ജോര്‍ജ് സോറോസിന് ബൈഡന്‍ നല്‍കിയ ആദരത്തെ ചൊല്ലി ഇന്ത്യയിലും വിവാദം

ജോര്‍ജ് സോറോസിന് ബൈഡന്‍ നല്‍കിയ ആദരത്തെ ചൊല്ലി  ഇന്ത്യയിലും വിവാദം


ന്യൂഡല്‍ഹി : ഭരണ കാലാവധി അവസാനിക്കാന്‍ വെറും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ യുഎസ് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ച പ്രസിഡന്റിന്റെ ഫ്രീഡം പുരസ്‌കാര ജേതാക്കളെക്കുറിച്ച് ഇന്ത്യയിലും വിവാദം. ബൈഡന്റെ പുസ്‌കാരം ലഭിച്ച അമേരിക്കന്‍ ശതകോടീശ്വരനും ജീവകാരണ്യപ്രവര്‍ത്തകനുമായ ജോര്‍ജ് സോറോസിനെതിരെയാണ് പ്രധാന ആരോപണം. ഇന്ത്യയിലെ നരേന്ദ്രമോഡി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നയാളാണ് സോറോസ് എന്നാണ് ബിജെപി അനുകൂല മാധ്യമങ്ങള്‍ ആരോപിക്കുന്നത്.  

പുരസ്‌കാര പ്രഖ്യാപനത്തോടെ ജോ ബൈഡന്‍ അംഗമായ ഡെമോക്രാറ്റ് പാര്‍ട്ടിക്ക് ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസുമായുള്ള ബന്ധമാണ് പുറത്ത് വരുന്നത്. ഇന്ത്യയില്‍ ജോര്‍ജ്ജ് സോറോസിന്റെ സംഘടനകളുടെ പദ്ധതിയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയുമെന്നും സംഘപരിവാര്‍ ആരോപിക്കുന്നു.

ജോര്‍ജ്ജ് സോറോസ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്ന ജേണലിസ്റ്റുകളുടെ സംഘടനയായ ഒസിസിആര്‍പി, ജോര്‍ജ്ജോ സോറോസിന്റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്ത സംഘടനയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആഗോള വൈസ് പ്രസിഡന്റായിരുന്ന സലില്‍ ഷെട്ടി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം നടന്നിട്ടുള്ള വ്യക്തിയാണ്. 2021 സെപ്തംബര്‍ മുതല്‍ 2023 ആഗസ്ത് വരെ രണ്ട് വര്‍ഷക്കാലം സലില്‍ ഷെട്ടിയായിരുന്നു ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആഗോള വൈസ് പ്രസിഡന്റ്്.

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പെടുത്താന്‍ ശ്രമിക്കുന്നയാളാണ് സോറോസ് എന്നും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായി ബന്ധമുണ്ടെന്നും ബിജെപി അനുകൂല മാധ്യമം ആരോപിക്കുന്നു.

ഫോറം ഓഫ് ഡമോക്രാറ്റിക് ലീഡേഴ്‌സ് ഇന്‍ ഏഷ്യാപസഫിക് (എഫ് ഡിഎല്‍ എപി) ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ സഹ അധ്യക്ഷയായി പ്രവര്‍ത്തിക്കുന്നത് സോണിയാഗാന്ധിയാണ്. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ആണ്. സോണിയാഗാന്ധി ഉപാധ്യക്ഷയായ ജോര്‍ജ്ജ് സോറോസ് ഫണ്ട് ചെയ്യുന്ന ഫോറം ഓഫ് ഡമോക്രാറ്റിക് ലീഡേഴ്‌സ് ഇന്‍ ഏഷ്യാപസഫിക് കശ്മീരിനെ ഇന്ത്യയില്‍ നിന്നും വെട്ടിമാറ്റാനുള്ള അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നാണ് ആരോപണം.

2023 ജനവരിയില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന ധനകാര്യസ്ഥാപനം അദാനിയ്ക്കെതിരെ ആരോപണം ഉയര്‍ത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ ജോര്‍ജ്ജ് സോറോസ് പ്രശ്‌നത്തില്‍ ഇടപെട്ട് രംഗത്തുവന്നിരുന്നു.

മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സോറോസ് നടത്തിയ പ്രസംഗത്തില്‍ അദാനി അവരുടെ കമ്പനികളുടെ ഓഹരിവില യഥാര്‍ത്ഥ വിലയേക്കാള്‍ പെരുപ്പിച്ച് കാണിക്കുന്നുവെന്നും നരേന്ദ്രമോഡി ജനാധിപത്യവാദിയല്ലെന്നും അദാനി പ്രശ്‌നത്തിലൂടെ വീണ്ടും ഇന്ത്യയില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നും പ്രസംഗിച്ചിരുന്നു.

ബില്‍ ക്ലിന്റണും ഭാര്യ ഹിലരിക്കും വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. ബംഗ്ലാദേശില്‍ ഈയിടെ ഷേഖ് ഹസീനയെ അട്ടമറിച്ച ജമാ അത്തെ ഇസ്ലാമിയുടെ കലാപത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കളെ ആദരിച്ച ചടങ്ങില്‍ ബില്‍ ക്ലിന്റണും ഇപ്പോള്‍ ഇന്ത്യയ്ക്ക് തലവേദനയുണ്ടാക്കുന്ന ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മഹുമ്മദ് യൂനസും പങ്കെടുത്തിരുന്നു.