ഓട്ടാവ (കാനഡ) : ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികളുടെ കഴിവിനെയും പ്രൊഫഷണലിസത്തെയും അഭിനന്ദിച്ച് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കു സമീപം നടന്ന സ്ഫോടനാന്വേഷണം 'കൃത്യതയും പ്രൊഫഷണലുമായ രീതിയില്‍' ഇന്ത്യ കൈകാര്യം ചെയ്യുന്നതായി റൂബിയോ പറഞ്ഞു.
കാനഡയിലെ ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അമേരിക്ക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്ക് അതിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു. അവര്‍ ഈ അന്വേഷണത്തില്‍ വളരെ കഴിവോടെ മുന്നേറുകയാണ്,' റൂബിയോ വ്യക്തമാക്കി.
റൂബിയോ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയതായും ഡല്‍ഹി സ്ഫോടനത്തെക്കുറിച്ചും ചര്‍ച്ച ചെയ്തതായും അറിയിച്ചു. 'അവര്‍ വളരെ പ്രൊഫഷണലായ രീതിയില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. അത് വ്യക്തമായൊരു ഭീകരാക്രമണമാണ് -സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ചതിലൂടെ നിരവധിപേരാണ് കൊല്ലപ്പെട്ടത് -അദ്ദേഹം പറഞ്ഞു.
നവംബര്‍ 10നാണ് ഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷനടുത്ത് കാര്‍ബോംബ് സ്ഫോടനം നടന്നത്. കുറഞ്ഞത് 10 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജയശങ്കര്‍-റൂബിയോ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധങ്ങള്‍, വ്യാപാരവും വിതരണശൃംഖലകളും പ്രാദേശിക സുരക്ഷാ വിഷയങ്ങളും ഉള്‍പ്പെടെ ചര്‍ച്ചചെയ്തു. 'ഡല്‍ഹി സ്ഫോടനത്തില്‍ ജീവന് നഷ്ടമായവര്‍ക്കായി യുഎസ് വിദേശകാര്യ സെക്രട്ടറി പ്രകടിപ്പിച്ച അനുശോചനം വിലമതിക്കുന്നു,' എന്ന് ജയശങ്കര്‍ തന്റെ എക്സ് പോസ്റ്റില്‍ എഴുതി. 'വ്യാപാരവും വിതരണ ശൃംഖലകളും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. യുക്രെയ്ന് സംഘര്‍ഷം, മധ്യപൂര്‍വ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍, ഇന്‍ഡോ-പസഫിക് മേഖല എന്നിവയിലും ആശയവിനിമയം നടത്തി.' എന്നും ജയശങ്കര്‍ എഴുതി.
സൗദി അറേബ്യ, യുക്രെയ്ന്, കാനഡ, മെക്സിക്കോ, ഫ്രാന്‍സ്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ബ്രിട്ടന്, ജര്‍മ്മനി എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.
അതേസമയം, ഇന്ത്യ-പാക്കിസ്ഥാന് ബന്ധത്തില്‍ വീണ്ടും വിള്ളല്‍ സൃഷ്ടിച്ച പശ്ചാത്തലത്തിലായിരുന്നു റൂബിയോയുടെ പരാമര്‍ശം. ഡല്‍ഹി സ്ഫോടനത്തിനുപിന്നാലെ ഇസ്ലാമാബാദിലെ കോടതി സമുച്ചയത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ട സാഹചര്യത്തില്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് 'ഇന്ത്യയുടെ പിന്തുണയുള്ള ഭീകര സംഘടനകളാണ്' ആക്രമണത്തിന് പിന്നിലാണെന്ന് ആരോപിച്ചിരുന്നു.
പാക്കിസ്ഥാന്റെ ആരോപണത്തെ ഇന്ത്യ 'അടിസ്ഥാനരഹിതവും ഭ്രാന്തവുമായത്' എന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞു.
ഇതേസമയം, ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അമേരിക്കന്‍ എംബസിയും ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. 'ഇരകളുടെ കുടുംബങ്ങളോടൊപ്പം ഞങ്ങളുടെ ഹൃദയാനുഭാവം,' ഉണ്ടെന്ന് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എക്സ് പോസ്റ്റില്‍ രേഖപ്പെടുത്തി. 'പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ.' എന്നും അദ്ദേഹം ആശംസിച്ചു.
' അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമില്ല': ഡല്‍ഹി സ്ഫോടനാന്വേഷണത്തില് ഇന്ത്യയുടെ പ്രൊഫഷണലിസത്തെ പ്രശംസിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി റൂബിയോ
