ഹാക്കിങ് ആരോപണം: മൂന്ന് ഇന്ത്യന്‍ ഐ ടി കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് യു എസ് നിയമനിര്‍മാതാക്കള്‍

ഹാക്കിങ് ആരോപണം: മൂന്ന് ഇന്ത്യന്‍ ഐ ടി കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് യു എസ് നിയമനിര്‍മാതാക്കള്‍


വാഷിംഗ്ടണ്‍: ഹാക്ക്- ഫോര്‍- ഹയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മറയായി പ്രവര്‍ത്തിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മൂന്ന് ഇന്ത്യന്‍ ഐ ടി കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് യു എസ് നിയമനിര്‍മാതാക്കള്‍ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും അഭിഭാഷകര്‍ക്കുമെതിരെ 15 വര്‍ഷത്തിലേറെയായി ലക്ഷ്യമിട്ട ചാരപ്രവര്‍ത്തനങ്ങളില്‍ കമ്പനികള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം.

ഡെമോക്രാറ്റിക് സെനറ്റര്‍മാരായ റോണ്‍ വൈഡനും ഷെല്‍ഡന്‍ വൈറ്റ്ഹൗസും റിപ്പബ്ലിക്കന്‍ പ്രതിനിധി പാറ്റ് ഹാരിഗനും ചേര്‍ന്നാണ് യു എസ് വാണിജ്യ വകുപ്പിന് കത്തയച്ചത്. ബെല്‍ട്രോക്‌സ്, സൈബര്‍റൂട്ട്, സണ്‍കിസ്ഡ് ഓര്‍ഗാനിക് ഫാംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയെയും അവയുടെ ഉപസ്ഥാപനങ്ങളെയും 'എന്റിറ്റി ലിസ്റ്റില്‍' ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. സണ്‍കിസ്ഡ് ഓര്‍ഗാനിക് ഫാംസ് നേരത്തെ ആപ്പിന്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

എന്റിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ കമ്പനികള്‍ക്ക് യുഎസ് സോഫ്റ്റ്വെയര്‍, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, സൈബര്‍ സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കപ്പെടും.

അമേരിക്കക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെട്ട ദീര്‍ഘകാല ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ നിയമനിര്‍മാതാക്കള്‍ കത്തില്‍ വിശേഷിപ്പിച്ചത്.

മാധ്യമ അന്വേഷണങ്ങളിലും സാങ്കേതിക കമ്പനികളുടെ റിപ്പോര്‍ട്ടുകളിലും മൂന്ന് കമ്പനികളെയും നേരത്തെ തന്നെ ഹാക്ക്- ഫോര്‍- ഹയര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിയിരുന്നു.

2022ല്‍ റോയിട്ടേഴ്‌സ് നടത്തിയ റിപ്പോര്‍ട്ടില്‍ ബെല്‍ട്രോക്‌സും സൈബര്‍റൂട്ടും സൈബര്‍ കൂലിപ്പട വ്യവസായത്തിലെ പ്രമുഖ സ്ഥാപനങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. നിയമ, ബിസിനസ് തര്‍ക്കങ്ങളില്‍ എതിരാളികളെ നിരീക്ഷിക്കുന്നതിനായി പാശ്ചാത്യ അഭിഭാഷകരും സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥരും ഇവരുടെ സേവനം ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

2023ലെ റോയിട്ടേഴ്‌സ് അന്വേഷണത്തില്‍ ഹാക്ക്- ഫോര്‍- ഹയര്‍ മേഖലയിലെ ആദ്യകാല സ്ഥാപനങ്ങളിലൊന്നായി ആപ്പിനെ വിശേഷിപ്പിച്ചിരുന്നു. വിദ്യാഭ്യാസ സംരംഭമായി ആരംഭിച്ച സ്ഥാപനം പിന്നീട് വ്യവസായ പ്രമുഖര്‍, രാഷ്ട്രീയക്കാര്‍, സൈനിക ഉദ്യോഗസ്ഥര്‍, സമ്പന്നരായ വ്യക്തികള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലേക്ക് മാറിയെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ മൂന്ന് കമ്പനികളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

സാങ്കേതിക, മാധ്യമ സ്ഥാപനങ്ങളും കമ്പനികള്‍ക്കെതിരായ ആരോപണങ്ങളില്‍ നേരത്തെ ശ്രദ്ധ ചെലുത്തിയിരുന്നു.

'ദ ന്യൂയോര്‍ക്കര്‍', ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം എന്നിവ കമ്പനികള്‍ക്ക് ഹാക്ക്- ഫോര്‍- ഹയര്‍ പ്രവര്‍ത്തനങ്ങളുമായുള്ള ബന്ധം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെറ്റയും ഗൂഗിളും പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലും സൈബര്‍ ആക്രമണങ്ങളെ ഈ കമ്പനികളുമായി ബന്ധപ്പെടുത്തിയിരുന്നു.

നിയമനിര്‍മാതാക്കളുടെ പുതിയ ആവശ്യം യു എസ് വാണിജ്യ വകുപ്പിന്റെ പരിശോധനയ്ക്ക് കമ്പനികളെ വിധേയമാക്കും. കമ്പനികളെയും അവയുടെ ഉപസ്ഥാപനങ്ങളെയും എന്റിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് വാണിജ്യ വകുപ്പാണ്.