വിദേശ വിദ്യാര്‍ഥികള്‍ക്ക് വിലക്ക്: ട്രംപ് ഭരണകൂടത്തിനെതിരേ കേസ് ഫയല്‍ ചെയ്ത് ഹാര്‍വാര്‍ഡ് സര്‍വകലാശാല

വിദേശ വിദ്യാര്‍ഥികള്‍ക്ക് വിലക്ക്: ട്രംപ് ഭരണകൂടത്തിനെതിരേ കേസ് ഫയല്‍ ചെയ്ത് ഹാര്‍വാര്‍ഡ് സര്‍വകലാശാല


വാഷിംഗ്ടണ്‍: വിദേശ വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരേ ഹാര്‍വാര്‍ഡ് സര്‍വകലാശാല കേസ് ഫയല്‍ ചെയ്തു. ഭരണകൂടത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സര്‍വകലാശാല അറിയിച്ചു.

ബോസ്റ്റണിലെ ഫെഡറല്‍ കോടതിയില്‍ വെള്ളിയാഴ്ചയാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാല കേസ് ഫയല്‍ ചെയ്തത്. ട്രംപ് ഭരണകൂടത്തിന്റെ നടപടി ഒന്നാം ഭേദഗതി ലംഘിക്കുന്നതാണെന്നും 'ഹാര്‍വാര്‍ഡിനും 7,000 ത്തിലധികം വരുന്ന വിസ ഉടമകള്‍ക്കും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും' സര്‍വകലാശാല പറഞ്ഞു.

മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജിലുള്ള ഹാര്‍വാര്‍ഡ് കാമ്പസില്‍ ഏകദേശം 6,800 വിദേശ വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും പഠനത്തിന് ചേരുന്നത്. അവരില്‍ ഭൂരിഭാഗവും ബിരുദ വിദ്യാര്‍ഥികളാണ്. 100ലധികം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പഠിക്കാനെത്തുന്നത്.

ഇതില്‍ 788 പേര്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. നിലവില്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മറ്റു സര്‍വകലാശാലകളിലേക്ക് മാറണമെന്നും അല്ലാത്ത പക്ഷം വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ട്രംപ് മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് നടപടിക്കു കാരണം. സര്‍വകലാശാലയ്ക്ക് നല്‍കിയിരുന്ന 2.3 ബില്യണ്‍ ഡോളര്‍ യുഎസ് മരവിപ്പിച്ചിട്ടുണ്ട്.