'എന്നെ വധിച്ചാൽ ഇറാനെ ഇതുവരെ കാണാത്ത രീതിയിൽ ബോംബിട്ട് തകർക്കണം'; ട്രംപിന്റെ മുന്നറിയിപ്പ്

'എന്നെ വധിച്ചാൽ ഇറാനെ ഇതുവരെ കാണാത്ത രീതിയിൽ ബോംബിട്ട് തകർക്കണം'; ട്രംപിന്റെ മുന്നറിയിപ്പ്


വാഷിങ്ടൺ: തനിക്ക് നേരെയുള്ള വധശ്രമം വിജയിച്ചാൽ ഇറാനെ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ ആക്രമിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'വളരെക്കാലമായി ഞാൻ അവരുടെ ലക്ഷ്യപ്പട്ടികയിലുണ്ട്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇറാനെ അവർ ഇതുവരെ കണ്ടിട്ടില്ലാത്ത തോതിൽ ബോംബിട്ട് ആക്രമിക്കണമെന്നാണ് ഞാൻ നിർദേശം നൽകിയിരിക്കുന്നത്,' ട്രംപ് പറഞ്ഞു.

 പുതിയ വധപദ്ധതി സംബന്ധിച്ച രഹസ്യവിവരം ഇസ്രായേൽ നൽകിയെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളി. ഇറാൻ വർഷങ്ങളായി തന്നെ വധിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പുതിയ ഗൂഢാലോചനയൊന്നുമല്ല ഇതെന്നും ട്രംപ് പറഞ്ഞു.

2020ൽ ഇറാഖിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ട്രംപിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 2024ൽ ട്രംപിനെ വധിക്കാൻ പദ്ധതിയിട്ടെന്ന ആരോപണത്തിൽ ഇറാനുമായി ബന്ധമുള്ള ഒരാൾക്കെതിരെ അമേരിക്ക കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

ഹോർമുസ് കടലിടുക്കിൽ വാണിജ്യക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന. വെടിനിർത്തൽ അവസാനിച്ചതായി കഴിഞ്ഞ ദിവസം അദ്ദേഹം പ്രഖ്യാപിക്കുകയും ഇറാൻ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാരച്ചടങ്ങിനിടെ ട്രംപിനെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. 'ട്രംപിനെ കൊല്ലും' എന്നെഴുതിയ ബാനറുകളും ചടങ്ങിനിടെ പ്രദർശിപ്പിക്കപ്പെട്ടു.

ബുധനാഴ്ചയും താൻ ഇറാന്റെ വധലക്ഷ്യപ്പട്ടികയിലാണെന്ന് ട്രംപ് ആവർത്തിച്ചിരുന്നു. അമേരിക്കൻ നേതൃത്വത്തെ ലക്ഷ്യമിടുകയാണ് ഇറാന്റെ ഉദ്ദേശ്യമെന്നും അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.