കാലിഫോര്‍ണിയ: കാലിഫോര്‍ണിയ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ബുധനാഴ്ച പ്രഖ്യാപിച്ചു. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനോട് പരാജയപ്പെട്ടതിന് ശേഷം മാസങ്ങളായി നിലനിന്നിരുന്ന ഊഹാപോഹങ്ങള്‍ക്ക് ഇതോടെ വിരാമമായി.
ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് താന്‍ ഗൗരവമായി ആലോചിച്ചിരുന്നതായി ഹാരിസ് പ്രസ്താവനയില്‍ പറഞ്ഞു. 'ഈ സംസ്ഥാനത്തെയും ഇവിടുത്തെ ജനങ്ങളെയും ഇതിന്റെ സാധ്യതകളെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഇത് എന്റെ വീടാണ്. എന്നാല്‍ ആഴത്തിലുള്ള ചിന്തകള്‍ക്ക് ശേഷം, ഈ തിരഞ്ഞെടുപ്പില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു,' -60 കാരിയായ ഓക്ക്‌ലാന്‍ഡ് സ്വദേശിയും 2024 ലെ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനിയുമായ അവര്‍ പറഞ്ഞു
നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട പദവികളില്‍ താന്‍ ഉണ്ടാകില്ലെന്നും അമേരിക്കന്‍ ജനതയെ ശ്രദ്ധിക്കാനും രാജ്യത്തുടനീളമുള്ള ഡെമോക്രാറ്റുകളെ സഹായിക്കാനും ആഗ്രഹിക്കുന്നുവെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു. വരും മാസങ്ങളില്‍ തന്റെ ഭാവി പദ്ധതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുമെന്നും അവര്‍ അറിയിച്ചു.
ഈ തീരുമാനം 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സാധ്യതകള്‍ തുറന്നിടുന്നുണ്ടെന്ന് ഹാരിസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള പ്രചാരണം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് പരിമിതികള്‍ ഉണ്ടാക്കുമായിരുന്നെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം, ഹാരിസിന്റെ തീരുമാനം കാലിഫോര്‍ണിയയുടെ അടുത്ത ഗവര്‍ണറാകാനുള്ള മത്സരത്തിന് വഴി തുറന്നു. നിലവിലെ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിന് കാലാവധി പരിമിതികള്‍ കാരണം വീണ്ടും മത്സരിക്കാന്‍ കഴിയില്ല. നിരവധി ഡെമോക്രാറ്റുകള്‍ ഇതിനോടകം ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തമായ സ്വാധീനമുള്ള സംസ്ഥാനത്ത് ഗവര്‍ണര്‍ സ്ഥാനം നിലനിര്‍ത്താനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
