ഒട്ടാവ: ഇന്ധന- ഊര്‍ജവില വര്‍ധനവിനെ തുടര്‍ന്ന് കാനഡയിലെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ 2.8 ശതമാനമായി ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ അറിയിച്ചു. പെട്രോള്‍ വില കുതിച്ചുയര്‍ന്നതാണ് പണപ്പെരുപ്പം ഉയരാന്‍ പ്രധാനമായും കാരണമായത്.
ഏപ്രിലില്‍ ഊര്‍ജവില വാര്‍ഷികാടിസ്ഥാനത്തില്‍ 19.2 ശതമാനം വര്‍ധിച്ചു. മാര്‍ച്ചില്‍ ഇത് 3.9 ശതമാനമായിരുന്നു. പ്രത്യേകിച്ച് പെട്രോള്‍ വില 28.6 ശതമാനമാണ് ഉയര്‍ന്നത്.
ഹോര്‍മുസ് കടലിടുക്കിലെ വിതരണ പ്രതിസന്ധിയും വേനല്‍ക്കാലത്തിനായുള്ള കൂടുതല്‍ ചെലവേറിയ പെട്രോള്‍ മിശ്രിതത്തിലേക്കുള്ള മാറ്റവുമാണ് പെട്രോള്‍ വില വര്‍ധനയ്ക്ക് പ്രധാന കാരണങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യു എസ്- ഇസ്രായേല്‍- ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടസപ്പെട്ടത് ആഗോളതലത്തില്‍ ഊര്‍ജവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.
അതേസമയം, ഫെഡറല്‍ സര്‍ക്കാര്‍ ഇന്ധന എക്‌സൈസ് നികുതി മാസത്തിന്റെ മധ്യത്തില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചത് ഏപ്രിലിലെ വിലവര്‍ധനയുടെ ആഘാതം കുറയ്ക്കാന്‍ സഹായിച്ചതായും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വ്യക്തമാക്കി.
മാര്‍ച്ചില്‍ പണപ്പെരുപ്പം 2.4 ശതമാനമായി ഉയരാന്‍ കാരണമായത് ഊര്‍ജവില വര്‍ധനയായിരുന്നു.
വാടക നിരക്കുകള്‍ രാജ്യവ്യാപകമായി ഉയര്‍ന്നെങ്കിലും വളര്‍ച്ചയുടെ വേഗം കുറഞ്ഞു. മാര്‍ച്ചിലെ 4.2 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ വാടക വര്‍ധന 3.6 ശതമാനമായി കുറഞ്ഞു. ബ്രിട്ടീഷ് കൊളംബിയയില്‍ വാടകവിലയില്‍ വര്‍ധന രേഖപ്പെടുത്തിയില്ല.
ഭക്ഷ്യപണപ്പെരുപ്പവും കുറവായി. മാര്‍ച്ചിലെ നാല് ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 3.5 ശതമാനമായി താഴ്ന്നു. കോഴിയിറച്ചി, പച്ചക്കറികള്‍, കാപ്പി, ചായ തുടങ്ങിയവയുടെ വില വര്‍ധനയുടെ വേഗം കുറഞ്ഞതാണ് ഇതിന് കാരണം.
വസ്ത്ര-പാദരക്ഷാ വിലകള്‍ ഏപ്രിലില്‍ രണ്ട് ശതമാനം ഉയര്‍ന്നു. മാര്‍ച്ചില്‍ ഇവ 0.4 ശതമാനം കുറഞ്ഞിരുന്നു.
ടൂര്‍ യാത്രകളുടെ ചെലവ് ഏപ്രിലില്‍ 11 ശതമാനം കുറഞ്ഞു. മുന്‍മാസത്തില്‍ ഇത് 11.5 ശതമാനം ഉയര്‍ന്നിരുന്നു.
ഇതിനിടെ, ഇന്ധനവും ഭക്ഷണവും പോലുള്ള അതിവേഗ വിലമാറ്റം നേരിടുന്ന ഘടകങ്ങള്‍ ഒഴിവാക്കി കണക്കാക്കുന്ന കോര്‍ ഇന്‍ഫ്‌ളേഷന്‍ നിരക്ക് താരതമ്യേന വളരെ മന്ദഗതിയിലാണെന്ന് ബി എം ഒയുടെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ഡഗ് പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടി.
പെട്രോള്‍ പമ്പുകളിലെ ആഘാതം ഒഴിവാക്കിയാല്‍ ഈ റിപ്പോര്‍ട്ട് പൊതുവെ മൃദുവായ പ്രവണതയാണ് കാണിക്കുന്നതെന്നും വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതും ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതുമില്ലെങ്കില്‍ പണപ്പെരുപ്പം വളരെ കുറവായേനേയെന്നും അദ്ദേഹം നിക്ഷേപകര്‍ക്കുള്ള കുറിപ്പില്‍ പറഞ്ഞു.
ഊര്‍ജവില ഉയരുന്നത് ഉപഭോക്താക്കളെ ചെലവിടല്‍ കുറച്ച് പണം സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും അതുവഴി മറ്റ് മേഖലകളില്‍ പണപ്പെരുപ്പ സമ്മര്‍ദം കുറയുന്നുണ്ടാകാമെന്നും അദ്ദേഹം വിലയിരുത്തി.
