കേരളത്തിലെ മുതിര്‍ന്നവരില്‍ സാമ്പത്തിക ദാരിദ്ര്യമല്ല പരിചരണ ദാരിദ്ര്യമെന്ന് പഠനം

കേരളത്തിലെ മുതിര്‍ന്നവരില്‍ സാമ്പത്തിക ദാരിദ്ര്യമല്ല പരിചരണ ദാരിദ്ര്യമെന്ന് പഠനം


തിരുവനന്തപുരം: കേരളം അതിവേഗം പ്രായമേറുന്ന സമൂഹമായി മാറുകയാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വയോജനങ്ങള്‍ ഉള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 20.7 ശതമാനവും ഇപ്പോള്‍ മുതിര്‍ന്ന പൗരന്മാരാണ്.

ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, ജനനനിരക്കിലെ കുറവ്, വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്തേക്കും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കുമുള്ള കുടിയേറ്റം എന്നിവയാണ് ഈ ജനസംഖ്യാപരമായ മാറ്റത്തിന് പ്രധാന കാരണങ്ങള്‍. വികസനത്തിന്റെ സൂചകമായ ഈ മാറ്റങ്ങള്‍ക്കൊപ്പം മറ്റൊരു സാമൂഹിക വെല്ലുവിളിയും കേരളം അഭിമുഖീകരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മുമ്പ് കൂട്ടുകുടുംബങ്ങളില്‍ മക്കളുടെയും ബന്ധുക്കളുടെയും പരിചരണത്തില്‍ ജീവിച്ചിരുന്ന വയോജനങ്ങളില്‍ പലരും ഇന്ന് സാമ്പത്തികമായി സുരക്ഷിതരാണെങ്കിലും മക്കള്‍ വിദേശത്തോ മറ്റ് നഗരങ്ങളിലോ താമസിക്കുന്നതിനാല്‍ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ട സാഹചര്യം വര്‍ധിച്ചുവരികയാണ്. അതിനാല്‍ കേരളത്തിലെ വയോജനങ്ങളുടെ പ്രശ്‌നം ഇനി സാമ്പത്തിക ദാരിദ്ര്യമല്ല, മറിച്ച് 'പരിചരണ ദാരിദ്ര്യം' ആണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

നഗരവത്ക്കരണവും കുടിയേറ്റവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുടുംബങ്ങള്‍ നിര്‍വഹിച്ചിരുന്ന പരിചരണ ചുമതലകള്‍ ഇനി സ്ഥാപനതലത്തിലുള്ള സേവനങ്ങളിലൂടെ ഉറപ്പാക്കേണ്ട സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വയോജന സംരക്ഷണത്തിനും സേവനങ്ങള്‍ വിപുലീകരിക്കാനും കേരളത്തിന് പ്രത്യേക സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജപ്പാനിലെ ആഭ്യന്തരകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2025 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം 3.619 കോടി ആണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത് 50,000 പേരുടെ കുറവാണിത്.

പുരുഷന്മാരില്‍ 65 വയസിന് മുകളിലുള്ളവര്‍ 1.568 കോടി (26.2 ശതമാനം) ആണെങ്കില്‍ സ്ത്രീകളില്‍ ഇത് 2.051 കോടി (32.4 ശതമാനം) ആണ്. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ മുതിര്‍ന്ന പൗരന്മാരുടെ വിഹിതം ഓരോ വര്‍ഷവും ഉയരുകയാണ്.

ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്റ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ച് നടത്തിയ പ്രവചനമനുസരിച്ച്, 2040ഓടെ രാജ്യത്തെ ജനസംഖ്യയുടെ 34.8 ശതമാനവും 65 വയസിന് മുകളിലുള്ളവരായിരിക്കും.

അതേസമയം, 2024ല്‍ ജപ്പാനില്‍ തൊഴില്‍ ചെയ്യുന്ന 65 വയസിന് മുകളിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായി 21-ാം വര്‍ഷവും വര്‍ധിച്ച് റെക്കോര്‍ഡായ 93 ലക്ഷം ആയി. രാജ്യത്തെ മൊത്തം തൊഴില്‍ശക്തിയുടെ 13.7 ശതമാനവും ഇവരാണ്.

വയോജന തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നത് മൊത്ത- ചില്ലറ വ്യാപാര മേഖലയിലാണ് (13.3 ലക്ഷം). തുടര്‍ന്ന് ആരോഗ്യ- ക്ഷേമ മേഖലയില്‍ 11.5 ലക്ഷവും സേവനമേഖലയില്‍ 10.4 ലക്ഷവും മുതിര്‍ന്ന പൗരന്മാര്‍ ജോലി ചെയ്യുന്നു.

കേരളവും ജപ്പാനും അതിവേഗം പ്രായമേറുന്ന സമൂഹങ്ങളായി മാറുകയാണെങ്കിലും ജപ്പാനിലെ പ്രധാന വെല്ലുവിളി തൊഴില്‍ശക്തിയുടെ കുറവാണെങ്കില്‍ കേരളം നേരിടുന്നത് ഒറ്റപ്പെടലും പരിചരണക്കുറവും മൂലമുള്ള സാമൂഹിക വെല്ലുവിളികളാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.