മനുഷ്യക്കടത്ത്: യുഎസില്‍ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

മനുഷ്യക്കടത്ത്: യുഎസില്‍ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍


പ്രിന്‍സ്റ്റണ്‍( ടെക്‌സാസ്) : യുഎസ് സംസ്ഥാനമായ ടെക്‌സാസില്‍ അസുഖകരമായ ചുറ്റുപാടില്‍ ഒരു വീട്ടില്‍ 15 ഓളം സ്ത്രീകള്‍ അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ നാലുപേരെ പ്രിന്‍സ്റ്റണ്‍ പോലീസ് അറസ്റ്റുചെയ്തു. സന്തോഷ് കട്കൂരി,
അനില്‍ മാലേ, ചന്ദന്‍ ദാസിറെഡ്ഡി, ദ്വാരക ഗുണ്ട എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ വടക്കന്‍ ടെക്‌സസിലെ പ്രിന്‍സ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സന്തോഷ് കട്കൂരിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് സ്ത്രീകളെ കൂട്ടമായി താമസിപ്പിച്ചിരുന്നത് കണ്ടെത്തിയത്.   മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷം പോലീസ് അടുത്തിടെ കേസിന്റെ വിശദാംശങ്ങള്‍ പരസ്യമാക്കിയിരുന്നു.

മാര്‍ച്ചില്‍ കട്ട്കൂരിയുടെ വീട്ടില്‍ എത്തിയ കീടനിയന്ത്രണ സ്ഥാപനത്തിലെ ജീവനക്കാരാണ് ഓരോ മുറിയിലും ലഗേജുകളും മൂന്നോ അഞ്ചോ യുവതികളും കണ്ടെത്തിയതെന്ന് ഫോക്‌സ് 4 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുവതികളെ അനധികൃതമായി താമസിപ്പിച്ചിരിക്കുന്നവിവരം  പ്രിന്‍സ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിച്ചതും കീടനാശിനി കമ്പനിയാണ്.

തുടര്‍ന്ന് മാര്‍ച്ച് 13 ന് പോലീസ് നടത്തിയ റെയ്ഡില്‍ 15 സ്ത്രീകളെ കണ്ടെത്തുകയായിരുന്നു. കട്കൂരിയുടെയും പങ്കാളി ഗുണ്ടയുടെയും ഉടമസ്ഥതയിലുള്ള നിരവധി പ്രോഗ്രാമിംഗ് ഷെല്‍ സ്ഥാപനങ്ങളില്‍ തങ്ങളെ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിക്കുകയാണെന്ന് ഈ സ്ത്കീകള്‍ പോലീസിനോട് പറഞ്ഞു.
വീട്ടിനുള്ളില്‍ നടത്തിയ തിരച്ചിലില്‍ നിരവധി ലാപ്‌ടോപ്പുകള്‍, സെല്‍ ഫോണുകള്‍, പ്രിന്ററുകള്‍, വ്യാജ രേഖകള്‍ എന്നിവ കണ്ടെത്തിയതായി പ്രിന്‍സ്റ്റണ്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തു.

മെലിസ, പ്രിന്‍സ്റ്റണ്‍, മക്കിന്നി എന്നീ മൂന്ന് ടെക്‌സസ് നഗരങ്ങളില്‍ പ്രതികളുടെ ഉടമസ്ഥതയിലുള്ള നിര്‍ബന്ധിത തൊഴില്‍ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ടെത്തി.

കൂടുതല്‍ ലാപ്‌ടോപ്പുകളും രേഖകളും വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയായ പുരുഷന്മാരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചതായും കുറ്റവാളികള്‍ക്കെതിരെ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും അതില്‍ ഉള്‍പ്പെടുന്ന പ്രോഗ്രാമിംഗ് ജോലികളുടെ സ്വഭാവം പ്രിന്‍സ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിട്ടില്ല.

ഫോക്‌സ് 4 ന്യൂസ് പറയുന്നതനുസരിച്ച്, കണ്ടെത്തിയവരില്‍ പകുതിയിലധികം പേരും നിര്‍ബന്ധിത തൊഴിലിന്റെയും മനുഷ്യക്കടത്തിന്റെയും ഇരകളായിരുന്നു. ആകെ നൂറിലധികം പേര്‍ ഇവിടെ ഇത്തരത്തില്‍ ജോലിചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്.