ധാക്ക: ബംഗ്ലാദേശ് വീണ്ടും 2001 മുതല്‍ 2006 വരെയുള്ള 'ഇരുണ്ട കാലഘട്ടത്തിലേക്ക്' വഴുതിവീഴാനുള്ള ഭീഷണിയിലാണെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മുന്നറിയിപ്പ് നല്‍കി. ബി എന്‍ പി ഭരണകാലത്ത് തീവ്രവാദ- മതതീവ്രവാദ ശക്തികള്‍ ശക്തിപ്രാപിച്ച സാഹചര്യം വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണെന്നാണ് ഹസീനയുടെ ആരോപണം.
ഇന്ത്യയില്‍ പ്രവാസജീവിതം നയിക്കുന്ന ഹസീന ഇ-മെയില്‍ അഭിമുഖത്തിലൂടെയാണ് പ്രതികരിച്ചത്. 2024ല്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അവാമി ലീഗ് സര്‍ക്കാര്‍ പുറത്തായതിന് ശേഷമാണ് അവര്‍ ഇന്ത്യയിലേക്ക് മാറിയത്. വളരെ പെട്ടെന്ന് ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്നും ഹസീന വ്യക്തമാക്കി.
എന്നാല്‍ രാഷ്ട്രീയ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുകയും ജനാധിപത്യ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്താല്‍ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂവെന്നും അവര്‍ സൂചിപ്പിച്ചു. നിലവില്‍ ബംഗ്ലാദേശില്‍ അവാമി ലീഗിന് നിരോധനമുണ്ട്. രാജ്യത്തെ അന്താരാഷ്ട്ര കുറ്റാന്വേഷണ ട്രൈബ്യൂണല്‍ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിട്ടുമുണ്ട്.
1981 മെയ് 17ന് ദീര്‍ഘകാല പ്രവാസത്തിന് ശേഷം ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയ ചരിത്ര നിമിഷം ഓര്‍മ്മിപ്പിച്ച ഹസീന ഇപ്പോഴത്തെ തിരിച്ചുവരവ് ഒരു തിയ്യതിയുമായി ബന്ധിപ്പിക്കാനാവില്ലെന്നും അഭിപ്രായസ്വാതന്ത്ര്യവും നിയമവാഴ്ചയും ജനാധിപത്യവും പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ടെന്നും പറഞ്ഞു.
19 തവണ വധശ്രമങ്ങളെ അതിജീവിച്ച വ്യക്തിയായ താന്‍ ഇപ്പോഴും മരണശിക്ഷ നേരിടുന്നുണ്ടെങ്കിലും ഉടന്‍ തന്നെ മടങ്ങിയെത്തുമെന്ന് അവര്‍ ആവര്‍ത്തിച്ചു.
ഇടക്കാല സര്‍ക്കാര്‍ അവാമി ലീഗിന് ഏര്‍പ്പെടുത്തിയ നിരോധനം ഭയത്തിന്റെ അടിസ്ഥാനത്തിലുള്ള താത്ക്കാലിക അധികാരപ്രയോഗം മാത്രമാണെന്ന് ഹസീന വിമര്‍ശിച്ചു. തോക്കിന്റെ കരുത്തില്‍ രൂപം കൊണ്ട പാര്‍ട്ടിയല്ല അവാമി ലീഗെന്നും ജനങ്ങളില്‍ നിന്നുയര്‍ന്ന പാര്‍ട്ടിയാണെന്നും ചരിത്രം തെളിയിക്കുന്നത് ഓരോ തിരിച്ചടിക്കും ശേഷം പാര്‍ട്ടി കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്നാണെന്നും അവര്‍ പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ ഷെയ്ഖ് ഹസീന ഇല്ലാത്ത അവാമി ലീഗ് എന്ന ആശയം മുന്നോട്ടുവയ്ക്കുന്നവരെയും അവര്‍ തള്ളി. പാര്‍ട്ടി നേതൃത്വം ആശയപരമായ പ്രവര്‍ത്തകരും ആഭ്യന്തര ജനാധിപത്യ സംവിധാനങ്ങളുമാണ് തീരുമാനിക്കുന്നതെന്നും ഗൂഢാലോചനക്കാരുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്നും ഹസീന വ്യക്തമാക്കി.
രാജ്യം വിട്ടുപോയ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കും ഹസീന മറുപടി നല്‍കി. അവര്‍ സ്വമേധയാ രാജ്യം വിട്ടതല്ലെന്നും മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സര്‍ക്കാര്‍ രാഷ്ട്രീയ നിശ്ശബ്ദ വംശഹത്യ നടത്തുകയാണെന്നും അവര്‍ ആരോപിച്ചു.
ഏകദേശം 600 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ഒന്നര ലക്ഷം പേരെ വ്യാജ കേസുകളില്‍ അറസ്റ്റ് ചെയ്തതായും വിമോചനസമര അനുകൂലികളായ ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയതായും ഹസീന ആരോപിച്ചു. പ്രവാസത്തിലുള്ള നേതാക്കള്‍ അന്താരാഷ്ട്ര തലത്തില്‍ പിന്തുണ സമാഹരിക്കുകയാണെന്നും സുരക്ഷ ഉറപ്പായാല്‍ അവര്‍ തിരിച്ചെത്തുമെന്നും അവര്‍ പറഞ്ഞു.
2008 മുതല്‍ നാല് തവണ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബംഗ്ലാദേശിന്റെ ദേശീയ ബജറ്റ് 70,000 കോടി ടാക്കയില്‍ നിന്ന് 7.97 ലക്ഷം കോടി ടാക്കയായി ഉയര്‍ന്നതായും പ്രതിവ്യക്തി വരുമാനം 482 ഡോളറില്‍ നിന്ന് 2,784 ഡോളറായി വര്‍ധിച്ചതായും ഹസീന ചൂണ്ടിക്കാട്ടി. പദ്മാ പാലം പോലുള്ള വന്‍ പദ്ധതികള്‍ ഈ കാലഘട്ടത്തിലാണ് യാഥാര്‍ഥ്യമായതെന്നും അവര്‍ പറഞ്ഞു.
അതേസമയം മുഹമ്മദ് യൂനുസ് നയിച്ച ഇടക്കാല ഭരണവും പിന്നീട് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ നേതൃത്വത്തിലുള്ള സര്‍ക്കാരും സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചുവെന്നാണ് ഹസീനയുടെ ആരോപണം.
വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഇടയാക്കിയ ജനക്കൂട്ട ആക്രമണങ്ങള്‍, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിദേശ നിക്ഷേപം, വന്‍തോതിലുള്ള കടമെടുപ്പ് എന്നിവ രാജ്യത്തെ ഗുരുതര പ്രതിസന്ധിയിലേക്ക് നയിച്ചുവെന്നും അവര്‍ ആരോപിച്ചു. വൈദ്യുതി, എണ്ണ, വാതകം, രാസവളങ്ങള്‍ എന്നിവയുടെ ക്ഷാമവും വിലക്കയറ്റവും രൂക്ഷമായതായി ഹസീന പറഞ്ഞു.
ബംഗ്ലാദേശിന്റെ വിദേശനയത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചും ഹസീന ആശങ്ക പ്രകടിപ്പിച്ചു. എല്ലാവരോടും സൗഹൃദം, ആരോടും വൈരമില്ല എന്ന ഭരണഘടനാ നിലപാട് അവാമി ലീഗ് തുടരുന്നുവെന്ന് അവര്‍ പറഞ്ഞു.
അതേസമയം യൂനുസ് ഭരണവും ബി എന്‍ പിയും ഇന്ത്യ വിരുദ്ധ വികാരം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ഹസീന ആരോപിച്ചു.
2001- 2006 കാലത്തെ ബി എന്‍ പി- ജമാഅത്ത് ഭരണകാലത്ത് ബംഗ്ലാദേശ് തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രമായി മാറിയ സാഹചര്യം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നുവെന്നും അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തമാകുകയാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
2024 ഓഗസ്റ്റിന് ശേഷം ശിക്ഷിക്കപ്പെട്ട പ്രമുഖ തീവ്രവാദികളെ ജയിലില്‍ നിന്ന് മോചിപ്പിച്ചതായും തീവ്രവാദ ബന്ധമുള്ള ചിലര്‍ പാര്‍ലമെന്റിലെത്തിയതായും ഹസീന ആരോപിച്ചു. ഇത് പ്രാദേശിക സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
