മുൻ ബ്രിട്ടീഷ് മന്ത്രി ആൻ വിഡികോംബ് കൊല്ലപ്പെട്ട നിലയിൽ; 26കാരൻ അറസ്റ്റിൽ

മുൻ ബ്രിട്ടീഷ് മന്ത്രി ആൻ വിഡികോംബ് കൊല്ലപ്പെട്ട നിലയിൽ; 26കാരൻ അറസ്റ്റിൽ


ലണ്ടൻ: മുൻ ബ്രിട്ടീഷ് മന്ത്രിയും മുൻ എംപിയും ടെലിവിഷൻ അവതാരകയുമായിരുന്ന ആൻ വിഡികോംബ് (78) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ കൊലപാതകിയെന്ന സംശയത്തിൽ 26 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡാർട്മൂർ ദേശീയോദ്യാനത്തിന് സമീപമുള്ള ഹെയ്റ്റർ വെയ്‌ലിലെ വസതിയിലാണ് വ്യാഴാഴ്ച ഗുരുതര പരിക്കുകളോടെ വിഡികോംബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.

സംഭവം ഭീകരാക്രമണമല്ലെന്നും രാഷ്ട്രീയപ്രേരിതമായ കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും നിലവിൽ ലഭിച്ചിട്ടില്ലെന്നും ഡെവൺകോർൺവാൾ പൊലീസ് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ മാറ്റ് ലോങ്മാൻ അറിയിച്ചു. സംഭവത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിഡികോംബിന്റെ മരണത്തിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമർ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന് വലിയ സംഭാവനകൾ നൽകിയ രാഷ്ട്രീയനേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ഊഹാപോഹങ്ങൾ വേണ്ടെന്നും സ്റ്റാർമർ അഭ്യർഥിച്ചു.

1987 മുതൽ 2010 വരെ കൺസർവേറ്റീവ് പാർട്ടി എംപിയായിരുന്ന വിഡികോംബ് മുൻ പ്രധാനമന്ത്രി ജോൺ മേജറുടെ മന്ത്രിസഭയിൽ മന്ത്രിയായും പ്രവർത്തിച്ചിരുന്നു. ഗർഭഛിദ്രത്തെയും എൽജിബിടിക്യു അവകാശങ്ങളുടെ വ്യാപനത്തെയും എതിർത്ത യാഥാസ്ഥിതിക നിലപാടുകളിലൂടെ അവർ ശ്രദ്ധേയയായിരുന്നു.

പാർലമെന്റിൽ നിന്ന് വിരമിച്ച ശേഷം 'സ്ട്രിക്റ്റ്‌ലി കം ഡാൻസിംഗ്', 'സെലിബ്രിറ്റി ബിഗ് ബ്രദർ' തുടങ്ങിയ ടെലിവിഷൻ പരിപാടികളിലൂടെ പൊതുജനങ്ങൾക്കിടയിലും അവർ സുപരിചിതയായി. പിന്നീട് ബ്രെക്‌സിറ്റ് പാർട്ടിയിലും തുടർന്ന് കുടിയേറ്റവിരുദ്ധ നിലപാടുള്ള റീഫോം യു.കെ. പാർട്ടിയുടെ വക്താവായും പ്രവർത്തിച്ചു.