തിലേറെ ഉയര്‍ന്നു

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷം; എണ്ണവില 2.6 ശതമാനത്തിലേറെ ഉയര്‍ന്നു


ന്യൂയോര്‍ക്ക്/ ഹെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാനിലെ ലക്ഷ്യങ്ങള്‍ക്കു നേരെ അമേരിക്ക വീണ്ടും സൈനികാക്രമണം നടത്തിയതോടെ ആഗോള എണ്ണവിപണിയില്‍ ആശങ്ക ശക്തമായി. ഇതോടെ ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ അസംസ്‌കൃത എണ്ണവില 2.63 ശതമാനം ഉയര്‍ന്നു.

അമേരിക്കന്‍ ബെഞ്ച്മാര്‍ക്ക് എണ്ണയായ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യു ടി ഐ) ഒരു ബാരലിന് 72.29 ഡോളറിലെത്തി. ചൊവ്വാഴ്ചയും എണ്ണവില 2.76 ശതമാനം ഉയര്‍ന്നിരുന്നു.

ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് വാണിജ്യക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇറാനിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരുന്നു. ഇതോടെയാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടല്‍പ്പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയര്‍ന്നത്.

ഹോര്‍മുസ് കടലിടുക്കിനും സമീപ പ്രദേശങ്ങള്‍ക്കും സമീപം നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖെഷ്ം ദ്വീപില്‍ ആറ് സ്‌ഫോടനങ്ങളും സിറിക് നഗരത്തില്‍ ഏഴ് സ്‌ഫോടനങ്ങളും പ്രധാന തുറമുഖമായ ബന്ദര്‍ അബ്ബാസിന് സമീപം കൂടുതല്‍ സ്‌ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വാണിജ്യക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സൈനിക നടപടി സ്വീകരിച്ചതെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്രപാതയിലെ കപ്പലുകള്‍ ആക്രമിക്കുന്നതിന് വലിയ വില നല്‍കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.

അമേരിക്ക- ഇറാന്‍ ധാരണാപത്രം അമേരിക്ക ലംഘിച്ചതായി ആരോപിച്ച ഇറാന്‍ ഈ നടപടിക്ക് ശക്തമായ മറുപടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി. ദേശീയ താല്‍പര്യങ്ങളും സുരക്ഷയും സംരക്ഷിക്കാന്‍ നിര്‍ണായക നടപടികള്‍ സ്വീകരിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

പുതിയ ആക്രമണങ്ങളോടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതം വീണ്ടും പ്രതിസന്ധിയിലായി. അമേരിക്കയും ഇറാനും തമ്മിലുള്ള താത്ക്കാലിക ധാരണയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്ഥിതി ശാന്തമായിരുന്നെങ്കിലും പുതിയ സംഭവവികാസങ്ങള്‍ ആശങ്കകള്‍ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്.

ബ്രിട്ടന്റെ സമുദ്രസുരക്ഷാ ഏജന്‍സിയുടെ വിവരമനുസരിച്ച് അജ്ഞാത പ്രൊജക്ടൈല്‍ പതിച്ചതിനെ തുടര്‍ന്ന് ഒരു എണ്ണക്കപ്പലില്‍ തീപിടിച്ചു. തുടര്‍ന്ന് രണ്ട് കപ്പലുകള്‍ കൂടി ആക്രമിക്കപ്പെട്ടതായും അവയില്‍ കുറഞ്ഞത് ഒരു കപ്പലിനെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഒമാന്‍ തീരത്തിന് സമീപത്തുകൂടി കടന്നുപോകുന്ന മൂന്ന് കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ മേഖലയിലൂടെ താത്ക്കാലിക സുരക്ഷിത കപ്പല്‍ഗതാഗത പാത നിര്‍ദേശിച്ചിരുന്നെങ്കിലും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവും അതുമായി ബന്ധപ്പെട്ട ഫീസുകളും തങ്ങളുടെ അധികാരപരിധിയിലാണെന്ന നിലപാടാണ് ഇറാന്‍ സ്വീകരിച്ചിരിക്കുന്നത്.

ആക്രമണത്തിനിരയായ കപ്പലുകളില്‍ ഒന്ന് ഖത്തറിന്റെ ദ്രവീകൃത പ്രകൃതി വാതക ടാങ്കറായ അല്‍ റെഖയ്യാത്ത് ആണെന്ന് ഖത്തര്‍ അറിയിച്ചു. ആക്രമണത്തിന് ഇറാനെയാണ് ഖത്തര്‍ ഉത്തരവാദിയാക്കിയിരിക്കുന്നത്. തുടര്‍ന്ന് ഇറാന്റെ ഉപസ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തു.

ആക്രമണത്തിന്റെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും പൂര്‍ണ നിയമപരമായ ഉത്തരവാദിത്തം ഇറാനാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി വ്യക്തമാക്കി. എന്നാല്‍ ഈ ആരോപണം ഇറാന്‍ തള്ളിക്കളയുകയും ഖത്തറിന്റെ പ്രസ്താവനയില്‍ നിരാശ രേഖപ്പെടുത്തുകയും ചെയ്തു.