പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം!

പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം!


ഒപ്പത്തിനൊപ്പം സ്ഥാർനാർത്ഥികൾ നീങ്ങുമ്പോൾ ഫലപ്രവചനം അസാധ്യമാകുകയാണ്

വാഷിംഗ്ടണ്‍: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം ഒരു സമ്പൂർണ സസ്പെൻസ് ത്രില്ലറാവുകയാണ്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസും തമ്മില്‍  ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു. നവംബര്‍ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചാഞ്ചാടി നില്‍ക്കുന്ന സംസ്ഥാനങ്ങളായിരിക്കും അന്തിമ വിജയിയെ നിശ്ചയിക്കുകയെന്നതാണ് സ്ഥിതി.

കുടിയേറ്റം, സാമ്പത്തിക അസ്ഥിരത എന്നീ വിഷയങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് ഉയര്‍ത്തിയ ചോദ്യങ്ങളാണ് വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുള്ളത്. ഡോണൾഡ് ട്രംപ് ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നുവെങ്കിൽ അമേരിക്കൻ ജനതയുടെ മനസ്സിൽ ഈ രണ്ട് വിഷയങ്ങൾ ഉയർത്തിയിട്ടുള്ള ആശങ്കകളാവും അതിന് മുഖ്യ കാരണം.

മറുവശത്ത് ഗർഭച്ഛിദ്രവും വീണ്ടുമൊരിക്കൽ കൂടെ പ്രസിഡൻറ് പദം കൈയാളാനുള്ള ട്രംപിന്റെ അർഹതയുമാണ് തൻറെ പ്രചാരണത്തിന്റെ മുഖ്യവിഷയമായി കമല ഹാരിസ് അവതരിപ്പിച്ചിട്ടുള്ളത്. വെളുത്ത വർഗ്ഗക്കാരായ സ്ത്രീകൾ ഏറെയും ഹാരിസിനെയാണ് പിന്തുണക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ, പുരുഷന്മാർ കൂടുതൽ പിന്തുണക്കുന്നത് ട്രംപിനെയാണ്. കറുത്തവർഗക്കാരായ പുരുഷന്മാരുടെ ഡെമോക്രാറ്റിക് പാർട്ടിക്കുള്ള പിന്തുണ കുറയുന്നതും ആശങ്ക ഉയർത്തുന്നുണ്ട്.

തൻറെ സാമ്പത്തികനയങ്ങൾ എന്താവുമെന്ന് വേണ്ടത്ര വ്യക്തമാക്കാൻ കമല ഹാരിസിന് കഴിഞ്ഞിട്ടില്ലെന്നത് അവരുടെ ദൗർബല്യമാണ്. ഒരുവര്ഷത്തിലേറെയായി തുടരുന്ന ഇസ്രായേൽ-ഹമാസ് സംഘർഷം ജൂത-അറബ് വോട്ടർമാരുടെ മനസ്സിൽ ഉയർത്തിയിട്ടുള്ള ആശങ്കകൾ, ബൈഡൻ ഭരണത്തിൻറെ ഭാഗമായിരുന്നുവെന്നതിൻറെ ഭാരം ഇതെല്ലാം കമല ഹാരിസിന് വെല്ലുവിളികളാണ്.  ബൈഡന്‍ ഭരണകൂടത്തില്‍ വൈസ് പ്രസിഡന്റ് ആയ കമല ഹാരിസിന് ഇതുവരെ നടപ്പാക്കാൻ കഴിയാതിരുന്ന വാഗ്ദാനങ്ങള്‍ അവര്‍ പ്രസിഡന്റായാല്‍ നടത്താന്‍ കഴിയുമോ എന്ന ചോദ്യവും ട്രംപ് ക്യാംപ് ഉയര്‍ത്തുന്നു.

ഈ വെല്ലുവിളികളൊക്കെ നിലനിൽക്കെ തന്നെ ട്രംപിന് മുന്നിൽ വലിയ വെല്ലുവിളി ഉയർത്താൻ കമല ഹാരിസിന് കഴിഞ്ഞിട്ടുണ്ട്. വിസ്‌കോണ്‍സന്‍, മിനിസോട്ട, മിഷിഗന്‍, നോര്‍ത് കരോലൈന എന്നിവിടങ്ങളില്‍ സ്ഥിതി പ്രവചനാതീതമായതാണ് സ്ഥാനാര്‍ഥികളെ സമ്മര്‍ദത്തിലാക്കുന്നത്. ഇരുസ്ഥാനാർത്ഥികളും തമ്മിൽ ജനപിന്തുണയുടെ കാര്യത്തിൽ ഒരു ശതമാനത്തിൽ താഴെമാത്രം വ്യത്യാസമാണ് സര്‍വേകൾ കാട്ടുന്നത്. ന്യൂയോർക്ക് ടൈംസ് ഏറ്റവുമൊടുവിൽ നടത്തിയ സര്വേയിലാകട്ടെ ദേശീയതലത്തില്‍ കമല ഹാരിസിനും ട്രമ്പിനും 48 ശതമാനം പേരുടെ വീതം പിന്തുണയാനുള്ളത്.

ഫലം പ്രവചനാതീതമായ ഏഴ് സംസ്ഥാനങ്ങളില്‍ നാലെണ്ണത്തില്‍ ട്രംപ് മുന്നിലാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പെന്‍സല്‍വേനിയയില്‍ ഒരു പോയന്റില്‍ താഴെയാണ് ട്രംപിന്റെ ലീഡ്. നോര്‍ത് കരോലൈനയില്‍ ഒരു പോയന്റിന്റെയും ജോര്‍ജിയയിലും അരിസോണയിലും രണ്ട് പോയന്റിന്റെയും ലീഡ് ട്രംപിനുണ്ട്. അതേസമയം, നെവാഡ, വിസ്‌കോണ്‍സന്‍, മിഷിഗന്‍ എന്നിവിടങ്ങളില്‍ കമലയുടെ ലീഡ് ഒരു പോയന്റില്‍ താഴെയാണ്. പ്രസിഡന്റ് ജോ ബൈഡന്‍ മത്സരത്തില്‍നിന്ന് പിന്മാറുകയും വൈസ് പ്രസിഡന്റ് കമല ഹാരിസ് എത്തുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് ചൂടുപിടിച്ചത്. അതേസമയം, തുടക്കത്തില്‍ കമല നേടിയ മികച്ച ലീഡ് പ്രചാരണത്തിന്റെ അവസാനഘട്ടമെത്തിയപ്പോള്‍ ഇടിഞ്ഞത് ഡെമോക്രാറ്റ് ക്യാമ്പില്‍ ആശങ്ക പരത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ കൊമേഡിയനായ ടോണി ഹിഞ്ച്ക്ലിഫ് പ്യൂര്‍ട്ടോറിക്കോയെ 'ഒഴുകുന്ന മാലിന്യ ദ്വീപ്' എന്ന് വിശേഷിപ്പിച്ചത് ട്രംപ് ക്യാമ്പിന് തിരിച്ചടിയായിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ കുടിയേറ്റക്കാരുടെ വോട്ട് നഷ്ടമാകുമോയെന്ന ആശങ്കയിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി.