ഇത് എൽ.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും അവസാനമല്ല, കരുത്തോടെ തിരിച്ചെത്തുമെന്ന് പിണറായി

ഇത് എൽ.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും അവസാനമല്ല, കരുത്തോടെ തിരിച്ചെത്തുമെന്ന് പിണറായി


കണ്ണൂർ: ജനവിധി അം​ഗീകരിക്കുന്നെന്നും എന്നാൽ കരുത്തോടെ എൽ‍.ഡി.എഫ് തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. പരാജയം സി.പി.എമ്മിന്റെയോ എൽ.ഡി.എഫിന്റെയോ അവസാനമായി കാണേണ്ടതില്ല. ഇതുപോലെയുള്ള അനേകം ഘട്ടങ്ങൾ തങ്ങൾ തരണം ചെയ്തിട്ടുണ്ട്. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. 

കഴിഞ്ഞ പത്ത് വർഷക്കാലം എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ടു നയിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അത് നല്ലനിലയിൽ നടപ്പാക്കി. മാലിന്യ പ്രശ്നം, വിദ്യാഭ്യാസ രം​ഗം, ആരോ​ഗ്യരം​ഗം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറാനായി. എല്ലാം നാടിന്റെ അഭിവൃദ്ധിക്കായി ചെയ്ത കാര്യങ്ങളാണെന്നും പിണറായി വിജയൻ പറഞ്ഞു. 

ജനവിധി ഞങ്ങൾ അം​ഗീകരിക്കുന്നു. വികസന തുടർച്ച ഞങ്ങൾക്ക് മാത്രമേ ചെയ്യാനാകൂയെന്ന് പറയുന്നില്ല. പുതിയ സർക്കാരിന്റെ ജനക്ഷേമ പരിപാടികൾക്ക് എല്ലാ പിന്തുണയും നൽകും. അങ്ങനെയല്ലെങ്കിൽ എതിർക്കും. ഭരണമാറ്റത്തിന് ശേഷമുള്ള പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിക്ക് വലിയ ഉത്തരവാദിത്വമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.