വാഷിംഗ്ടണ്‍: അമേരിക്കന്‍ സര്‍ക്കാര്‍ പുനരാരംഭിക്കുന്ന ഫണ്ടിംഗ് ബില്ലില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെക്കാന്‍ ഒരുങ്ങുന്നു. ട്രംപ് ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ 8.15ന് (അമേരിക്കന്‍ സമയം രാത്രി 9.45ന്) ഓവല്‍ ഓഫീസില്‍ ലൈവ് ക്യാമറകളുടെ മുന്നില്‍ ബില്ലില്‍ ഒപ്പുവെക്കുമെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച രാത്രി സ്ഥിരീകരിച്ചു.
സര്‍ക്കാര്‍ തുറക്കല്‍ ബില്‍ ഒപ്പുവയ്ക്കുന്നതിനാല്‍ മുമ്പ് നിശ്ചയിച്ചിരുന്ന സ്വകാര്യ വിരുന്ന് ട്രംപ് റദ്ദാക്കി. ആദ്യം രാത്രി 7.30ന് മാധ്യമ പ്രതിനിധികളുടെ പരിമിത സാന്നിധ്യത്തില്‍ ഡിന്നര്‍ പരിപാടിയായിരുന്നു പദ്ധതി. പക്ഷേ, അതിനുപകരം സര്‍ക്കാര്‍ പുനരാരംഭിക്കുന്ന ഫണ്ടിംഗ് ബില്ലിന്റെ ഒപ്പിടല്‍ ചടങ്ങിന് പത്രപ്രവര്‍ത്തകരെ നേരിട്ട് ഒവല്‍ ഓഫീസില്‍ പ്രവേശിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ബില്ലില്‍ ഒപ്പിടല്‍ പ്രസിഡന്റ് ട്രംപിന്റെ ഔദ്യോഗിക ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൗസില്‍ ബില്‍ ഇന്ന് രാത്രി പാസാകുമെന്നാണ് പ്രതീക്ഷ, അതിനുശേഷമാണ് ഒപ്പിടല്‍ ചടങ്ങ് നടക്കുക.
വൈറ്റ് ഹൗസ് വക്താവ് കരോളൈന്‍ ലെവിറ്റ് ദിവസത്തിന്റെ തുടക്കത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍, 'പ്രസിഡന്റിനെ വൈകിട്ട് നിങ്ങള്‍ക്ക് വീണ്ടും കാണാന്‍ സാധ്യതയുണ്ട്,' എന്ന സൂചന നല്‍കിയിരുന്നു.
ബില്ലില്‍ ട്രംപ് ഒപ്പുവെക്കുന്നതോടെ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഔദ്യോഗികമായി അവസാനിക്കും.
