''ഭാര്യ പ്രസവിക്കുമ്പോൾ കരോളിൻ ലെവിറ്റ് വൈസ് പ്രസിഡന്റാകട്ടെ'' വൈറലായി ജെ.ഡി. വാൻസിന്റെ തമാശ

''ഭാര്യ പ്രസവിക്കുമ്പോൾ കരോളിൻ ലെവിറ്റ് വൈസ് പ്രസിഡന്റാകട്ടെ'' വൈറലായി ജെ.ഡി. വാൻസിന്റെ തമാശ


വാഷിംഗ്ടൺ:  അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വൈറ്റ് ഹൗസ് വാർത്താസമ്മേളനത്തിനിടെ നടത്തിയ തമാശ സോഷ്യൽ മീഡിയയിൽ വൈറലായി. ഭാര്യ ഉഷ വാൻസ് നാലാമത്തെ കുഞ്ഞിന് ജന്മം നൽകുന്ന സമയത്ത് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഏതാനും ആഴ്ച വൈസ് പ്രസിഡന്റാകട്ടെയെന്നാണ് വാൻസ് തമാശയായി പറഞ്ഞത്.

ലെവിറ്റ് പ്രസവാവധിയിലായതിനാൽ അവരുടെ അഭാവത്തിൽ ചൊവ്വാഴ്ച വാൻസ് വൈറ്റ് ഹൗസ് ബ്രീഫിങ് പോഡിയത്തിലെത്തിയപ്പോഴായിരുന്നു രസകരമായ പരാമർശം. ഈ മാസം ആദ്യം രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ ലെവിറ്റ് ഇപ്പോൾ കുടുംബത്തോടൊപ്പമാണ്.

വാർത്താസമ്മേളനം ആരംഭിക്കുമ്പോൾ ലെവിറ്റിനും കുടുംബത്തിനും ആശംസകൾ നേർന്ന വാൻസ്, 'ഞാൻ ഇവിടെ വരാൻ സമ്മതിച്ചപ്പോൾ ഒരു കരാർ ഉണ്ടായിരുന്നു. ജൂലൈയിൽ ഉഷ കുഞ്ഞിന് ജന്മം നൽകുമ്പോൾ കരോളിൻ കുറച്ച് ആഴ്ച വൈസ് പ്രസിഡന്റാകണം,' എന്ന് പറഞ്ഞതോടെ ബ്രീഫിങ് ഹാളിൽ ചിരിയുണർന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമമായ എക്‌സിൽ വ്യാപകമായി പ്രചരിച്ചു. രാഷ്ട്രീയ നിരീക്ഷകൻ എറിക് ഡോഗർട്ടിയും വീഡിയോ പങ്കുവെച്ച് പ്രതികരിച്ചു.

28കാരിയായ കരോളിൻ ലെവിറ്റ് മേയ് ഒന്നിനാണ് മകൾ വിവിയാനയുടെ ജനനം പ്രഖ്യാപിച്ചത്. ഭർത്താവ് നിക്കോളസ് റിച്ചിയോയ്‌ക്കൊപ്പം നിക്കോ എന്ന മകനും ഇവർക്കുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുമ്പോൾ ഗർഭിണിയായ ആദ്യ വ്യക്തിയുമാണ് ലെവിറ്റ്.

അതേസമയം, ജെ.ഡി. വാൻസും ഉഷ വാൻസും ജനുവരിയിലാണ് നാലാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി അറിയിച്ചത്. ജൂലൈയിലാണ് കുഞ്ഞിന്റെ ജനനം പ്രതീക്ഷിക്കുന്നത്. ഇവർക്ക് നിലവിൽ ഇവാൻ, വിവേക്, മിറബെൽ എന്നീ മൂന്ന് മക്കളുണ്ട്.