വാഷിങ്ടൺ: ഇറാനിലെ സമ്പുഷ്ട യറേനിയം ശേഖരം പിടിച്ചെടുക്കുന്നതിനായി അമേരിക്കൻ സൈന്യത്തെ അയയ്ക്കുന്ന പദ്ധതി പരിഗണിച്ചിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനിൽ നേരിട്ടുള്ള സൈനിക നടപടി നടത്തുന്നത് അതീവ അപകടസാധ്യതയുള്ളതാണെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് ട്രംപ് പറഞ്ഞു. ദൗത്യം പൂർത്തിയാക്കാൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നും വൻതോതിൽ സൈനിക ഉപകരണങ്ങൾ ഇറാനിലേക്ക് എത്തിക്കേണ്ട സാഹചര്യമുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യുറേനിയത്തെ ട്രംപ് 'ന്യൂക്ലിയർ ഡസ്റ്റ്' എന്നാണ് വിശേഷിപ്പിച്ചത്. ഇത് തിരിച്ചുപിടിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ സൈനിക ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിൽ ആ വസ്തു സുരക്ഷിതമായി അടഞ്ഞുകിടക്കുകയാണെന്നും അതിനാൽ അടിയന്തര നടപടി ആവശ്യമായി വന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
'ആവശ്യമെങ്കിൽ ഇപ്പോൾ പോലും അത് പിടിച്ചെടുക്കാൻ അമേരിക്കയ്ക്ക് കഴിയും. ഞങ്ങളെ തടയാൻ ഇറാന് സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ അതിനുള്ള സാഹചര്യമില്ല,' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാനുമായി ഒരു കരാറിലെത്താതെ തന്നെ യുറേനിയം സ്വന്തമാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന അവകാശവാദവും ട്രംപ് ഉന്നയിച്ചു. അതേസമയം, ഇറാന്റെ പരമോന്നത നേതാവായ മൊജ്തബ ഖമെനെയിയെ കാണാൻ ഇപ്പോൾ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഭാവിയിൽ വാഷിങ്ടണും ടെഹ്രാനും തമ്മിൽ ധാരണയിലെത്തുകയാണെങ്കിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും അത്തരം സാഹചര്യം ഉണ്ടായാൽ പരസ്പര ബഹുമാനത്തോടെയായിരിക്കും സമീപനമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിൽ ഖമേനിയുടെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട സാഹചര്യവും ട്രംപ് പരാമർശിച്ചു. എന്നിരുന്നാലും, അദ്ദേഹം പ്രൊഫഷണൽ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാനിൽ സൈനിക ദൗത്യം പരിഗണിച്ചെങ്കിലും പിന്മാറി; യറേനിയം പിടിച്ചെടുക്കൽ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തി ട്രംപ്
