വാഷിംഗ്ടണ്‍: അമേരിക്കന്‍ സെനറ്റര്‍മാരായ ഡിക്ക് ഡര്‍ബിന്‍, ലിസ മര്‍കോവ്സ്‌കി എന്നിവര്‍ ഡ്രീം ആക്ട് 2025 വീണ്ടും സെനറ്റില്‍ അവതരിപ്പിച്ചു. ബാല്യത്തില്‍ അമേരിക്കയിലെത്തിയിട്ടും രേഖകളില്ലാത്ത കുടിയേറ്റക്കാരായ ഡ്രീമേഴ്സിന് നാടുകടത്തല്‍ ഭീഷണിയില്‍ നിന്ന് സംരക്ഷണം ലഭിക്കാനും നിശ്ചിത നിബന്ധനകള്‍ പാലിക്കുമ്പോള്‍ നിയമസ്ഥിതി നേടാനുമുള്ള മാര്‍ഗമാണ് ഈ ഇരുകക്ഷി ബില്‍ തുറക്കുന്നത്. പുതിയ നിയമ പസ്താവന പ്രകാരം ഡ്രീമേഴ്സിനും ഡോക്യുമെന്റഡ് ഡ്രീമേഴ്സിനും പരമാവധി എട്ട് വര്‍ഷത്തേക്ക് കണ്ടീഷണല്‍ പെര്‍മനന്റ് റെസിഡന്റ് നില അനുവദിക്കും. ഈ നിലയില്‍ അവര്‍ക്ക് അമേരിക്കയില്‍ നിയമപരമായി ജോലി ചെയ്യാനും വിദേശയാത്ര നടത്താനും നാടുകടത്തല്‍ തടയാനും സാധിക്കും. നിബന്ധനകള്‍ പാലിച്ചാല്‍ ഈ നില പിന്നീട് ഗ്രീന്‍ കാര്‍ഡ് ആയി മാറ്റാനും കഴിയും.
ബില്‍ പ്രകാരം ഇ-1, ഇ-2, എച്ച്-1ബി, എല്‍ വിഭാഗങ്ങളിലെ നോണ്‍-ഇമിഗ്രന്റ് വിസയുള്ളവരുടെ മക്കളെയും ഡോക്യുമെന്റഡ് ഡ്രീമേഴ്സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നു. വര്‍ഷങ്ങളോളം അമേരിക്കയില്‍ വളര്‍ന്നെങ്കിലും 21 വയസാകുമ്പോള്‍ മാതാപിതാക്കളുടെ വിസയില്‍ നിന്ന് 'ഏജ്-ഔട്ട്' ചെയ്യപ്പെടുന്ന ഇവര്‍ക്ക് നിലനില്‍ക്കുന്ന സ്റ്റാറ്റസ് നഷ്ടപ്പെടല്‍ ഭീഷണിയും ബില്‍ പരിഗണിക്കുന്നു. ഗ്രീന്‍ കാര്‍ഡ് നിരയിലെ ദീര്‍ഘകാല കാത്തിരിപ്പിനെ തുടര്‍ന്ന് സംരക്ഷണമില്ലാത്ത അവസ്ഥയില്‍പ്പെടുന്ന ഈ വിഭാഗത്തിനും നിയമപരമായ സ്ഥിരത ലഭിക്കാനാണ് പുതിയ നിയമം വഴി തെളിക്കുന്നത്.
ഡ്രീം ആക്ട് 2025 നിലവില്‍ വന്നാല്‍ ഏകദേശം 5,25,000 ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സിനും (ഡി എ സി എ) ബാല്യത്തില്‍ അമേരിക്കയിലെത്തിച്ച രണ്ട് ദശലക്ഷം ഡ്രീമേഴ്സിനും രാജ്യത്ത് തുടര്‍ന്നും നിയമപരമായി ജീവിക്കാനുള്ള അവസരം ലഭിക്കുമെന്ന് വിലയിരുത്തുന്നു. കൂടാതെ 2.5 ലക്ഷം ഡോക്യുമെന്റഡ് ഡ്രീമേഴ്സിനും സ്ഥിരമായ നിയമസ്ഥിതി ഉറപ്പാക്കാന്‍ സാധിക്കാം.
ഡി എ സി എ പദ്ധതി നിലവില്‍ വരുന്നതോടെ എട്ട് ലക്ഷത്തിലധികം യുവാക്കള്‍ക്ക് അമേരിക്കയില്‍ ജീവിക്കാനും പഠിക്കാനും ജോലി ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. ഡി എ സി എയുള്ളവര്‍ മാത്രം ഓരോ വര്‍ഷവും ഫെഡറല്‍ സര്‍ക്കാരിന് 6.2 ബില്യണ്‍ ഡോളറും സംസ്ഥാന- പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് 3.3 ബില്യണ്‍ ഡോളറും നികുതി രൂപത്തില്‍ സംഭാവന ചെയ്യുന്നുവെന്ന കണക്ക് പുറത്തുവന്നിട്ടുണ്ട്. ഡ്രീമേഴ്സിന് പൗരത്വത്തിലേക്കുള്ള മാര്‍ഗം തുറന്നാല്‍ അടുത്ത പത്ത് വര്‍ഷത്തിനിടെ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ജി ഡി പി 799 ബില്യണ്‍ ഡോളര്‍ വരെ ഉയരാമെന്ന് സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് വിലയിരുത്തുന്നു.
