കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ മാത്രം, ​ഗതാ​ഗത മന്ത്രി വിളിച്ച യോ​ഗം നാളെ

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ മാത്രം, ​ഗതാ​ഗത മന്ത്രി വിളിച്ച യോ​ഗം നാളെ


തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചത് നടപ്പാക്കുന്നതിനായി ​ഗതാ​ഗത മന്ത്രി വിളിച്ചുുചേർത്ത ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗം നാളെ നടക്കും. ഓർ‌ഡിനറി, ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് നിലവിൽ സർക്കാർ ആലോചിക്കുന്നതെന്നാണ് വിവരം. ഇക്കാര്യത്തിൽ എതിർപ്പുള്ള സ്വകാര്യ ബസുടമകൾ അടക്കമുള്ളവരുമായി ചർച്ച നടത്തും. 

യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ​ഗ്യാരന്റി ജൂ​ൺ 15 മുതൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഏതൊക്കെ ബസിൽ, എത്ര ദൂരം, നടപ്പാക്കുമ്പാൾ സ്വീകരിക്കേണ്ട നടപടികൾ, ജില്ലകൾക്ക് പുറത്തേക്ക് സൗജന്യമുണ്ടോ, ഏതൊക്കെ പ്രായക്കാർക്ക് തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ​ഗതാ​ഗതമന്ത്രി സി.പി.ജോണിന്റെ നേതൃത്വത്തിൽ നാളെ യോ​ഗം ചേരുന്നത്. വകുപ്പിന്റെ ചുമതലയേറ്റെടുത്തതിന് ശേഷം ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാമെന്ന് മന്ത്രി സി.പി.ജോൺ പറഞ്ഞു. 

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുന്നത് മുടങ്ങുന്ന സാഹചര്യത്തിൽ സർക്കാർ പ്രതിമാസം കോടികൾ നൽകിയാണ് മുന്നോട്ടുകൊണ്ടു പൊയ്ക്കോണ്ടിരുന്നത്. ഇതിനു പുറമേ സ്ത്രീകൾക്കുള്ള സൗജന്യത്തിനായി കൂടുതൽ തുക നൽകേണ്ടിവരുമെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. ഇക്കാര്യങ്ങൾ പരിശോധിച്ച് പദ്ധതി രേഖയുണ്ടാക്കാനാണ് നാളത്തെ യോ​ഗത്തിന്റെ ശ്രമം. 

കെ.എസ്.ആർ.ടി.സിയുടെ നിലവിലുള്ള വരുമാനത്തിൽ ഭൂരിഭാ​ഗവും സ്ത്രീ യാത്രക്കാരുടെ ടിക്കറ്റ് വരുമാനമായതിനാൽ അതിന്മേലുള്ള നഷ്ടം സർക്കാർ സൗജന്യമായി നൽകേണ്ടിവരും. 12 ലക്ഷത്തോളം സ്ത്രീ യാത്രക്കാർ പ്രദിദിനം യാത്രചെയ്യുന്നുണ്ടെന്നാണ് കണക്ക്. അങ്ങനെയെങ്കിൽ പ്രതിമാസം 60 കോടി സർക്കാർ സബ്സിഡിയായി കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ടി വരും. പദ്ധതി നടപ്പാക്കിയ കർണാടകയിൽ എ.സി, സ്ലീപ്പർ, എക്സ്പ്രസ് ബസുകളിൽ സൗജന്യമില്ല. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ആനുകുല്യം ലഭിക്കുന്നത്.