എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി കാര്‍ലോസ് സ്ലിം ബന്ധം വിച്ഛേദിച്ചു; സ്വതന്ത്ര നെറ്റ്വര്‍ക്കില്‍ നിക്ഷേപിച്ചത് 22 ബില്യണ്‍ ഡോളര്‍

എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി കാര്‍ലോസ് സ്ലിം ബന്ധം വിച്ഛേദിച്ചു; സ്വതന്ത്ര നെറ്റ്വര്‍ക്കില്‍ നിക്ഷേപിച്ചത് 22 ബില്യണ്‍ ഡോളര്‍


ന്യൂയോര്‍ക്ക്: ലാറ്റിന്‍ അമേരിക്കയിലെ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയെ പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന മെക്‌സിക്കന്‍ കോടീശ്വരന്‍ കാര്‍ലോസ് സ്ലിം എലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കുമായുള്ള സഹകരണം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്.

മെക്‌സിക്കോ ഡെയ്ലി പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത ഈ തീരുമാനം രണ്ട് ബിസിനസ് മാഗ്‌നറ്റുകള്‍ തമ്മില്‍ വര്‍ധിക്കുന്ന പിരിമുറുക്കങ്ങളെ തുടര്‍ന്നാണെന്നാണ് വ്യക്തമാകുന്നത്. സ്വതന്ത്ര അടിസ്ഥാന സൗകര്യ വികസനത്തിലേക്കുള്ള സ്ലിമിന്റെ തന്ത്രപരമായ വഴിത്തിരിവിലേക്കാണ് വഴി പിരിയല്‍ കലാശിച്ചത്.

സ്ലിമിന്റെ ടെലികോം ഭീമനായ അമേരിക്ക മോവില്‍ സ്വന്തം ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 22 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ലിങ്ക് പോലുള്ള ബാഹ്യ ഉപഗ്രഹ അധിഷ്ഠിത സേവനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം വിപണി ആധിപത്യം ഉറപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. തന്ത്രപരമായ മാറ്റം ലാറ്റിന്‍ അമേരിക്കയുടെ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയുടെ മത്സര സ്വഭാവത്തെ അടിവരയിടുന്നുവെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അവിടെ പ്രധാനികള്‍  മേഖലയിലെ കണക്റ്റിവിറ്റിയില്‍ ദീര്‍ഘകാല നിയന്ത്രണം നേടാനാണ് മത്സരിക്കുന്നത്.

സ്ലിമ്മും മസ്‌കും തമ്മിലുള്ള ബന്ധത്തിലെ തകര്‍ച്ചയ്ക്ക് സ്ലിമ്മും സംഘടിത കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വിവാദ സോഷ്യല്‍ മീഡിയ പോസ്റ്റ് മസ്‌കില്‍ നിന്നും പുറത്തുവന്നത് ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടി. ആരോപണം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും പോസ്റ്റ് രണ്ട് ശതകോടീശ്വരന്മാര്‍ തമ്മിലുള്ള നിലവിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചു. മറുപടിയായി സ്റ്റാര്‍ലിങ്കുമായുള്ള എല്ലാ ബിസിനസ് ഇടപാടുകളും സ്ലിം പെട്ടെന്ന് പിന്‍വലിച്ചു. ഇത് മസ്‌കിന്റെ കമ്പനിക്ക് പ്രതീക്ഷിച്ച വരുമാനത്തില്‍ ഏകദേശം ഏഴ് ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കപ്പുറം പങ്കാളിത്തത്തിന്റെ വിച്ഛേദനം ലാറ്റിന്‍ അമേരിക്കയുടെ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ വഴിത്തിരിവാണ്.

വീഴ്ചയുടെ ശക്തി കൂടുതല്‍ വര്‍ധിപ്പിച്ചുകൊണ്ട് തന്റെ കമ്പനി അഞ്ച് വര്‍ഷത്തെ നിക്ഷേപം എതിരാളികളായ സ്ഥാപനങ്ങളിലേക്ക് തിരിച്ചുവിടുമെന്ന് സ്ലിം പ്രഖ്യാപിച്ചു. നേരത്തെ സ്റ്റാര്‍ലിങ്കിനായി നീക്കിവച്ചിരുന്നതാണിത്. ചൈനയിലും യൂറോപ്പിലും ആസ്ഥാനമായുള്ളതാണ് സ്ലിം നിക്ഷേപം പ്രഖ്യാപിച്ച സ്ഥാപനങ്ങള്‍. ഈ നീക്കം മസ്‌കിന് പ്രധാന സാമ്പത്തിക തിരിച്ചടിയുണ്ടാക്കുക മാത്രമല്ല  ആഗോള വാണിജ്യ സ്വാധീനത്തിലെ മാറ്റവും സൃഷ്ടിക്കും. യു എസില്‍ ലാറ്റിന്‍ അമേരിക്കയിലെ നിര്‍ണായക ബിസിനസ്സ് അടിത്തറ അന്താരാഷ്ട്ര എതിരാളികള്‍ക്ക് നഷ്ടമാകും.

ഒരുവശത്ത് കോര്‍പ്പറേറ്റ് സംഘര്‍ഷം പൊടിപൊടിക്കുമ്പോള്‍ ലാറ്റിന്‍ അമേരിക്കയിലുടനീളമുള്ള കണക്റ്റിവിറ്റിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് ഒരിക്കല്‍ വാഗ്ദാനം ചെയ്ത കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരു കക്ഷികളും എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് കാണാന്‍ വ്യവസായ നിരീക്ഷകര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.