ബ്രിക്സ് ഉച്ചകോടി: പുടിൻ സെപ്റ്റംബറിൽ ഇന്ത്യയിലെത്തും

ബ്രിക്സ് ഉച്ചകോടി: പുടിൻ സെപ്റ്റംബറിൽ ഇന്ത്യയിലെത്തും


ന്യൂഡൽഹി: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സെപ്റ്റംബറിൽ ഇന്ത്യയിലെത്തും. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കുമെന്ന് റഷ്യൻ പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേശകൻ യൂറി ഉഷാക്കോവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

ആഗോള, രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക വെല്ലുവിളികളും ചർച്ചയാകുന്ന ഈ ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിം​ഗ് ഉൾപ്പെടെയുള്ള മറ്റ് ലോകനേതാക്കളുമായും പുടിൻ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നാണ് ക്രെംലിൻ വൃത്തങ്ങൾ നൽകുന്ന സൂചന. ഇത്തവണത്തെ ബ്രിക്സ് അധ്യക്ഷ പദവി ഇന്ത്യയ്ക്കായതിനാലാണ് ഉച്ചകോടിക്ക് ഡൽഹി വേദിയാകുന്നത്.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് പുറമെ പുതിയ അംഗങ്ങളെയും ഉൾപ്പെടുത്തി വിപുലീകരിച്ച ശേഷമുള്ള വലിയൊരു ആഗോള കൂട്ടായ്മയ്ക്കാണ് ന്യൂഡൽഹി ഇത്തവണ ആതിഥേയത്വം വഹിക്കുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി മേയ് മധ്യവാരത്തിൽ ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ഡൽഹിയിൽ ചേർന്ന് ചർച്ചകൾക്ക് രൂപം നൽകിയിരുന്നു.