ഗോള്‍ഡി ബ്രാറിനെ പിടികൂടാന്‍ 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് എഫ് ബി ഐ; നിജ്ജാര്‍ വധക്കേസില്‍ ബിഷ്ണോയിക്കൊപ്പം കുറ്റം ചുമത്തി

ഗോള്‍ഡി ബ്രാറിനെ പിടികൂടാന്‍ 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് എഫ് ബി ഐ; നിജ്ജാര്‍ വധക്കേസില്‍ ബിഷ്ണോയിക്കൊപ്പം കുറ്റം ചുമത്തി


വാഷിംഗ്്ടണ്‍: ലോറന്‍സ് ബിഷ്ണോയ് നേതൃത്വത്തിലുള്ള സംഘടിത കുറ്റകൃത്യ ശൃംഖലയ്ക്കെതിരായ നടപടി ശക്തമാക്കി അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ് ബി ഐ). ബിഷ്ണോയ് സംഘത്തിലെ പ്രധാന സഹായി സതീന്ദര്‍ജീത് സിംഗ് അഥവാ ഗോള്‍ഡി ബ്രാറിനെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ക്ക് 50,000 അമേരിക്കന്‍ ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ചു.

ബുധനാഴ്ച എക്സിലെ മോസ്റ്റ് വാണ്ടഡ് അക്കൗണ്ടിലൂടെയാണ് എഫ് ബി ഐ ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലും കാനഡയിലും തെക്കന്‍ കാലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നടന്ന അക്രമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ലോറന്‍സ് ബിഷ്ണോയ് സംഘടിത കുറ്റകൃത്യ സംഘത്തിലെ പ്രധാന നേതാവാണ് ഗോള്‍ഡി ബ്രാറെന്ന് എഫ് ബി ഐ ആരോപിച്ചു. ഇയാള്‍ നിലവില്‍ അമേരിക്കയില്‍ ഒളിവില്‍ കഴിയുകയാണെന്നും വടക്കേ അമേരിക്കയിലെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായും എഫ് ബി ഐ വ്യക്തമാക്കി.

ലോസ് ആഞ്ചലസിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയാണ് ജൂലൈ 1ന് ഗോള്‍ഡി ബ്രാറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സംഘടിത കുറ്റകൃത്യ ഗൂഢാലോചന, ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ഗൂഢാലോചന, മയക്കുമരുന്നുകള്‍ വിതരണം ചെയ്യാനും കൈവശം വയ്ക്കാനുമുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബ്രിട്ടീഷ് കൊളംബിയയിലെ സറെയില്‍ 2023 ജൂണ്‍ 18ന് കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ വിഘടനവാദ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ലോറന്‍സ് ബിഷ്ണോയിക്കും ഗോള്‍ഡി ബ്രാറിനുമെതിരെ അമേരിക്കന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയതിന് പിന്നാലെയാണ് എഫ് ബ ിഐയുടെ പാരിതോഷിക പ്രഖ്യാപനം.

അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ വിവരമനുസരിച്ച് ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതായി ആരോപിക്കപ്പെടുന്ന സംഘടിത കുറ്റകൃത്യ സംഘങ്ങള്‍ക്കെതിരെ നടത്തിയ 'ഓപ്പറേഷന്‍ ഹാര്‍ഡ് ബോള്‍' എന്ന സംയുക്ത നടപടിയുടെ ഭാഗമായി സമര്‍പ്പിച്ച മൂന്ന് ഫെഡറല്‍ കുറ്റപത്രങ്ങളില്‍ പേരുള്ള 37 പ്രതികളില്‍ ബിഷ്ണോയിയും ഗോള്‍ഡി ബ്രാറും ഉള്‍പ്പെടുന്നു. കൊലപാതകങ്ങള്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, അന്തര്‍ദേശീയ മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്.

നിജ്ജാറിനെ വധിക്കാന്‍ ബിഷ്ണോയിയും ഗോള്‍ഡി ബ്രാറും നിര്‍ദേശം നല്‍കിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. സറെയിലെ സിഖ് ഗുരുദ്വാരയ്ക്ക് പുറത്ത് രണ്ട് അക്രമികളാണ് നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ജഗ്ഗു ഭഗവാന്‍പുരിയ, രവീന്ദര്‍ സിംഗ് ധന്ദ എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. ധന്ദ അന്തര്‍ദേശീയ മയക്കുമരുന്ന് ശൃംഖല നിയന്ത്രിച്ചിരുന്നുവെന്നും ഭഗവാന്‍പുരിയ അമേരിക്ക, കാനഡ, ബ്രിട്ടന്‍, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരുന്ന അന്തര്‍ദേശീയ കുറ്റകൃത്യ ശൃംഖലയുടെ ഭാഗമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

അതേസമയം, കുറ്റപത്രത്തിലുള്ള ആരോപണങ്ങള്‍ ഇതുവരെ കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കുറ്റം കോടതി തെളിയിക്കുന്നതുവരെ എല്ലാ പ്രതികളും നിയമപരമായി നിരപരാധികളായി കണക്കാക്കപ്പെടുമെന്നും അമേരിക്കന്‍ നീതിന്യായ വകുപ്പ് വ്യക്തമാക്കി.