ബ്രിക്‌സ് ഉച്ചകോടി: താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദര്‍ശനം തള്ളി ബംഗ്ലാദേശ്

ബ്രിക്‌സ് ഉച്ചകോടി: താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദര്‍ശനം തള്ളി ബംഗ്ലാദേശ്


ധാക്ക: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ബംഗ്ലാദേശ് തള്ളി. റഹ്മാനെ ബ്രിക്‌സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയെന്ന നിലയില്‍ ക്ഷണിച്ചിട്ടില്ലെന്നും ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക കൂട്ടായ്മയായ ബിംസ്‌ടെക്കിന്റെ (ബേ ഓഫ് ബെംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി- സെക്ടറല്‍ ടെക്‌നിക്കല്‍ ആന്റ് ഇക്കണോമിക് കോ-ഓപ്പറേഷന്‍) അധ്യക്ഷന്‍ എന്ന നിലയിലാണ് ക്ഷണം നല്‍കിയതെന്നും ധാക്ക വ്യക്തമാക്കി.

നിലവില്‍ ബ്രിക്‌സിന്റെ അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യയാണ് 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. അംഗരാജ്യങ്ങള്‍, പങ്കാളി രാജ്യങ്ങള്‍, ക്ഷണിക്കപ്പെട്ട മറ്റ് രാജ്യങ്ങളിലെ പ്രതിനിധികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഉച്ചകോടി നടക്കുന്നത്.

ശനിയാഴ്ച ആരംഭിക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടിയില്‍ ഭക്ഷണം, ഊര്‍ജം, ആരോഗ്യം, ദുരന്തനിവാരണം, നിര്‍ണായക വിതരണ ശൃംഖലകള്‍ തുടങ്ങിയ മേഖലകളില്‍ കൂട്ടായ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലായിരിക്കും പ്രധാനമായും ശ്രദ്ധ. ഭൗമരാഷ്ട്രീയ രംഗത്തെ വര്‍ധിച്ചുവരുന്ന വിഭജനങ്ങള്‍ക്കിടയില്‍ ഫലപ്രദമായ കൂട്ടായ്മയായി ബ്രിക്‌സിനെ ശക്തിപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി തുടങ്ങിയ ലോകനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. പുടിന്‍ ഇതിനകം ന്യൂഡല്‍ഹിയിലെത്തിയിട്ടുണ്ട്.


'പ്രധാനമന്ത്രിയെന്ന നിലയില്‍ ക്ഷണമില്ല'


താരിഖ് റഹ്മാനെ പ്രധാനമന്ത്രിയെന്ന നിലയില്‍ ബ്രിക്‌സ് ഉച്ചകോടിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് ധാക്കയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ വിദേശകാര്യ സഹമന്ത്രി ഹുമായൂന്‍ കബീര്‍ പറഞ്ഞു. ഏഴ് ദക്ഷിണ, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ പ്രാദേശിക കൂട്ടായ്മയായ ബിംസ്‌ടെക്കിന്റെ അധ്യക്ഷന്‍ എന്ന നിലയിലാണ് റഹ്മാന് ക്ഷണം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

റഹ്മാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, 'എങ്ങനെയാണ് ഞങ്ങള്‍ പോകുക? ബംഗ്ലാദേശ് സര്‍ക്കാരില്‍നിന്ന് ആരെയെങ്കിലും ക്ഷണിച്ചിട്ടുണ്ടോ? ഞങ്ങളുടെ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടില്ല. പ്രധാനമന്ത്രിയെ ക്ഷണിച്ചുവെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?' എന്നായിരുന്നു കബീറിന്റെ പ്രതികരണം.

ബിംസ്‌ടെക്ക് അധ്യക്ഷന്‍ എന്ന നിലയില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ റഹ്മാനെ ക്ഷണിച്ചിട്ടുണ്ടെന്നും ഇതിന് പുറമെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള പ്രത്യേക ഉഭയകക്ഷി സന്ദര്‍ശനത്തിനുള്ള ക്ഷണം ഫെബ്രുവരി മുതല്‍ നിലവിലുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ടാണ് ബ്രിക്‌സ് ആദ്യം രൂപീകരിച്ചത്. 2024ല്‍ ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യു എ ഇ, സൗദി അറേബ്യ എന്നിവയെ ഉള്‍പ്പെടുത്തി കൂട്ടായ്മ വിപുലീകരിച്ചു. 2025ല്‍ ഇന്തോനേഷ്യയും അംഗമായി.

ബെലറൂസ്, ബൊളീവിയ, കസാഖ്സ്ഥാന്‍, ക്യൂബ, മലേഷ്യ, നൈജീരിയ, തായ്ലന്‍ഡ്, ഉഗാണ്ട, ഉസ്‌ബെക്കിസ്ഥാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ബ്രിക്‌സ് പങ്കാളി രാജ്യങ്ങളായി.


'സാഹചര്യം അനുകൂലമാകുമ്പോള്‍'


താരിഖ് റഹ്മാന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം ഒരു ബഹുരാഷ്ട്ര പരിപാടിയുടെ ഭാഗമായിരിക്കരുതെന്നാണ് ധാക്കയുടെ നിലപാടെന്ന് കബീര്‍ പറഞ്ഞു. ഉഭയകക്ഷി സന്ദര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'സാഹചര്യം അനുകൂലമാകുകയും പരസ്പര ബഹുമാനം നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ഉഭയകക്ഷി സന്ദര്‍ശനങ്ങള്‍ നടക്കും. അതിന് തിടുക്കം വേണ്ട,' കബീര്‍ പറഞ്ഞു. അനുകൂലമായ സമയത്ത് റഹ്മാന്റെ ഇന്ത്യാ സന്ദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ബംഗ്ലാദേശ് നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ താത്പര്യവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയും കാര്യക്ഷമമായും കൈകാര്യം ചെയ്യുമെന്നും കബീര്‍ പറഞ്ഞു.

30 വര്‍ഷത്തെ ഗംഗാ ജലവിഹിത കരാറിന്റെ കാലാവധി അവസാനിക്കാനിരിക്കെ ബംഗ്ലാദേശിന്റെ നിലപാട് എന്താണെന്ന ചോദ്യത്തിന്, 'ഞങ്ങളുടെ ദേശീയ താത്പര്യം ഉള്‍പ്പെടുന്നിടത്തെല്ലാം പൂര്‍ണ ഗൗരവത്തോടെയും കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കും' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

1996ല്‍ ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവെച്ച ഗംഗാ ജലവിഹിത കരാര്‍ വരള്‍ച്ചക്കാലത്ത് നദിയിലെ ജലം പങ്കിടുന്നതിനുള്ള വ്യവസ്ഥകള്‍ നിര്‍ണയിക്കുന്നതാണ്. കരാറിന്റെ കാലാവധി ഡിസംബറില്‍ അവസാനിക്കും.

ഇന്ത്യ- ബംഗ്ലാദേശ് വ്യാപാരത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തിന്, ഉഭയകക്ഷി ചര്‍ച്ചകള്‍ അനുകൂലമായി തുടരുകയാണെന്നും എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ പുതിയ വിവരങ്ങളൊന്നുമില്ലെന്നും കബീര്‍ പറഞ്ഞു.

ഫെബ്രുവരി 12ന് നടന്ന പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ ഫെബ്രുവരി 17ന് ധാക്കയിലേക്ക് അയച്ചിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആശംസകളും താരിഖ് റഹ്മാനെയും ഭാര്യയെയും ഏക മകളെയും ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തും ബിര്‍ള അദ്ദേഹത്തിന് കൈമാറിയിരുന്നു.