ഇറാനെതിരെയുള്ള സൈനികാക്രമണത്തിന് ഒരു മണിക്കൂര്‍ മാത്രം അകലെയായിരുന്നെന്ന് ട്രംപ്

ഇറാനെതിരെയുള്ള സൈനികാക്രമണത്തിന് ഒരു മണിക്കൂര്‍ മാത്രം അകലെയായിരുന്നെന്ന് ട്രംപ്


വാഷിങ്ടണ്‍: ഇറാനെതിരായ സൈനികാക്രമണം ആരംഭിക്കാന്‍ താന്‍ ഒരു മണിക്കൂര്‍ മാത്രം അകലെയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് വെളിപ്പെടുത്തി. ആക്രമണത്തിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിരുന്നുവെന്നും കപ്പലുകളും യുദ്ധസന്നാഹങ്ങളും തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍, സൗദി അറേബ്യ, യു എ ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇറാനെതിരായ നിശ്ചയിച്ച ആക്രമണം മാറ്റിവെച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പുതിയ പരാമര്‍ശം.

വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, '47 വര്‍ഷമായി പശ്ചിമേഷ്യയിലെ ഭീഷണിപ്പെടുത്തുന്ന ശക്തിയാണ് ഇറാന്‍' എന്ന് ട്രംപ് ആരോപിച്ചു. ഇറാന്‍ ആണവായുധം നേടാതിരിക്കാന്‍ അമേരിക്ക ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ഇറാനുമായി ചര്‍ച്ച നടത്തുകയാണെന്നും അവര്‍ ധാരണയിലെത്താന്‍ അപേക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടാല്‍ വീണ്ടും സൈനിക നടപടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

ഇറാന്റെ മിസൈല്‍ ശേഷിയുടെ 82 ശതമാനവും നശിപ്പിച്ചുവെന്നാണ് ട്രംപിന്റെ അവകാശവാദം. അവര്‍ക്ക് ഇപ്പോഴും ചെറിയ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പുതിയ ആക്രമണം ഉണ്ടായാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഇറാനിലേക്ക് സൈനിക സഹായം നല്‍കില്ലെന്ന് ഉറപ്പുനല്‍കിയതായും ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറന്ന നിലയില്‍ തുടരണമെന്നാണ് ചൈന ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ യുദ്ധസാഹചര്യത്തില്‍ അമേരിക്കക്കാര്‍ കാണിക്കുന്ന സഹനത്തിന് നന്ദി പറഞ്ഞ ട്രംപ് സംഘര്‍ഷം കുറച്ചുകാലം കൂടി തുടര്‍ന്നേക്കാമെന്ന് സൂചിപ്പിച്ചു.

യുദ്ധത്തിനിടയിലും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയും ഓഹരി വിപണിയും ശക്തമായ നിലയിലാണെന്ന അവകാശവാദവും ട്രംപ് ഉന്നയിച്ചു.

തിങ്കളാഴ്ച 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്‌ഫോമിലൂടെയാണ് ഇറാനെതിരായ നിശ്ചയിച്ച സൈനികാക്രമണം താത്ക്കാലികമായി മാറ്റിവെക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ഥനയും തെഹ്‌റാനുമായുള്ള പുതുക്കിയ ചര്‍ച്ചകളും പരിഗണിച്ചാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സ്വീകാര്യമായ ധാരണയിലെത്താനായില്ലെങ്കില്‍ ഏത് നിമിഷവും പൂര്‍ണതോതിലുള്ള വലിയ ആക്രമണത്തിന് അമേരിക്കന്‍ സൈന്യം സജ്ജമായിരിക്കണം എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.